രോഗിയായ അമ്മയെ രക്ഷിക്കാന്‍ അച്‌ഛന്‍ മകനെ വിറ്റു

മാല്‍കങ്കിരി: സമ്പത്തുള്ളവര്‍ പണം എന്തു ചെയ-ണം എന്നറിയാതെ വിഷമിക്കുന്ന ഈ കാലത്തു തന്റെ രോഗിയായ ഭാര്യക്കു മരുന്നുവാങ്ങാന്‍ പണമില്ലാതെ ആദിവാസി യുവാവ്‌ തന്റെ പൊന്നോമന മകനെ 700 രൂപയ്ക്കു വിറ്റു. ചിറ്റപ്പള്ളി-2 ഗ്രാമത്തിലെ സുകുര മുഡുലിയും ഭാര്യ ധുമുസി മുഡുലിയുമാണ് കുഞ്ഞിനെ അയല്‍ ഗ്രാമമായ ചിറ്റപ്പള്ളി-3ലെ ‘ആശ’ (അക്രെഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ്) വര്‍ക്കര്‍ക്ക് വിറ്റത്. ഇക്കഴിഞ്ഞ ഫിബ്രവരിയിലായിരുന്നു സംഭവം. എന്നാല്‍, ശനിയാഴ്ചയാണ് ഇക്കാര്യം പുറത്തറിഞ്ഞത്.
മാല്‍കങ്കിരി ജില്ലാ കളക്ടര്‍ ഡി. പ്രശാന്ത് കുമാര്‍ റെഡ്ഡിയുടെ നിര്‍ദേശപ്രകാരം ശിശുക്ഷേമ സമിതി (സി.ഡബ്ല്യു.സി.) നടത്തിയ അന്വേഷണത്തില്‍, ദാരിദ്ര്യം കാരണമാണ് കുഞ്ഞിനെ വിറ്റതെന്ന് വെളിവായി. ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികളായ ബി.പി.എല്‍, ഇന്ദിര ആവാസ് യോജന മുതലായവയിലൊന്നും ഇവരുള്‍പ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന താന്‍ ഭാര്യയ്ക്ക് മരുന്നും 50 കിലോ അരിയും വാങ്ങാനാണ് കുട്ടിയെ വിറ്റതെന്ന് സുകുര സി.ഡബ്ല്യു.സി.ക്ക് മൊഴിനല്‍കി.

സുകുരയ്ക്കും കുടുംബത്തിനും ഇന്ദിര ആവാസ് യോജന പ്രകാരം വീട് നല്‍കാനും ബി.പി.എല്ലിലും മറ്റ് പദ്ധതികളും ഉള്‍പ്പെടുത്താനും നടപടിയെടുത്തതായി ജില്ലാ കളക്ടര്‍ അറിയിച്ചു. കുഞ്ഞിനെ നോക്കാന്‍ സുകുരയ്ക്കും ഭാര്യക്കും ശേഷിയില്ലാത്തതിനാല്‍ ‘ആശ’ വര്‍ക്കറുടെ വീട്ടില്‍തന്നെ ഇപ്പോള്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Loading...