സ്ത്രീധന പീഡനം; യുവതിയെയും കുട്ടിയെയും വീട്ടില്‍ നിന്നും ഇറക്കിവിട്ടു

കൊല്ലം. കൂടുതല്‍ സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ കൊല്ലം തഴുത്തലയില്‍ അമ്മയെയും മകനെയും ഭര്‍തൃവീട്ടുകാര്‍ ഇറക്കിവിട്ടതായി പരാതി. തഴുത്തല സ്വദേശിനി അതുല്യ, അഞ്ചു വയസ്സുകാരനായ മകന്‍ എന്നിവരെയാണ് വീട്ടുകാര്‍ പുറത്താക്കിയത്. സ്‌കൂളില്‍ നിന്നും വന്ന കുട്ടിയ കൂട്ടുവാന്‍ അതുല്യ വീടിന് പുറത്തിറങ്ങിയപ്പോള്‍ വീട് പൂട്ടുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ ഇടപെട്ടാണ് അതുല്യയെയും കുട്ടിയെയും സിറ്റൗട്ടില്‍ ഇരുത്തിയത്. ഇവര്‍ രാത്രി കഴിച്ചുകൂട്ടിയത് സിറ്റൗട്ടിലാണ്.

സ്ത്രീധനത്തിന്റെ പേരില്‍ നടക്കുന്ന പീഡനത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ സംഭവിച്ചതെന്ന് അതുല്യ പറയുന്നു. അതേസമയം അതുല്യ പോലീസില്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയും പോലീസ് സ്വീകരിച്ചില്ല. തുടര്‍ന്ന് പോലീസും നാട്ടുകാരും തമ്മില്‍ തര്‍ക്കം ഉണ്ടായി. മകനെ വിളിക്കുവാന്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ വീടിന്റെ ഗേറ്റ് പൂട്ടിയതായി അതുല്യ പറയുന്നു. പോലീസില്‍ വിവരം അറിയിച്ചതിന് പുറമേ കമ്മിഷണറെയും വനിത സെല്ലിലും ചില്‍ഡ്രന്‍സ് വെല്‍ഫയറിലും വിവരം അറിയിച്ചു എന്നാല്‍ ഇതില്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

Loading...

വീട് തുറക്കാതെ വന്നതോടെ രാത്രി 11 വരെ മോനുമൊത്ത് വീടിന്റെ മുന്നില്‍ നിന്നു. അതിന് ശേഷം നാട്ടുകാരുടെ സഹായത്തോടെ മതില്‍ കടന്ന് വീടിന്റെ സിറ്റൗട്ടില്‍ ഇരുന്നുവെന്നും അതുല്യ പറയുന്നു.വിവാഹത്തിന് ശേഷം നിരന്തരമായി സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചതായും. കാര്‍ വേണം എന്ന് പറഞ്ഞ് ദിവസങ്ങളോളം ഉപദ്രവിച്ചതായും. ഇതേ അവസ്ഥ തന്നെയാണ് മൂത്ത ചേട്ടത്തിക്കും സംഭവിച്ചതെന്നും അതുല്യ പറയുന്നു.

തന്റെ സ്വര്‍ണവും പണവും ഉപയോഗിച്ചാണ് ഈ വീട് വെച്ചത്. അത് വിട്ടുതരുവാനുള്ള മടിയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് തോന്നുന്നു. മകന്റെ പഠനസമയം ആകുമ്പോള്‍ വീട് എഴുത്തരാം എന്നാണ് പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തില്‍ മോനെ ഇവിടെ അടുത്ത സ്‌കൂളില്‍ ചേര്‍ത്തു. പക്ഷേ ഇവിടെ താമസിക്കുവാന്‍ പറ്റില്ലെന്ന് പറഞ്ഞ് വന്നത് മുതല്‍ പ്രശ്‌നങ്ങളാണ്. ഈ വീടും വസ്തുവും മറ്റാരുടെയോ പേരില്‍ എഴുതിവെച്ചിരിക്കുന്നുവെന്നാണ് അറിഞ്ഞതെന്നും അതുല്യ പറയുന്നു.