ഹോട്ടൽ മുറിയിലെ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്; പിന്നീട് യുവാവും ജീവനൊടുക്കി

തൃശൂർ: ഹോട്ടലിലെ മുറിയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പുതിയ വഴിത്തിരിവിലേക്ക്. യുവതിയുടെ മരണം കൊലപാതകമാണെന്നാണ് പോലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. യുവതി ബന്ധത്തിൽ നിന്നും പിന്മാറുമോ എന്നുള്ള സംശയമാണ് യുവാവിനെ കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. മദ്യം കൊടുത്ത ശേഷം, കഴുത്ത് ഞെരിച്ച് യുവതിയെ കൊലപ്പെടുത്തിയ ശേഷം
പിന്നീട് യുവാവും ജീവനൊടുക്കുകയായിരുന്നു. പാലക്കാട് മേലാർകോട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടിൽ ഗിരിദാസും (39) തൃശ്ശൂർ കല്ലൂർ പാലയ്ക്കപ്പറമ്പ് അത്താണിക്കുഴി വീട്ടിൽ രസ്മയും (31) ആണ് തൃശൂരിലെ ഹോട്ടൽ മുറിയിൽ മരിച്ചത്. വിവാഹ മോചിതയാണ് രസ്മ.

ആറ് വയസ്സുള്ള കുട്ടിയുണ്ട്. ഇവരുടെ വല്യച്ഛന്റെ മകന്റെ സുഹൃത്താണ് ഗിരിദാസ്. അടുത്തിടെയാണ് ഇരുവരും തമ്മിൽ അടുപ്പത്തിലായത്. ഇരുവരുടേയും വിവാഹം ഉറപ്പിക്കാൻ വീട്ടുകാരും തീരുമാനിച്ചതാണ്. അമ്മയുടെ സഹോദരിയുടെ വീട്ടിൽ പോകാനാണെന്ന് പറഞ്ഞാണ് രസ്മ വീട്ടിൽ നിന്ന് പോയത്. ഹോട്ടലിൽ മുറിയെടുത്ത ഇരുവരും പുറത്ത് പോയിരുന്നു. ബുധനാഴ്ച രാത്രി മുറിയിൽ തിരിച്ചെത്തി. ഇതിന് പിന്നാലെയാണ്, ഇയാൾ യുവതിയെ കൊലപ്പെടുത്തിയത് എന്നാണ് വിവരം. കട്ടിലിൽ മരിച്ചനിലയിലാണ് രസ്മയെ കണ്ടെത്തിയത്. ഗിരിദാസ് മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു.

Loading...