‘ബാലചന്ദ്രകുമാറിനെ അറിയാമെന്ന് ബിഷപ്പ്’; വധഗൂഢാലോചനാ കേസിൽ നെയ്യാറ്റിൻകര ബിഷപ്പിന്റെ മൊഴി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ദിലീപ് ഗുൂഢാലോചന നടത്തിയെന്ന കേസിൽ നെയ്യാറ്റിൻകര ബിഷപ്പിന്റെ മൊഴിയെടുത്തു. നെയ്യാറ്റിൻകര ബിഷപ്പ് ഡോ.വിൻസന്റ് സാമുവലിന്റെ മൊഴിയാണ് ക്രൈം ബ്രാഞ്ച് സംഘം രേഖപ്പെടുത്തിയത്. ബാലചന്ദ്രകുമാറിനെ അറിയാമെന്ന് സമ്മതിച്ച ബിഷപ്പ് എന്നാൽ ജാമ്യം ലഭിക്കാൻ താൻ ഇടപെട്ടില്ലെന്ന് ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. കോട്ടയത്തുവെച്ചായിരുന്നു ബിഷപ്പ് ഡോ.വിൻസന്റ് സാമുവലിന്റെ മൊഴിയെടുപ്പ്. ബിഷപ്പിന്റെ മൊഴി ക്രൈം ബ്രാഞ്ച് വിശദമായി പരിശോധിക്കുകയാണ്.

നടി അക്രമിക്കപ്പെട്ട കേസിൽ തന്റെ ജാമ്യത്തിന് വേണ്ടി നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടുത്തിച്ചുവെന്നും ഇത് പണം വേണമെന്നും ആവശ്യപ്പെട്ട് ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയെന്നാണ് ദിലീപ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആരോപിച്ചത്. ഇതിനായി വൈദികനായ വിക്ടറും ഒരുമിച്ച് ബാലചന്ദ്രകുമാർ വീട്ടിൽ വന്നു കണ്ടു. പണം നൽകാതെ വന്നതോടെ ശത്രുതയായെന്നുമായിരുന്നു ദിലീപിന്റെ സത്യവാങ്മൂലം. ഈ അരോപണത്തിന്റെ നിജസ്ഥിതി മനസിലാക്കുന്നതിന് വേണ്ടിയാണ് നെയ്യാറ്റിൻകര ബിഷപ്പിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താൻ അന്വേഷണ സംഘം തീരുമാനിച്ചത്.

Loading...