കൊവിഡിന്റെ ഇളവില്‍ ജയിലില്‍ നിന്നിറങ്ങി, തുണിത്തരങ്ങള്‍ മോഷ്ടിച്ച് വില്‍പന നടത്തിയ സംഘം അറസ്റ്റില്‍

കോഴിക്കോട് : കൊവിഡ് കാലത്ത് അന്നന്നത്തെ അന്നത്തിന് വക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് എല്ലാവരും. ഇക്കാലത്ത് ഏറ്റവും ബുദ്ധിമുട്് അനുഭവിക്കുന്ന വിഭാഗങ്ങളിലൊന്നാണ് തെരുവു കച്ചവടക്കാര്‍. തെരുവില്‍ തുണിത്തരങ്ങള്‍ കച്ചവടം ചെയ്തിരുന്ന സംഘത്തിന്റെ തുണികള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ സംഘമാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. കണ്ണാടിക്കല്‍ ഷാജി, കറുത്തേടത്ത് കായലം ടി.കെ. അബ്ദുള്‍കരീം, തിരൂര്‍ മുത്തൂര്‍ പൂക്കോയ, ചേവായൂര്‍ കെ.പി. ഫൈസല്‍ എന്നിവരെയാണ് കോഴിക്കോട് ടൗണ്‍ പോലീസ് പിടികൂടിയിരിക്കുന്നത്.

തെരുവ് കച്ചവടക്കാര്‍ കച്ചവടത്തിനുശേഷം വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചുവെക്കുന്ന തുണിത്തരങ്ങളായിരുന്നു ഈ സംഘം മോഷ്ടിച്ച് ആദായവില്‍പ്പന നടത്തിയിരുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പോലീസ് സംഘം ഇവരെ പിടികൂടിയത്. ഒരു ചാക്ക് നിറയെ റെഡിമെയ്ഡ് തുണിത്തരങ്ങളും പ്രതികളില്‍നിന്ന് പിടിച്ചെടുത്തു. കോവിഡ് കാലത്തെ ഇളവില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ കണ്ണാടിക്കല്‍ ഷാജി വിവിധ സ്റ്റേഷനുകളിലായി 20-ഓളം കേസുകളില്‍ പ്രതിയാണ്.

Loading...