നടിയുടെ ദൃശ്യങ്ങൾ ചോർന്നെന്ന ആരോപണം; അന്വേഷണം ആരംഭിച്ചു

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ചോർന്നെന്ന സംഭവത്തിൽ ഹൈക്കോടതി വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു. വിജിലൻസ് രജിസ്ട്രാറുടെ നിർദേശപ്രകാരം ഡിവൈ.എസ്.പി ജോസഫ് സാജുവിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യപ്രകാരമാണ് തീരുമാനം. രണ്ട് ദിവസം മുമ്പാണ് അന്വേഷണത്തിനുള്ള ഉത്തരവ് വിജിലൻസ് രജിസ്ട്രാർ പുറത്തിറക്കിയത്. എറണാകുളം ജില്ലാ കോടതിയിൽ നിന്ന് ദൃശ്യങ്ങൾ ചോർന്നെന്നാണ് ആരോപണം ഉയർന്നത്. കോടതിയുടെ പരിധിയിൽ ഇരിക്കേ ദൃശ്യം ചോർന്നു എന്നുള്ളതാണ് ഗുരുതര ആരോപണം.

ഈ വിഷയത്തിലാണ് കോടതി അടിയന്തരമായി അന്വേഷണത്തിന് ഉത്തരവിട്ടത്. ദൃശ്യങ്ങൾ വിദേശത്തുള്ള പലരുടെയും പക്കലുണ്ടെന്നും നടി ആരോപണം ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടി പ്രധാനമന്ത്രി, മുഖ്യമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക് കത്ത് നൽകിയിരുന്നു.അതേസമയം, അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധഗൂഢാലോചന കേസിൽ, എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ആരോപണങ്ങൾ തെളിയിക്കാനാനുള്ള തെളിവുകളില്ലെന്നാണ് ദിലീപിന്റെ വാദം. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്.ഐ.ആർ നിലനിൽക്കില്ലെന്നും പ്രതികൾ ഹർജിയിൽ പറയുന്നു. കേസ് റദ്ദാക്കിയില്ലെങ്കിൽ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെടുന്നു.

Loading...