ഹിന്ദു യുവതിയെ കതിര്‍മണ്ഡപത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി; മതംമാറ്റി വിവാഹം; സംഭവം പാക്കിസ്ഥാനില്‍

ഇസ്ലാമാബാദ്: ഹിന്ദു യുവതിയെ വിവാഹവേദിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം ക‍ഴിപ്പിച്ചു. പാക്കിസ്ഥാനിലാണ് വിചിത്ര സംഭവം നടന്നത്. ഹിന്ദു യുവതിയെ പിന്നീട് മുസ്ലീം യുവാവിനെക്കൊണ്ട് വിവാഹം ക‍ഴിപ്പിക്കുകയും ചെയ്തു. സിന്ധ് പ്രവിശ്യയിലുള്ള മതിയാരി ജില്ലിയിലെ ഹാലയിലാണ് നടുക്കുന്ന സംഭവം. ഭാരതി ഭായ് എന്ന യുവതിയെയാണ് തട്ടിക്കൊണ്ടുപോയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാകിസ്താനില്‍ ഹിന്ദുക്കള്‍ക്ക് നേരെ അക്രമം നടക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് പുതിയ സംഭവം. പോലീസുകാരുടെ ഒത്താശയോടെയാണ് തട്ടിക്കൊണ്ടുപോകലും മതംമാറ്റവും നടന്നതെന്ന് പ്രദേശവാസികളില്‍ ചിലര്‍ പറയുന്നു. സിന്ധ് പ്രവിശ്യാ തലസ്ഥാനമായ കറാച്ചിയില്‍ നിന്ന് 215 കിലോമീറ്റര്‍ അകലെയാണ് ഹാല നഗരം.

Loading...

ഹിന്ദു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നേരെ മുമ്പും സമാനമായ സംഭവങ്ങള്‍ അരങ്ങേറിയ പാകിസ്താന്‍ പ്രവിശ്യയാണ് സിന്ധ്. ഞായറാഴ്ച പുതിയ സംഭവത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. 24കാരിയായ ഭാരതി ഭായിയുടെ വിവാഹ ദിവസം വിവാഹ വേദിയില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയത്.

ലോക്കല്‍ പോലീസിന്റെ സഹായത്തോടെയാണ് ഒരു സംഘം വിവാഹ വേദിയില്‍ എത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തട്ടിക്കൊണ്ടുപോയ ശേഷം ഭാരതിയെ മതംമാറ്റുകയും മുസ്ലിം യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്തുവെന്നാണ് കുടുംബത്തിന്റെ ആരോപണം.

പകല്‍വെളിച്ചത്തിലാണ് തന്റെ മകളെ ഷാരൂഖ് ഗുല്‍ എന്നയാളും സംഘവും തട്ടിക്കൊണ്ടുപോയതെന്ന് ഭാരതിയുടെ പിതാവ് കിഷോര്‍ ദാസ് പറഞ്ഞു. വിവാഹത്തിന്റെ ചടങ്ങുകള്‍ നടക്കവെയാണ് അവര്‍ പോലീസുകാര്‍ക്കൊപ്പം എത്തിയത്. ഷാരൂഖ് ഗുല്ലിനെ അല്ലാതെ മറ്റാരെയും തനിക്ക് അറിയില്ലെന്നും കിഷോര്‍ദാസ് പറഞ്ഞു.

പിന്നീട് ഭാരതിയുടെ വിവാഹം നടന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇസ്ലാം മതം സ്വീകരിച്ച രേഖകളും ഷാരൂഖ് ഗുല്ലുമായി വിവാഹം നടന്നുവെന്ന വിവരങ്ങളും ചിത്രങ്ങളുമാണ് പ്രചരിച്ചത്. രേഖകള്‍ പ്രകാരം കഴിഞ്ഞ ഡിസംബര്‍ ഒന്നിന് ഭാരതി ഇസ്ലാം മതം സ്വീകരിച്ചുവെന്നാണ് വ്യക്തമാകുന്നത്.

ഭാരതി നേരത്തെ ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിവരങ്ങള്‍. കറാച്ചിയിലെ അല്ലാമാ മുഹമ്മദ് യൂസഫ് ബനുരി ടൗണിലുള്ള ജംഇയ്യത്തുല്‍ ഉലൂം ഇസ്ലാമിയ എന്ന സ്ഥാപനത്തില്‍വച്ചാണ് മതം മാറിയത്. ബുഷറ എന്ന പേര് അവര്‍ സ്വീകരിക്കുകയും ചെയ്തിരുന്നുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

മുഫ്തി അബുബക്കര്‍ സഈദുര്‍ റഹ്മാന്റെ കാര്‍മികത്വത്തിലാണ് ഭാരതി മതം മാറിയതും ബുഷറ എന്ന് പേര് സ്വീകരിച്ചതും. ഇതുമായി ബന്ധപ്പെട്ട രേഖകളും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഭാരതിയുടെ തിരിച്ചറില്‍ കാര്‍ഡില്‍ സ്ഥിരം വിലാസം ഹാല നഗരത്തിലേതാണ് കാണിക്കുന്നത്. എന്നാല്‍ താല്‍ക്കാലിക വിലാസം കറാച്ചിയിലെ ഗുല്‍ഷാന്‍ ഇഖ്ബാല്‍ പ്രദേശത്താണ്.

ഗുര്‍ഷാന്‍ ഇഖ്ബാബിലാണ് ഭാരതി ഇപ്പോള്‍ താമസിക്കുന്നത് എന്ന് കരുതുന്നു. എന്നാല്‍ ഷാരൂഖ് ഗുല്ലുമായി ഭാരതിയുടെ വിവാഹം നേരത്തെ നടന്നോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വിവാഹ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്, ഹാലയിലെ നിസാര്‍ അഹമ്മദിന്റെ മകന്‍ 24കാരനായ ഷാരൂഖ് ആണ് ഭര്‍ത്താവ് എന്നാണ്.

ഭാരതി തിരിച്ചുവരണം എന്നാണ് അവരുടെ കുടുംബം ആവശ്യപ്പെടുന്നത്. പോലീസിന്റെ സഹായത്തോടെ തങ്ങളുടെ മകളെ തട്ടിക്കൊണ്ടുപോയി എന്ന് കുടുംബം ആരോപിക്കുന്നു. വിവാഹം നടന്നിരിക്കുന്നത് നിര്‍ബന്ധപൂര്‍വമാണെന്നും കുടുംബം പറയുന്നു.
പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ഹാലയിലെ ഭാരതിയുടെ അയല്‍വാസികളില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയത്. എന്നാല്‍ ഭാരതിയും ഷാരൂഖും നേരത്തെ അറിയാമായിരുന്നുവെന്നും ഭാരതി നേരത്തെ ഇസ്ലാം മതം സ്വീകരിച്ചിരുന്നുവെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തില്‍ ചില സംശയങ്ങള്‍ അവരുടെ വീട്ടുകാര്‍ക്കുണ്ടായിരുന്നുവത്രെ.

ഭാരതിയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ചത് അറിഞ്ഞതോടെയാണ് ഷാരൂഖ് പോലീസില്‍ പരാതിപ്പെട്ടത്. തന്റെ ഭാര്യയെ നിയമവിരുദ്ധമായി മറ്റൊരാളുമായി വിവാഹം ചെയ്യാന്‍ അവരുടെ കുടുംബം ശ്രമിക്കുവെന്നാണ് ഇയാള്‍ പോലീസില്‍ പരാതിപ്പെട്ടത്. തുടര്‍ന്നാണ് ഇയാള്‍ പോലീസിനെയും കൂടി വിവാഹവേദിയില്‍ എത്തിയതും യുവതിയുടെ കൊണ്ടുപോയതും.
പാകിസ്താനില്‍ ഹിന്ദു ന്യൂനപക്ഷം പീഡിപ്പിക്കപ്പെടുന്നുവെന്ന് ആരോപണങ്ങള്‍ക്കിടെയാണ് പുതിയ സംഭവം. സിന്ധിലെ ജേക്കബാബാദില്‍ സമാനമായ സംഭവം കഴിഞ്ഞാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ തന്റെ സ്വന്തം ഇഷ്ടപ്രകാരം മതംമാറുകയും മുസ്ലിം യുവാവിനെ വിവാഹം ചെയ്യുകയുമാണുണ്ടായതെന്ന് യുവതി പറയുന്ന വീഡിയോയും പുറത്തുവന്നു.