സിനിമയിലേക്ക് ദിലീപിന് ചവിട്ടുപടി നല്‍കിയത് ജയറാം; ദിലീപില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് താരം

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് സിനിമയിലേക്ക് കൈപിടിച്ചത് ജയറാം. പക്ഷെ ചവിട്ടുപടി നല്‍കിയ ജയറാമിന്റെ നടുവില്‍ ചവിട്ടിയാണ് ദിലീപ് പിന്നീട് നടന്നത്. കലാഭവന്‍, ഹരിശ്രീ, കൊച്ചിന്‍ സാഗര്‍ എന്നിവിടങ്ങളിലെല്ലാം മിമിക്രിയും സ്‌കിറ്റുമായി നടന്ന ഗോപാലകൃഷ്ണന്‍ അക്കാലത്ത് സ്റ്റേജ് ഷോകളില്‍ തിളങ്ങിനിന്ന ജയറാമിനെ പരിചയപ്പെട്ടതാണ് ദിലീപ് എന്ന നടന്റെ ഉദയത്തിനു കാരണമായത്. നടനാകുന്നത് എളുപ്പമല്ല, എന്ന ഉപദേശം നല്‍കി ഗോപാലകൃഷ്ണനെ സംവിധായകന്‍ കമലിന് പരിചയപ്പെടുത്തി നല്‍കി.
പിന്നീട് നായകനായി ഉയര്‍ത്തപ്പെട്ട ദിലീപ് മത്സരിച്ചത് ജയറാമിനോടായിരുന്നു. സംവിധായകരെ കൂട്ടുപിടിച്ചും, കുതികാല്‍ വെട്ടിയും ജയറാമിന്റെ കരിയറിലെ ഒരുപറ്റം നല്ല സിനിമകള്‍ തട്ടിയെടുക്കാന്‍ ദിലീപിനു സാധിച്ചു. കുട്ടികളും സ്ത്രീകളുമടങ്ങുന്ന പ്രേക്ഷകവൃന്ദത്തെ ദിലീപ് കീഴ്‌പെടുത്തുകയും ചെയ്തു. ഇതോടെ ദിലീപ് സിനിമിയ്ക്കുള്ളിലും ജയറാം പുറത്തുമായി.
ദിലീപിന്റെ കരിയറിലെ മികച്ചതെന്ന് പറയപ്പെടുന്ന ജോക്കര്‍, പഞ്ചാബി ഹൗസ് തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍ ജയറാമിനെ മുന്‍കണ്ട് സംവിധായകര്‍ ചെയ്തതായിരുന്നെങ്കിലും ദിലീപ് ജയറാമിനെ ഒഴിവാക്കി കയറിപ്പറ്റുകയായിരുന്നു.