ചളിങ്ങാട്ട് ആന പാപ്പാനെ കുത്തിക്കൊന്നു

കയ്പമംഗലം : ചളിങ്ങാട് ശ്രീ മഹാവിഷ്ണു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ആന ഇടഞ്ഞ് പാപ്പാനെ കുത്തിക്കൊന്നു. ഒന്നാം പാപ്പാന്‍‌ പാലക്കാട് കിനാശ്ശേരി പൂക്കോട്ട്കാവ്‌ പൂവ്വത്തിങ്കല്‍ ശിവശങ്കരന്‍ (64) ആണ് മരിച്ചത്.

ഇന്ന്‍ രാവിലെ 11.30ടെയായിരുന്നു സംഭവം. മുള്ളത്ത് വിജയകൃഷ്ണന്‍ എന്ന ആനയാണ് ഇടഞ്ഞത്. ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് രാവിലെ നടന്ന 3 ആനകളോട് കൂടിയുള്ള ശീവേലി എഴുന്നള്ളിപ്പ് കഴിഞ്ഞ് കോലം ഇറക്കി വെക്കുന്നതിനായി ക്ഷേത്രനടയിലേക്ക് കൊണ്ടുവന്ന ആന പാപ്പാനെ തുമ്പികൈ കൊണ്ട് തട്ടിയിട്ട് കൊമ്പുകൊണ്ട് കുത്തുകയായിരുന്നു. കഴുത്തിനും വയറിനും കുത്തേറ്റ പാപ്പാനെ ആദ്യം മൂന്നുപീടികയിലെ ഗാര്‍ഡിയന്‍ ആശുപത്രിയിലും തുടര്‍ന്ന്‍ തൃശ്ശൂരിലെ ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരുമണിയോടെ മരിച്ചു.

Loading...

ആന ഇടഞ്ഞതിനെ തുടര്‍ന്ന്‍ ക്ഷേത്രത്തിന് അകത്തും പുറത്തും ഉണ്ടായിരുന്ന ജനങ്ങള്‍ ചിതറി ഓടി. മറ്റു രണ്ട് ആനകളെ ഉടന്‍ തന്നെ തൊട്ടടുത്ത പറമ്പുകളിലേക്ക് മാറ്റി. ഇടഞ്ഞ ആനയുടെ മുകളില്‍ കോലം പിടിച്ചിരുന്ന മതിലകം സ്വദേശി ഐനിക്കല്‍ ദിലീപ് 15 മിനിറ്റിന് ശേഷം മരത്തിന് മുകളില്‍ ചാടികയറി അത്ഭുതകരമായി രക്ഷപ്പെട്ടു.

പിന്നീട് ക്ഷേത്ര വളപ്പില്‍ ഓടി നടന്ന ആന ക്ഷേത്രത്തിന്‍റെ മേല്‍ക്കൂരയും, ഊട്ട്പുരയും ക്ഷേത്രവളപ്പില്‍ ഉണ്ടായിരുന്ന ഓട്ടോറിക്ഷയും ഇരുചക്ര വാഹനങ്ങളും തകര്‍ത്തു. ക്ഷേത്ര പറമ്പിലെ ഫലവൃക്ഷങ്ങളും പിഴുത് എറിഞ്ഞു. 1 1/2 മണിക്കൂറോളം പരിഭ്രാന്തി പരത്തിയ ആനയെ തൃശൂരില്‍ നിന്നുള്ള എലിഫെന്റ് സ്ക്വാഡ് എത്തിയാണ് തളച്ചത്. സംഭവത്തെ തുടര്‍ന്ന്‍ ആഘോഷ ചടങ്ങുകള്‍ നിര്‍ത്തിവെച്ചു. മതിലകം പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.