തകര്‍ന്നുവീണ ജര്‍മന്‍ വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് കണ്ടെത്തി.

പാരിസ്: ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വതനിരയില്‍ ചൊവ്വാഴ്ച തകര്‍ന്നുവീണ ജര്‍മന്‍ വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് കണ്ടെത്തി. സ്‌പെയിനിലെ ബാഴ്‌സലോണയില്‍നിന്ന് ജര്‍മനിയിലെ ഡസല്‍ഫോര്‍ഡിലേക്കുപോയ ലുഫ്താന്‍സ ജര്‍മന്‍ വിങ്‌സ് വിമാനമാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ടത്. ദുരന്തത്തില്‍ 150 പേര്‍ മരിച്ചു. അപകട കാരണം സംബന്ധിച്ച സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. വിമാനം അരമണിക്കൂര്‍ വൈകിയാണ് പറന്നുയര്‍ന്നതെന്ന് ലുഫ്താന്‍സ വക്താവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്‍ജിന്‍ തകരാറിനെത്തുടര്‍ന്നാണ് വിമാനം വൈകിയതെന്ന് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്ലാക്ക് ബോക്‌സ് പരിശോധിക്കുന്നതിലൂടെ അപകട കാരണം സംബന്ധിച്ച വ്യക്തത ലഭിക്കും.

എന്‍ജിന്‍ തകരാറാവാം അപകട കാരണമെന്നാണ് കരുതുന്നത്. തകര്‍ന്നുവീണതിന് തൊട്ടുമുമ്പ് വിമാനം മണിക്കൂറില്‍ 350 മൈല്‍ വേഗത്തിലാണ് പറന്നിരുന്നത്. എന്‍ജിന്‍ തകരാറിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നാണ് നിഗമനം. എട്ട് മിനിട്ടിനുള്ളില്‍ 38,000 അടിയില്‍നിന്ന് 6000 അടിയിലേക്ക് താഴ്ന്നതിന് ശേഷമാണ് വിമാനം തകര്‍ന്നത്. രണ്ട് എന്‍ജിനുകളും തകരാറായതിനെത്തുടര്‍ന്നാവാം ഇങ്ങനെ സംഭവിച്ചതെന്ന് കരുതുന്നു. വിമാനത്തില്‍നിന്ന് അപായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

Loading...