ഇന്‍ഡിഗോ എന്നോട് മാപ്പ് പറഞ്ഞു,നിയമസഭ കയ്യാങ്കളി കേസില്‍ വിധി തിരിച്ചടിയല്ല, അവസരം: ഇ.പി. ജയരാജന്‍

നിയമസഭ കയ്യാങ്കളി കേസിലെ ഹൈക്കോടതിയുടെ വിധി തിരിച്ചടിയല്ലെന്ന് ഇ.പി.ജയരാജന്‍്. ഇത് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനുള്ള അവസരമായി കാണുന്നുവെന്നും നേതാക്കളെ യു.ഡി.എഫ്. എം.എല്‍.എമാര്‍ ആക്രമിച്ചപ്പോള്‍ നോക്കി നില്‍ക്കണമായിരുന്നോവെന്നും ജയരാജന്‍ ചോദിച്ചു.

ഈ കേസ് നിയമപരമായി നേരിടുമെന്നും ജയരാജന്‍ പറഞ്ഞു. സി.പി.ഐ. സമ്മേളനത്തില്‍ ഉണ്ടാവുന്ന പല വിമര്‍ശനങ്ങള്‍ക്കും മറുപടി അര്‍ഹിക്കുന്നില്ല. യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതില്‍ ഇന്‍ഡിഗോ മാപ്പ് പറഞ്ഞെന്നും ഇ.പി.ജയരാജന്‍ ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

Loading...

അതേസമയം, നിയമസഭാ കൈയാങ്കളി കേസ് സ്റ്റേ ചെയ്യാനാവില്ലെന്നാണ് ഹൈക്കോടതി വിധി. ഹാജരാകുന്നത് ഒഴിവാക്കണമെന്ന ആവശ്യം കോടതി നിരസിച്ചു. 14ന് പ്രതികള്‍ വിചാരണ കോടതിയില്‍ ഹാജരാകണം. മന്ത്രി വി.ശിവന്‍കുട്ടി, ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍ അടക്കം ആറു പ്രതികളാണുള്ളത്.

കുറ്റപത്രം വായിക്കുന്നത് നീട്ടിവയ്ക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് കേസ് മാറ്റിവയ്ക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി.ശിവന്‍കുട്ടിയും മറ്റ് പ്രതികളുമാണ് കോടതിയെ സമീപിച്ചത്.

പ്രധാന തെളിവായ ദൃശ്യങ്ങളുടെ ആധികാരികതെയ ചോദ്യം ചെയ്ത പ്രതികള്‍ കേസ് കെട്ടിച്ചമച്ചതാണെന്നും ചില നേതാക്കളെ മാത്രം തിരഞ്ഞു പിടിച്ച് പ്രതിയാക്കിയതാണെന്നും ഹര്‍ജികളില്‍ ആരോപിച്ചു.

എന്നാല്‍ മാതൃകയാകേണ്ട ജനപ്രതിനിധികളില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തികളാണ് നിയമസഭയില്‍ നടന്നതെന്നും പ്രതികള്‍ വിചാരണ നേരിടാനുമായിരുന്നു വിടുതല്‍ ഹര്‍ജികള്‍ തള്ളിയുള്ള സിജെഎമ്മിന്റെ ഉത്തരവ്.