കോടതി വിധി ശരിക്കും കെ.എം മാണിക്ക് അനുകൂലമായിരുന്നു. രാഷ്ട്രീയ സാഹചര്യവും അദ്ദേഹത്തിന്‌ അനുകൂലം. പിന്നെ എങ്ങനെ രാജിയിലേക്ക് കാര്യങ്ങൾ എത്തി?. രാജിക്ക് മുമ്പുള്ള 32 മണിക്കൂർ….4 ഫോൺ കോളുകൾ…പിന്നെ രാജിയും. കൈരളി ചാനൽ വാർത്താ അവതാരകൻ എസ്.വി പ്രദീപ് പ്രവാസിശബ്ദത്തിൽ എഴുതുന്ന എക്സ്ക്ലൂസീവ്.

ബാർകോഴയിൽ കെ എം മാണി രാജിവച്ചെങ്കിലും അദ്ദേഹത്തെ ഒരിഞ്ച് കൈവിടാൻ മുഖ്യമന്ത്രി തയ്യാറല്ല. നിയമസഭയിൽ പ്രതിപക്ഷത്തെ പ്രതിരോധിക്കാൻ സഭയുടെ മുൻനിരയിൽ തന്നെ മാണി ഇരിക്കും. ഒരു കേരളകോൺഗ്രസ് എം നേതാവ് പറഞ്ഞത് സഭയിൽ മാണിയുടെ ശൗര്യംഅനുഭവിച്ചറിയാനാണ്. കൂട്ടത്തിൽ അദ്ദേഹം വ്യക്തമാക്കിയത് മാണിയുടെ രാജിയിലേക്ക് നയിച്ച സാഹചര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട നാല് ടെലിഫോൺ കോളുകളെ കുറിച്ചും. മാണിക്കെതിരെ കോൺഗ്രസിനുളളിൽ ഗൂഢാലോചന നടന്നതിന് വ്യക്തമായ തെളിവായി ഈ നാല് ടെലിഫോൺ കോളുകളാണ് പ്രധാനമായും നേതാവ് ഉയർത്തിക്കാട്ടുന്നത്.

Loading...

k-m-mani-resigns

മുപ്പത്തിരണ്ട് മണിക്കൂറിനിടയിലെ നാല് ടെലിഫോൺ കോളുകൾ. ഹൈക്കോടതി വിധിക്കും മാണിയുടെ രാജിക്കും ഇടയിൽ യു ഡി എഫ് രാഷ്ട്രീയം നിശ്ചലമായിപ്പോയ മുപ്പത്തി രണ്ടു മണിക്കൂർ. കേരള രാഷ്ട്രീയചരിത്രത്തിൽ ഈ മുപ്പത്തിരണ്ട് മണിക്കൂർ രേഖപ്പെടുത്തുക കെ എം മാണിയെന്ന രാഷ്ട്രീയ അതികായകൻറെ വീഴ്ചയുടെ നാടകീയ മണിക്കൂറുകൾ എന്നാകും.

മുപ്പത്തിരണ്ട് മണിക്കൂറിലെ നാല് ടെലിഫോൺ കോളുകൾ. നാല് പ്രധാനനേതാക്കളുടെ നിലപാടും ഇടപെടലും, അവർ മാധ്യമങ്ങളെ ഉപയോഗിച്ച വഴിയും. അതിലെ നാടകീയതയുമാണ് കെ എം മാണിയുടെ രാജിക്ക് കാരണമായി നേതാവ് ചൂണ്ടിക്കാട്ടുന്നത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ മാണി രാജിവയ്ക്കേണ്ട കാര്യമില്ല.  കാരണം നിയമപരമായി നോക്കിയാൽ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് പല തരത്തിലും തിരുത്തി മാണിക്ക് അനുകൂല വിധിയാണ് ഹൈക്കോടതിയിൽ നിന്നും ഉണ്ടായത് എന്നാണ് നേതാവിൻറ പക്ഷം.

രാഷ്ട്രീയമായും നിയമപരമായും ഏറെ അനുകൂലമായ സാഹചര്യം അട്ടിമറിക്കപ്പെട്ട പരിഭവവും അമർഷവും ഇപ്പോഴും കെ എം മാണി വിശ്വസ്തരുമായി പങ്കുവയ്ക്കുന്നു. മാണി പങ്കുവയ്ക്കുന്ന ശക്തമായ നീരസം അതിന് കാരണക്കാരായ നാല് നേതാക്കൾക്കെതിരെ വരുന്ന നിയമസഭാ തിരഞ്ഞടുപ്പിൽ പ്രതിഫലിക്കാനുളള സാധ്യത ഏറെയെന്നും മുന്നറിയിപ്പുണ്ട്. ആ നീക്കത്തെ കോൺഗ്രസിലെ ഒരു വിഭാഗം പിന്തുണയ്ക്കുക കൂടി ചെയ്താൽ ഈ നേതാക്കളുടെ നിയമസഭാ പ്രവേശനം ബുദ്ധിമുട്ടാകും എന്നും അഭിപ്രായപ്പെടുന്നു

സീസറിൻറെ ഭാര്യ സംശയത്തിന് അതീത ആകണം എന്ന ഹൈകോടതി പരാമർശം വന്ന ഉടനെ മാധ്യമങ്ങളെ ഉപയോഗിച്ച് നാല് കോൺഗ്രസ് നേതാക്കൾ നടത്തിയ നീക്കങ്ങളിൽ പകയും ദുരൂഹതയും ഒളിഞ്ഞിരിപ്പുണ്ടെന്നാണ് മാണി അനുകൂല നേതാക്കളുടെ വിശ്വാസം. അതിനാധാരമായി ഉയരുന്ന ചോദ്യങ്ങൾ ചുവടെ.

1. ഹൈക്കോടതി വിധി വന്ന ദിവസം ട്രയിൻ യാത്രയ്ക്കിടെ വി എം സുധീരൻ എന്തിന് തിടുക്കത്തിൽ മാണിക്ക് എതിരെന്ന് സൂചിപ്പിപ്പിക്കുന്ന പ്രസ്താവന മാധ്യങ്ങൾക്ക് നൽകി.

2.ഹൈക്കോടതി ഉത്തരവിൻറെ വിശദാംശങ്ങൾ മുഴുവൻ പുറത്ത് വരും മുമ്പ് പാർട്ടിയിലോ മുന്നണിയിലോ ചർച്ച ചെയ്യും മുമ്പ് വി.ഡി.സതീശനും ടി എൻ പ്രതാപനും എന്തിന് മാധ്യമചർച്ചകളിൽ പങ്കെടുത്ത് മാണിക്കെതിരായ പരാമർശങ്ങൾ നടത്തി. ആരാണ് ഈ നേതാക്കൾക്ക് ധൈര്യമായത്.

3. മാണിയുടെ രാജി അനിവാര്യം എന്ന തരത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിൻറേതായുളള വാർത്ത മാധ്യമങ്ങൾക്ക് ലഭിച്ചതെങ്ങനെ. മുല്ലപ്പളളി രാമചന്ദ്രൻ നിരന്തരം സുധീരനുമായി ടെലിഫോണിൽ ബന്ധപ്പെട്ടിടത്താണ് ദില്ലി ഇടപെടൽ വ്യാഖ്യാനിക്കപ്പെട്ടതെന്നും മാണി അനുകൂല നേതാക്കൾ സംശയിക്കുന്നു.

മുന്നണിബന്ധത്തിൻറെ എല്ലാ ധർമ്മവും വി എം സുധീരനും വി ഡി സതീശനും ടി എൻ പ്രതാപനും മുല്ലപ്പളളി രാമചന്ദ്രനും ലംഘിച്ചെന്ന പരാതി കേരള കോൺഗ്രസിൽ ശക്തമായി നിലനിൽക്കുന്നു. പാർട്ടികൾക്കും മുന്നണിക്കും ചർച്ച ചെയ്ത് തീരുമാനം എടുക്കാൻ സമയം ലഭിക്കും മുമ്പ് മാണിക്ക് അനുകൂല സാഹചര്യങ്ങളെ മാധ്യമങ്ങളിൽ കൂടി മരവിപ്പിച്ച് ഹൈജാക്ക് ചെയ്തത് കോൺഗ്രസിലെ ഗ്രൂപ്പ് പോര് എന്നാണ് കെ എം മാണിയുടെ അനുമാനം. ഇതിന് കാരണമായത് സുധീരൻറെ പക എന്നും നേതാവ് അഭിപ്രായപ്പെടുന്നു.

നിലവാരമില്ലാത്ത ബാറുകൾ പൂട്ടണമെന്ന സുധീരൻ ക്യാമ്പയിനെ ഉമ്മൻചാണ്ടി അട്ടിമറിച്ചത് സമ്പൂർണ്ണ മദ്യനിരോധന പ്രഖ്യാപനം വഴിയായിരുന്നു. അന്ന് ഉമ്മൻചാണ്ടിക്ക് കലവറയില്ലാത്ത പിന്തുണ നൽകിയത് കെ എം മാണിയും പി കെ കുഞ്ഞാലിക്കുട്ടിയും. അന്ന് കുറിച്ചിട്ട കണക്ക് സുധീരൻ മാണിക്കിട്ട് തീർത്തു. സുധീരൻറേയും, എ കെ ആൻറണിയുടെ മാനസപുത്രൻ, മുല്ലപ്പളളി രാമചന്ദ്രൻറേയും അറിവോടെയാണ് വി ഡി സതീശനും ടി എൻ പ്രതാപനും മാധ്യമങ്ങളിൽ നിറഞ്ഞാടിയതെന്നാണ് മാണി അനുകൂലികളുടെ വിശ്വാസം. ഈ തിമിർത്താടൽ വരും നാളിൽ താങ്കൾക്ക് നേരെ ആകും എന്ന് രാജിക്ക് ശേഷം കാണാനെത്തിയ ഉമ്മൻചാണ്ടിയോട് മാണി പരസ്യമായി പറഞ്ഞത്രേ. വരാൻ പോകുന്ന പാർട്ടി പുന:സംഘടന കോൺഗ്രസ്സിൽ പലതിൻറേയും നാന്ദി കുറിക്കൽ ആകും എന്ന് രാഷ്ട്രീയ നിരീക്ഷകർ പങ്ക് വയ്ക്കുമ്പോൾ ഉമ്മൻചാണ്ടിയോട് മാണി നടത്തിയ പ്രവചനം യാഥാർത്ഥ്യമാകുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.