ന്യൂഡല്‍ഹി: ഗര്‍ഭച്ഛിദ്ര നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. നിലവില്‍ 20 ആഴ്ച കഴിഞ്ഞാല്‍ ഗര്‍ഭച്ഛിദ്രം അനുവദനീയമല്ല. ഇത് 24 ആഴ്ച ആയി വര്‍ദ്ധിപ്പിക്കാനാണ് ശ്രമം. 1971 ലെ ഗര്‍ഭച്ഛിദ്ര നിയമമാണ് ഭേദഗതി ചെയ്യുന്നത്. ആയുര്‍വേദ, ഹോമിയോ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കിക്കൊണ്ടു മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി നിയമം ഭേദഗതി ചെയ്യാനാണ് സര്‍ക്കാരിന്റെ ആലോചന.

നിലവില്‍ 20 ആഴ്ച കഴിഞ്ഞാല്‍ ഗര്‍ഭച്ഛിദ്രം അനുവദനീയമല്ല. ഗര്‍ഭച്ഛിദ്രം നടത്താനുള്ള കാലാവധി 20 ആഴ്ചകളില്‍ നിന്ന് 24 ആഴ്ചകളാക്കി വര്‍ധിപ്പിക്കാനും നിര്‍ദിഷ്ട ബില്ലില്‍ വ്യവസ്ഥയുണ്ട്. 21ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കും. ആയുര്‍വേദ, ഹോമിയോ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്കും. എന്നാല്‍, ആയുര്‍വേദ ഭിഷഗ്വരന്മാര്‍ക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്കുമ്പോള്‍ അതിന്റെ മറവില്‍ നാട്ടുവൈദ്യന്മാര്‍ മുതലെടുപ്പ് നടത്തുമെന്നും എതിര്‍വാദമുണ്ട്. സുരക്ഷിതമല്ലാത്ത ഗര്‍ഭച്ഛിദ്രം മരണകാരണവുമായേക്കാം. സുരക്ഷിതമല്ലാത്ത ഗര്‍ഭച്ഛിദ്രം വഴി രാജ്യത്ത് പ്രതിവര്‍ഷം എട്ട് ശതമാനം പേര്‍ മരണമടയുന്നു എന്നാണ് കണക്ക്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ പരിപാലനം സംബന്ധി ച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടെയുണ്ടായ പുതിയ നീക്കം അതീവഗൗരവമായിട്ടാണ് മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ എടുത്തിട്ടുള്ളത്.

Loading...

ആയുര്‍വേദ, ഹോമിയോപ്പതി ഡോക്ടര്‍മാര്‍ക്കും ഈ രംഗത്തെ നഴ്‌സുമാര്‍ക്കും ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കുന്നതുവഴി രാജ്യം വലിയ പ്രതിസന്ധിയെ നേരിടേണ്ടിവരുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഗര്‍ഭച്ഛിദ്രത്തിനു കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്ന 1971ലെ നിയമം അടക്കമുള്ളവയില്‍ ഭേദഗതി കൊണ്ടുവന്ന് പുതിയ ബില്ലായി അവതരിപ്പിക്കാനാണ് ആരോഗ്യ മന്ത്രാലയം നടപടികള്‍ തുടങ്ങിയിരിക്കുന്നത്. പ്രത്യേക അവസ്ഥയില്‍ 20 ആഴ്ച വരെ ഗര്‍ഭച്ഛിദ്രം നടത്താന്‍ നിലവിലുള്ള നിയമങ്ങള്‍ അനുമതി നല്‍കുന്നുണ്ട്. അത് 24 ആഴ്ചയാക്കി വര്‍ധിപ്പിക്കാനാണു നീക്കം.

വിദേശ രാജ്യങ്ങളില്‍ ഈ രീതി നിലവിലുണെ്ടന്നാണു വാദം. ആറു മാസം വരെയുള്ള ഭ്രൂണം നശിപ്പിക്കാന്‍ അനുവദിക്കുന്നത് കൂടാതെ പുതിയ നിയമത്തില്‍ ഭ്രൂണത്തിന്റെ അനാരോഗ്യം, ഗര്‍ഭിണിയുടെ ആരോഗ്യം തുടങ്ങിയ പരിഗണിച്ച് പ്രസവത്തിനു മുമ്പുള്ള ഏതു ഘട്ടത്തിലും ഗര്‍ഭച്ഛിദ്രം അനുവദനീയമാക്കാനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.

ഏതു ഘട്ടത്തിലും ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കുന്നതു ദുരുപയോഗം ചെയ്യപ്പെടുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഗര്‍ഭച്ഛിദ്രം അലോപ്പതി ഡോക്ടര്‍മാര്‍ വ്യാപകമായി നടത്തുന്നതിനെതിരേയും വന്‍ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. ഗര്‍ഭസ്ഥശിശുക്കളെ കൊന്നൊടുക്കാനുള്ള നിയമം കൂടുതല്‍ ഉദാരമാക്കുമ്പോള്‍, ധാര്‍മിക, മാനുഷിക പരിഗണനകള്‍ പാടേ അവഗണിക്കുന്ന കേന്ദ്രത്തിന്റെ നീക്കത്തിനെതിരേ നാടെങ്ങും പ്രതിഷേധം ശക്തമാകുകയാണ്. മനുഷ്യജീവനു പുല്ലുവില കല്പിച്ചും മാതൃത്വത്തിന്റെ മഹത്വം തൃണവല്‍ഗണിച്ചും കേന്ദ്ര സര്‍ക്കാര്‍ ഗര്‍ഭച്ഛിദ്ര നിയമം ഭേദഗതി ചെയ്യുമ്പോള്‍ ശക്തമായ എതിര്‍പ്പു ജനങ്ങളില്‍ നിന്നും നേരിടേണ്ടിവരും.