സ്ത്രീകളുടെ സ്വയംഭോഗവും വിവാദങ്ങളും, ഡോക്ടർമാർക്ക് പറയാനുള്ളത്

സോഷ്യൽ മീഡിയയിൽ സ്വയംഭോഗത്തെയും രതിമൂർച്ഛയെയും കുറിച്ചുള്ള തുറന്നുപറച്ചിലുകളുമായി ഒട്ടേറെ സ്ത്രീകളാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതിനെ പിന്തുണച്ചും എതിർത്തും ഒട്ടേറെപേരാണ് കമന്റ് ചെയ്യുന്നത്. ഈ ഘട്ടത്തിൽ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ഐഎംഎയുടെ വെബ്സൈറ്റിലാണ് ഈവിഷയത്തിൽ അറിയേണ്ട കാര്യങ്ങളെ കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.

ഐഎംഎയുടെ പോസ്റ്റ് ഇങ്ങനെ

Loading...

സ്ത്രീകളുടെ സ്വയംഭോഗവും, അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും

ശ്രീലക്ഷ്മി അറയ്ക്കല്‍ എന്ന യുവതി ഫേസ്ബുക്കില്‍ എഴുതിയ ഒരു കുറിപ്പ് ഇപ്പോള്‍ വൈറലാണ്. സ്ത്രീകളിലെ സ്വയംഭോഗത്തെപ്പറ്റിയാണ് ഈ പോസ്റ്റില്‍ വിവരിക്കുന്നത്. ശ്രീലക്ഷ്മി സ്വാനുഭവം മുന്‍നിര്‍ത്തി എഴുതിയ കുറിപ്പിനെച്ചൊല്ലി സാമൂഹ്യമാധ്യമങ്ങളില്‍ ഒട്ടേറെ തര്‍ക്കവിതര്‍ക്കങ്ങള്‍ നടക്കുന്നുണ്ട്. രതി എന്നതുപോലെതന്നെ സ്വയംഭോഗവും തികച്ചും വ്യക്തിപരവും വ്യക്ത്യധിഷ്ഠിതവുമായ കാര്യമാണ്. ഒരാള്‍ക്ക് രതിയില്‍ ഏര്‍പ്പെടാനുള്ള സ്വാതന്ത്ര്യം പോലെതന്നെയാണ് സ്വയംഭോഗം ചെയ്യാനുള്ള സ്വാതന്ത്ര്യവും. രതിയെപ്പറ്റി സമൂഹത്തില്‍ പല തെറ്റായ ധാരണകളും നിലനില്‍ക്കുന്നതുപോലെതന്നെ സ്വയംഭോഗത്തെപ്പറ്റിയും തെറ്റിദ്ധാരണകളുണ്ട്. എന്താണ് സ്വയംഭോഗമെന്നും ലൈംഗികാരോഗ്യവും സ്വയംഭോഗവും തമ്മിലുള്ള ബന്ധമെന്തെന്നും പരിശോധിക്കാം.

രണ്ടു മുതല്‍ ആറു വയസ്സുവരെയുള്ള കുട്ടികള്‍ തങ്ങളുടെ ജനനേന്ദ്രിയത്തില്‍ സ്പര്‍ശിക്കുന്നതും അതുപയോഗിച്ച് വിവിധതരത്തില്‍ കളിക്കാന്‍ ശ്രമിക്കുന്നതും വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ സ്വാഭാവികമാണ്. ശരീരത്തിന്റെ ഓരോ ഭാഗത്തും സ്പര്‍ശം നല്‍കുന്ന അനുഭവം കുട്ടികള്‍ അറിഞ്ഞുതുടങ്ങുന്നത് ഇങ്ങിനെയാണ്. ലൈംഗികാവയവത്തിലാകുമ്പോള്‍ അത് ചിലപ്പോള്‍ കുറച്ചുകൂടി രസകരമാകും. സ്വയംഭോഗത്തിന്റെ തുടക്കവും ഇവിടെയാണ്. എന്നാല്‍ മുതിര്‍ന്നവര്‍ ഇതിനെ എന്തോ അപരാധമെന്ന രീതിയില്‍ കാണുകയും കുട്ടികളെ വഴക്കുപറയുകയും ചെയ്യുന്നു. ഇതോടെ ആ ‘രസം’ തെറ്റായ ഒന്നായി കുട്ടികള്‍ക്കു തോന്നുകയും അവര്‍ ആശങ്കയിലാകുകയും ചെയ്യും. മതപരമായ ചില ചിന്തകളും ഇതിനെ തെറ്റായി വ്യാഖ്യാനിക്കാനുള്ള കാരണമാണ്.

ഒരു കുട്ടിയുടെ ശാരീരികവും മാനസ്സികവുമായി വളര്‍ച്ചപോലെതന്നെ പ്രധാനപ്പെട്ടതാണ് ലൈംഗിക വളര്‍ച്ചയും. അതിന്റെ ഭാഗംകൂടിയാണ് ഇത്തരം പ്രവൃത്തികള്‍. കൊച്ചുകുട്ടികള്‍ മറ്റുള്ളവരുടെ മുന്നില്‍വെച്ച് ലൈംഗികാവയവത്തില്‍ പിടിക്കുന്നതുംമറ്റും മാതാപിതാക്കളിലും കണ്ടുനില്‍ക്കുന്നവരിലുമുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ മാത്രമാണ് ഇവിടെ പ്രശ്നമാകുന്നത്.

എന്താണ് സ്വയംഭോഗം?

പുരുഷന്മാരില്‍ സര്‍വ്വസാധാരണവും സ്ത്രീകളില്‍ അത്രത്തോളം സാധാരണവുമല്ലാത്ത ലൈംഗികതയാണ് സ്വയംഭോഗം. ലൈംഗികാവയവങ്ങള്‍ സ്വയം ഉത്തേജിപ്പിച്ച് രതിമൂര്‍ച്ഛയിലെത്തുന്നതിനെയാണ് സ്വയംഭോഗമെന്നു പറയുന്നത്. കൗമാരക്കാരിലാണ് സ്വയംഭോഗത്തോടുള്ള താല്‍പര്യം ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത്. വിവാഹശേഷവും സ്വയംഭോഗത്തിലൂടെ രതിമൂര്‍ഛ അനുഭവിക്കാന്‍ തല്‍പരരായ സ്ത്രീകളും പുരുഷന്മാരും ഉണ്ട്. ഇതുമൂലം ഏതെങ്കിലും തരത്തിലുള്ള അപകടം ഉള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. സ്വയംഭോഗം ചെയ്തില്ലെന്നുകരുതി കുഴപ്പമൊന്നും സംഭവിക്കാനുമില്ല.

സ്വയംഭോഗം ഒരു സാധാരണ സ്വഭാവമാണോ?

മനുഷ്യരിലെ അതിസാധാരണമായ സ്വഭാവവും ആരോഗ്യകരമായ ലൈംഗികതയുമാണ് സ്വയംഭോഗം. പക്ഷേ, സ്വകാര്യമായ ലൈംഗിക രീതിയായതിനാല്‍ ഇതിന് ഒരു മോശം പ്രതിഛായയാണുള്ളത്. അതുകൊണ്ടുതന്നെ വളരെ അടുത്ത സുഹൃത്തുക്കളാണെങ്കില്‍ പോലും സ്വയംഭോഗത്തെപ്പറ്റി പരസ്പരം സംസാരിക്കാറില്ല. സ്വയംഭോഗവുമായി ബന്ധപ്പെട്ട പല തെറ്റിദ്ധാരണകളും പ്രചരിക്കുന്നതിന്റെ കാരണം ഇത്തരം തുറന്നുപറച്ചിലുകളില്ലാത്തതാണ്.

സ്ത്രീകള്‍ സ്വയംഭോഗം ചെയ്യുന്നത് മോശം കാര്യമാണോ?

വിദേശസിനിമകളിലും മറ്റും സ്ത്രീകളുടെ സ്വയംഭോഗം സാധാരണമായി കാണാറുണ്ട്. പക്ഷേ, ഇന്ത്യയില്‍ അതല്ല സ്ഥിതി. ഇന്ത്യയിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ലൈംഗികതാല്‍പര്യങ്ങളും മറ്റും സംസ്കാരത്തില്‍ അധിഷ്ഠിതമാണ്. സ്വയംഭോഗത്തെപ്പറ്റി മാത്രമല്ല, രതിയെപ്പറ്റിപ്പോലും തുറന്നുപറയാനും തുറന്നു സംസാരിക്കാനും അവര്‍ ഭയക്കുന്നു. വേണ്ടത്ര രതിമൂര്‍ച്ഛ ലഭിച്ചില്ലെങ്കില്‍പോലും അവരത് മറച്ചുവയ്ക്കുന്നു. വിവാഹേതര ബന്ധങ്ങളെ കൊടുംകുറ്റമായി കാണുന്നു. സ്വയംഭോഗത്തിന്റെ കാര്യവും അങ്ങനെതന്നെയാണ്. അതേപ്പറ്റി എന്തെങ്കിലും തുറന്നു പറഞ്ഞാല്‍ പറയുന്നവര്‍ സംസ്കാരമില്ലാത്തവരായി മുദ്രകുത്തപ്പെടും.

സ്ത്രീകളുടെ ജനനേന്ദ്രിയത്തോടടുത്ത് സ്ഥിതിചെയ്യുന്ന ചെറിയൊരു ഭാഗമാണ് കൃസരി (ക്ലിറ്റോറിസ്). ആയിരക്കണക്കിന് ചെറുനാഡികള്‍ എത്തിച്ചേരുന്നതിനാല്‍ തന്നെ ഈ ഭാഗം വളരെ സെന്‍സിറ്റീവുമാണ്. കൃസരി ഉത്തേജിപ്പിക്കപ്പെടുന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ലൈംഗികസന്തോഷം പകരുന്ന കാര്യമാണ്. സ്ത്രീ സ്വയംഭോഗത്തിന്റെ ഒരു രീതി കൃസരിയെ സ്വയം ഉത്തേജിപ്പിക്കലാണ്.

സ്ത്രീകള്‍ക്ക് തങ്ങളുടെ ശരീരത്തെപ്പറ്റി നന്നായി മനസ്സിലാക്കാന്‍ സ്വയംഭോഗം ഉപകരിക്കും. അതുകൊണ്ടുതന്നെ അതില്‍ എന്തെങ്കിലും തരത്തിലുള്ള നാണക്കേടിന്റെ ആവശ്യമില്ല. പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തേയും പരിപോഷിപ്പിക്കാന്‍ സ്വയംഭോഗം ഉപകരിക്കും.

സ്വയംഭോഗം സ്ത്രീകള്‍ക്ക് ഹാനികരമാണോ?

അല്ലേയല്ല. ആരോഗ്യകരമായ സ്വയംഭോഗം ഒരുതരത്തിലും അപകടകരമല്ല. അതേസമയം, അണുബാധയുണ്ടാക്കുന്നതോ മുറിവുണ്ടാക്കുന്നതോ ആയ വസ്തുക്കളും വൃത്തിഹീനമായ വിരലുകളും മറ്റും സ്വയംഭോഗത്തിന് ഉപയോഗിക്കാതിരിക്കുക.

സ്ത്രീകള്‍ ദിവസവും സ്വയംഭോഗം ചെയ്യുന്നത് ആരോഗ്യകരമാണോ?

ചില സ്ത്രീകളില്‍ ദിവസേനയുള്ള സ്വയംഭോഗം സാധാരണകാര്യമാണ്. അത് അവരുടെ പ്രായത്തേയും ലൈംഗിക താല്‍പര്യത്തേയും ആശ്രയിച്ചിരിക്കും. അത് സ്ത്രീകളുടെ ഊര്‍ജ്ജത്തെ ഒരുതരത്തിലും ചോര്‍ത്തിക്കളയുകയോ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുകയോ ചെയ്യുന്നില്ല.

പങ്കാളിയുമായുള്ള ലൈംഗികബന്ധം വേണ്ടത്ര സംതൃപ്തി നല്‍കുന്നില്ലെങ്കില്‍ അത് മാനസ്സിക സമ്മര്‍ദ്ദം വര്‍ധിക്കാനും മറ്റു പ്രശ്നങ്ങള്‍ക്കും കാരണമാകും. ഇത്തരം സാഹചര്യങ്ങളില്‍ അവ തരണം ചെയ്യാനുള്ള ഉപാധികൂടിയായി സ്വയംഭോഗം മാറുന്നു.

ഒരു സ്ത്രീയ്ക്ക് ആഴ്ചയില്‍ എത്രതവണ സ്വയംഭോഗം ചെയ്യാം?

അത് ഓരോരുത്തരുടേയും ആരോഗ്യനില അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ദിവസവും ഒന്നിലേറെ തവണ സ്വയംഭോഗം ചെയ്യുന്നവരും ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രം ചെയ്യുന്നവരും ഒരുതവണപോലും ചെയ്യാത്തവരുമുണ്ടാകും. ലൈംഗികപ്രവൃത്തികള്‍ സ്വാഭാവികമാണെങ്കിലും മറ്റെന്തുംപോലെ അധികമായാല്‍ അതും അപകടമാണ്. സ്വയംഭോഗതാല്‍പര്യം മറ്റു ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്നും ക്രിയാത്മകമായ മറ്റ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വഴിതിരിച്ചുവിടുന്നുവെന്നു തോന്നിയാല്‍ അത് നിയന്ത്രിക്കപ്പെടണം.

പങ്കാളിയുമായുള്ള ലൈംഗികതയ്ക്ക് സ്വയംഭോഗം പകരമാകുമോ?

രണ്ടിനേയും രണ്ടായി കാണണം. ഒരു സ്ത്രീയെന്ന നിലയില്‍ ശരീരത്തെ കൂടുതല്‍ മനസ്സിലാക്കാനും അങ്ങനെ പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തെ മറ്റൊരു അനുഭൂതിയാക്കാനും സാധിക്കുന്നതാകണം സ്വയംഭോഗം. മറിച്ച് പങ്കാളിയുമായുള്ള ലൈംഗികമായ അടുപ്പം സ്വയംഭോഗം മൂലം കുറയുകയോ ഇല്ലാതാകുകയോ ചെയ്യുന്നുണ്ടെങ്കില്‍ അത് അപകടമാണ്.

സ്വയംഭോഗത്തെ പങ്കാളിയോടൊത്തുള്ള ലൈംഗികതയ്ക്ക് പകരം വയ്ക്കാവുന്നത് ഇനിപ്പറയുന്ന സാഹചര്യങ്ങളിലാണ്:

പങ്കാളിയുടെ ലൈംഗികത തൃപ്തിപ്പെടുത്താതെ വരുമ്പോള്‍

പങ്കാളി രോഗബാധിതനാണെങ്കില്‍

പങ്കാളി അടുത്തില്ലാത്ത സാഹചര്യങ്ങളില്‍

എപ്പോഴാണ് സ്ത്രീകളുടെ സ്വയംഭോഗം അനാരോഗ്യകരമാകുന്നത്?

മറ്റൊരാളുടെ അണുബാധയുള്ള ജനനേന്ദ്രിയത്തില്‍ സ്പര്‍ശിച്ചശേഷം സ്വയംഭോഗം ചെയ്യുന്നതും യോനീഭാഗങ്ങളില്‍ ശക്തമായി ഉരസുന്നതും മറ്റുള്ളവരുമായി ലൈംഗിക ഉപകരണങ്ങള്‍ പങ്കിടുന്നതും ലൈംഗികജന്യ രോഗങ്ങള്‍ക്ക് കാരണമായേക്കാം.

സ്വയംഭോഗം സ്ത്രീകള്‍ക്ക് ഗുണകരമാകുന്നത് എങ്ങനെയാണ്?

വിഷാദത്തെ മറികടക്കാനും നല്ല മൂഡ് ഉണ്ടാക്കുന്ന ഡോപ്പമിന്‍ പോലുള്ള ഹോര്‍മോണുകള്‍ ശരീരത്തില്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കാനും ഇത് ഉപകരിക്കും. വൈകാരിക സമ്മര്‍ദ്ദങ്ങളില്‍ നിന്നുള്ള മോചനത്തിനും ഉത്തമമാണ്.

സ്വയംഭോഗം സ്വന്തം ശരീരത്തോടുള്ള സ്നേഹം കൂട്ടാനും ശരീരത്തെ ആഴത്തിലറിയാനും ഉപകരിക്കും. ആത്മവിശ്വാസം വളര്‍ത്താനും സ്വയം ബോധവല്‍ക്കരണത്തിനും സഹായകമാണ്.

ഉറക്കം കൂട്ടാനും സുഖസുഷുപ്തിക്കും സ്വയംഭോഗം നല്ലതാണ്.

പങ്കാളിയുമായുള്ള ലൈംഗികതയായാലും സ്വയംഭോഗമായാലും കൂടുതല്‍ ശക്തവും നീണ്ടുനില്‍ക്കുന്നതുമായ രതിമൂര്‍ഛ ലഭിക്കുന്നപക്ഷം അത് ഹൃദ്‌രോഗത്തേയും ടൈപ്പ് രണ്ട് ഡയബറ്റിസ് മെലിറ്റസിനേയും പ്രതിരോധിക്കും.

സ്ത്രീകളിലെ രതിമൂര്‍ഛ വസ്തിപ്രദേശത്തെ ബലപ്പെടുത്തും. രക്തചംക്രമണവും ഹൃദയമിടിപ്പും വര്‍ധിക്കുന്നതും അതിനോടനുബന്ധിച്ച് പേശികളിലുണ്ടാകുന്ന മാറ്റവുമെല്ലാം ഇതിന് കാരണമാണ്.

ആര്‍ത്തവ വിരാമം സംഭവിച്ചവരില്‍ യോനി ചുരുങ്ങുന്നത് ലൈംഗികബന്ധത്തേയും മറ്റും ശ്രമകരവും വേദനാജനകവും ആക്കാറുണ്ട്. എന്നാല്‍ സ്വയംഭോഗം ചെയ്യുന്നതിലൂടെ, പ്രത്യേകിച്ച് ജലാംശമുള്ള ലൂബ്രിക്കന്റുകള്‍ ഉപയോഗിച്ചാല്‍, ലൈംഗികാവയവങ്ങളിലെ രക്തയോട്ടം വര്‍ധിക്കുന്നതിനും യോനി വരളുന്നതും ചുരുങ്ങുന്നതും തടയുന്നതിനും സഹായിക്കും.

അമിത സ്വയംഭോഗത്തിന്റെ പ്രശ്നങ്ങളെന്തൊക്കെയാണ്?

കൂടുതലായി ഉരസലുണ്ടാകുന്നത് ലൈംഗികാവയവങ്ങള്‍ വരണ്ടുപോകാനും മറ്റ് ബുദ്ധിമുട്ടുകള്‍ക്കും വഴിതെളിക്കും.

പങ്കാളിയുമായുള്ള അകല്‍ച്ചയ്ക്ക് വഴിതെളിക്കും.

ഒരേതരത്തിലുള്ള തുടര്‍ച്ചയായ സ്വയംഭോഗം, രതിമൂര്‍ഛയിലെത്താന്‍ അതുമാത്രമേ മാര്‍ഗമുള്ള എന്ന തരത്തിലേക്ക് സ്വയം പരുവപ്പെടുത്തും.

അമിതമായി സ്വയംഭോഗം ചെയ്യുന്നുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം?

നിങ്ങള്‍ക്ക് അതൊരു വേദനയാകുമ്പോള്‍

മറ്റു കാര്യങ്ങളില്‍ നിന്നെല്ലാം മാറി ദിവസവും ഒന്നിലേറെ തവണ സ്വയംഭോഗം ചെയ്യുമ്പോള്‍

പങ്കാളിയുമായുള്ള ലൈംഗികബന്ധത്തില്‍ നിന്ന് പൂര്‍ണമായും മാറി സ്വയംഭോഗത്തില്‍ മാത്രം സുഖം കണ്ടെത്തുമ്പോള്‍

സ്വയം സ്ഥിരമായും വല്ലാതെയും മുറിവേല്‍പിക്കുമ്പോള്‍

സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം ചെലവഴിക്കാന്‍ സമയമുണ്ടായിട്ടും സ്വയം സന്തോഷം കണ്ടെത്താനാണ് ശ്രമമെങ്കില്‍

അമിത ലൈംഗികാസക്തിയുള്ളതായി തോന്നുകയും സ്വയം സന്തോഷിപ്പിക്കാനുള്ള ത്വരയുമായി പോരാടുകയും ചെയ്യേണ്ടിവരുമ്പോള്‍

ജനനേന്ദ്രിയത്തില്‍ വേദന, വരള്‍ച്ച, അസ്വസ്ഥത തുടങ്ങിയവ അനുഭവപ്പെടുമ്പോള്‍

അമിത സ്വയംഭോഗം തടയാന്‍ എന്തു ചെയ്യണം?

അത്തരമൊരവസ്ഥയില്‍ ചികില്‍സ തന്നെയാണ് വേണ്ടത്. ഒരു ഡോക്ടറെ കണ്ട് സംസാരിക്കുക. അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം ചികില്‍സ തേടുക.