മാരന്‍ സഹോദരങ്ങളുടെ 742 കോടി ആസ്തിയുള്ള സ്വത്തുക്കള്‍ കണ്ടു കെട്ടി

ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്സിസ് തട്ടിപ്പുകേസില്‍പ്രതികളായ മുന്‍ കേന്ദ്ര ടെലികോം മന്ത്രി ധയാനിധി മാരന്‍െറയും സഹോദരന്‍ കലാനിധി മാരന്‍െറയും 742 കോടി ആസ്തിയുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എയര്‍സെല്‍ കമ്പനിയുടെ ഓഹരികള്‍ മലേഷ്യ ആസ്ഥാനമായ മാക്സിസിന് കൈമാറാന്‍ ചെന്നൈയിലെ പ്രൊമോട്ടര്‍ സി. ശിവശങ്കരന് മേല്‍ കേന്ദ്രമന്ത്രിയായിരുന്ന ദയാനിധി മാരന്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് കേസ്.

ദയാനിധിമാരനും സഹോദരന്‍ കലാനിധിമാരനുമുള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 151പ്രോസിക്യൂഷന്‍ സാക്ഷികള്‍, 655 രേഖകള്‍ എന്നിവയടങ്ങുന്നതായിരുന്നു കുറ്റപത്രം.

Loading...

2006ല്‍ എയര്‍സെല്‍, മലേഷ്യന്‍ ടെലികോം സ്ഥാപനമായ മാക്സിസ് എറ്റെടുത്തതിലെ ക്രമക്കേടുകളെക്കുറിച്ചാണ് സി.ബി.ഐ അന്വേഷിക്കുന്നത്. കുറ്റകരമായ ഗൂഢാലോചന, അഴിമതി നിരോധനനിയമം എന്നിവയിലെ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.

2006ല്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ച കേസില്‍ 2014 ആഗസ്റ്റിലാണ് പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മലേഷ്യന്‍ വ്യാപാര പ്രമുഖന്‍ ടി. ആനന്ദ കൃഷ്ണന്‍, മലേഷ്യന്‍ പൗരനായ അഗസ്റ്റസ് റാല്‍ഫ് മാര്‍ഷല്‍, സണ്‍ ഡയറക്ട് ടി.വി ലിമിറ്റഡ്, മാക്സിസ് കമ്യൂണിക്കേഷന്‍ ബര്‍ഹദ്, അസ്ട്രോ ഓള്‍ ഏഷ്യ നെറ്റ്വര്‍ക്ക് പി.എല്‍.സി, സൗത്ത് ഏഷ്യ എന്‍റര്‍ടെയ്ന്‍മെന്‍റ് ഹോള്‍ഡിങ് ലിമിറ്റഡ് എന്നീ നാലു സ്ഥാപനങ്ങളുമാണ് പ്രതിപ്പട്ടികയിലുള്ളത്.