യുകെയില്‍ കൊല്ലപ്പെട്ട അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

ലണ്ടന്‍: മലയാളി നേഴ്‌സ് അഞ്ജുവിന്റേയും മക്കളുടേയും മൃതദേഹങ്ങള്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചു. ഇവിടെ നിന്ന് വൈക്കത്തെ ഇത്തിപ്പുഴയിലുള്ള വീട്ടിലേക്ക് കൊണ്ടുപോവും. അവിടെ പൊതുദര്‍ശനത്തിന് വെക്കും. യുകെയില്‍ കഴിഞ്ഞ ഡിസംബര്‍ 14 നാണ് നോര്‍ത്താംപ്ടണ്‍ഷയറിലെ കെറ്ററിംഗിലെ വസതിയില്‍ അഞ്ജുവിനേയും (40) മക്കളായ ജീവ (6), ജാന്‍വി (4) എന്നിവരെയും ഭര്‍ത്താവ് സാജു കൊലപ്പെടുത്തിയത്. പ്രദേശത്തെ മലയാളികള്‍ ചേര്‍ന്നാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് വേണ്ടി വന്ന 28 ലക്ഷത്തോളം രൂപ പിരിച്ചെടുത്തത്.

കേസില്‍ പ്രതിയായ അഞ്ജുവിന്റെ ഭര്‍ത്താവ് സാജുവിന് പരമാവധി ശിക്ഷ നല്‍കണം എന്ന് അഞ്ജുവിന്റെ പിതാവ് പറഞ്ഞു. സുഹൃത്തുക്കളും ബന്ധുക്കളും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സാധിക്കാതെവന്നതോടെ സംശയം തോന്നിയ സുഹൃത്തുക്കള്‍ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. വീട് ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി വീട് തുറന്നപ്പോള്‍ അഞ്ജുവും മക്കളും ചോരയില്‍ കുളിച്ചു കിടക്കുന്നതായി കാണപ്പെടുകയുമായിരുന്നു. അഞ്ജു മരിച്ച നിലയിലായിരുന്നു.

Loading...

ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹത്തില്‍ വരഞ്ഞ് മുറിവുകളുണ്ടാക്കുകയായിരുന്നുവെന്ന് കണ്ടെത്തി. സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവ് കണ്ണൂര്‍ പടിയൂര്‍ കൊമ്പന്‍പാറ സ്വദേശി ചെലേവാലന്‍ സാജു(52) വിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.