ബസിൽ നിന്ന് ഡീസൽ മോഷണം ; കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് കെഎസ്ആർടിസി ബസിൽ നിന്നും ഡീസൽ മോഷ്ടിച്ച ഡ്രൈവർ അറസ്റ്റിൽ. കിളികൊല്ലൂർ സ്വദേശി സലീമിനെയാണ് കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. പത്ത് ലിറ്റർ ഡീസൽ ഇയാൾ ബസിൽ നിന്ന് മോഷ്ടിച്ചു. ബസിൽ നിന്ന് സലീം ഡീസൽ മോഷ്ടിക്കുന്നത് കണ്ട സഹപ്രവർത്തകനാണ് മേൽ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫീസറുടെ പാരതിയിലാണ് കൊല്ലം ഈസ്റ്റ് പോലീസാണ് കേസെടുത്തത്.

കെഎസ്ആർടിസിയിൽ ശമ്പളം വൈകുന്നതിൽ ജീവനക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഒരാഴച്ച മുൻപ് കിഴക്കേക്കോട്ട സിറ്റി ഡിപ്പോയിലെ ഡ്രൈവർ ജി. സജികുമാർ സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ജീവനൊടുക്കിയിരുന്നു. ശബരിമല സീസണിൽ സജികുമാറിനെ ഒരു മാസത്തോളം പമ്പ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. കഴിഞ്ഞ മാസം30 നാണു തിരികെ എത്തിയത്. ശബരിമല സ്പെഷ്യൽ ഡ്യൂട്ടിയുടെ ശമ്പളം സജികുമാറിന് ലഭിച്ചിരുന്നില്ല.

Loading...

അറ്റൻഡൻസ് രജിസ്റ്ററിലെ വിവരങ്ങൾ ഹെഡ് ഓഫീസിലേക്കയച്ചതിലെ പിഴവുമൂലം നവംബർ മാസത്തിലെ ശമ്പളവും സജികുമാറിന് ലഭിച്ചിട്ടില്ല. രണ്ടു മാസത്തെ ശമ്പളം ലഭിക്കാതെ വന്നതോടെ കടുത്ത നിരാശയിലും സാമ്പത്തിക പ്രതിസന്ധിയിലുമായിരുന്നു സജികുമാർ. ഇതാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചത്.