വീണ്ടും ഭക്ഷ്യ വിഷബാധ, കാസർകോട്ട് കുഴിമന്തി കഴിച്ച പെൺകുട്ടി മരിച്ചു

കാസർകോട്ട് പെൺകുട്ടി മരിച്ചത് ഓൺലൈൻ ആയി വാങ്ങിച്ച കുഴിമന്തി കഴിച്ച്. തലശേരിയിലെ അഞ്ജുശ്രീ പാർവതിയാണ് മരിച്ചത്. ഓൺലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയായിരുന്നു അഞ്ജുശ്രീ പാർവതി. ക്രിസ്മസ്- പുതുവത്സര അവധിക്ക് നാട്ടിലെത്തിയ അഞ്ജുശ്രീ പുതുവത്സരത്തലേന്നാണ് ഓണ്‍ലൈനായി കുഴിമന്തി വാങ്ങിയത്. വീട്ടില്‍വെച്ച് കുടുംബത്തിനൊപ്പമാണ് കഴിച്ചത്. കുഴിമന്തി കഴിച്ചവര്‍ക്കെല്ലാം ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു.

അഞ്ജുശ്രീ പാര്‍വതിയുടെ നില മോശമായി. തുടര്‍ന്ന്‌ കാസര്‍കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ച് ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുവരും. ഇവിടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റമോര്‍ട്ടത്തിനായി കൊണ്ടുപോകും.ബന്ധുക്കൾ മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. 6 ദിവസത്തിനിടെ രണ്ടു പേരാണ് ഭക്ഷ്യവിഷബാധയേറ്റ് കേരളത്തിൽ മരിച്ചത്. കൊച്ചിയിൽ ബിരിയാണിയിൽ കഴിഞ്ഞ ദിവസം പഴുത്തറയെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടൽ അടപ്പിച്ചിരുന്നു.

Loading...

ദിവസങ്ങൾക്കു മുമ്ബ് കോട്ടയം തെള്ളകത്തെ മലപ്പുറം കുഴിമന്തി റസ്റ്ററന്റിൽ നിന്ന് കുഴിമന്തി കഴിച്ച രശ്മി എന്ന നേഴ്സ് മരിച്ചിരുന്നു ഇവിടെ നിന്ന് ഭക്ഷണം കഴിച്ച രശ്മി ഉൾ‌പ്പെടെ 21 പേർ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയിരുന്നു. ഇരുപതിലധികം ആളുകൾക്ക് ഭക്ഷ്യവിഷ ബാധയേറ്റ സാഹചര്യത്തിൽ നഗരസഭാ അധികൃതർ ഹോട്ടലിൻ്റെ ലൈസൻസ് സസ്‌പെന്റ് ചെയ്യുകയും കട പൂട്ടിക്കുകയും ചെയ്തിരുന്നു. പോസ്റ്റ്‌ മോർട്ടം പരിശോധനയിൽ മാത്രമേ മരണകാരണം പുറത്തുവരുവെന്ന് മെഡിക്കൽ കോളേജ് അധികൃതർ. രശ്മിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്.

നേരത്തെയും ഈ ഹോട്ടലിനെതിരെ ഭക്ഷ്യവിഷബാധ പരാതി ഉയർന്നിരുന്നു. അതെ സമയം കഴി‍ഞ്ഞ വർഷം നവംബറിൽ ഇവിടെ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ സുഹൃത്തും കുടുംബവും ആശുപത്രിയിൽ പ്രവേശിച്ചിരുന്നതായി ശ്രീജിത്ത് മോഹൻ എന്നയാളുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. നിരവധി പേർക്ക് ഈ ഹോട്ടലിൽ നിന്ന് ഭക്ഷ്യവിഷബാധ ഏറ്റിരുന്നതായി കുറിപ്പിൽ പറയുന്നു. കഴിഞ്ഞ മാസം സംക്രാന്തിയിലെ ഹോട്ടലിൽ നിന്നു ഭക്ഷണം വാങ്ങി കഴിച്ച കുമാരനല്ലൂർ, നട്ടാശ്ശേരി ഭാഗങ്ങളിൽ താമസിക്കുന്നവർക്കും ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു.