കൊച്ചി: നടൻ കലാഭവൻ മണിയുടെ മരണത്തിന് പിന്നിൽ ഗുണ്ടാനേതാവ് പോലീസ് കസ്റ്റഡിയിൽ.മണിയുടെ നിരവധി സാമ്പത്തിക ഇടപാടുകൾ ഇദ്ദേഹം വഴി വർഷങ്ങളായി ഉണ്ടായിരുന്നു.കലാഭവൻ മണിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് കൊച്ചിയിലെ റിയൽ എസ്‌റ്റേറ്റ് ഇടപാടുകാരൻ കൂടിയായ കുപ്രസിദ്ധ ഗുണ്ടാത്തലവനെ പോലീസ് ചോദ്യംചെയ്യും. അടുത്തിടെ നടന്ന ഒരു സംഭവത്തെച്ചൊല്ലി ഇവർ തമ്മിൽ അകന്നിരുന്നുവെന്നും പറയപ്പെടുന്നു. ഗുണ്ടാനേതാവുമായുള്ള സൗഹൃദം നിമ്മിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അതിന്റെ പേരിൽ മണി വീട്ടിലേക്കും പോകാറുണ്ടായിരുന്നില്ല. ഗുണ്ടാനേതാവ് കൊച്ചി സിറ്റി പോലീസ് പരിധിയിൽ നടന്ന നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്.  മണിയുടെ അടുപ്പക്കാരനായിരുന്ന ഇയാൾ റിയൽ എസ്‌റ്റേറ്റ് രംഗത്ത് മണിയെ സഹായിക്കുമായിരുന്നു. മണിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ എന്നു വിശേഷിപ്പിക്കാവുന്നത്ര അടുപ്പമുള്ള ഇയാൾക്ക് മണിയുടെ സമ്പാദ്യങ്ങളെപ്പറ്റി വ്യക്തമായ അറിവുണ്ടാകുമെന്ന് അന്വേഷണസംഘം കരുതുന്നു.

തൃശൂർ കേന്ദ്രീകരിച്ച് മണി ഇയാൾക്കൊപ്പം ഒത്തുതീർപ്പ് ഇടപാടുകൾ നടത്തിയിരുന്നെന്നും അതുവഴി മണിക്ക് നിരവധി ശത്രുക്കളുണ്ടെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഈ വഴിക്കും അന്വേഷണമുണ്ടാകും.

Loading...

മണിയുടെ മരണാനന്തര ചടങ്ങുകളിൽ മുൻനിരയിലുണ്ടായിരുന്ന ഇയാൾ ഇപ്പോൾ സംസ്ഥാനത്തിനു പുറത്താണെന്നാണു വിവരം. നേരത്തേ മണിയും വനപാലകരും തമ്മിൽ വാക്കുതർക്കമുണ്ടായ അവസരത്തിൽ സുഹൃത്തിന്റെ ഭാര്യയും ഇയാളും ഒപ്പമുണ്ടായിരുന്നു. അയൽ സംസ്ഥാനങ്ങളിലടക്കം മണി നടത്തിയ റിയൽ എസ്‌റ്റേറ്റ് ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് ഗുണ്ടാത്തലവനുമായുള്ള ബന്ധം പോലീസ് കണ്ടെത്തിയത്. ഇയാൾ രണ്ടു തവണ പോലീസിന്റെ പിടിയിലായപ്പോഴും പുറത്തിറക്കാൻ മണിയുടെ ഇടപെടലുകളുണ്ടായി. അടിപിടിക്കേസുകളിലൂടെ കുപ്രസിദ്ധി നേടിയ ഇയാളെ വൻതോക്കുകൾക്കിടയിലുള്ള പ്രശ്‌നങ്ങൾ ഒത്തുതീർപ്പാക്കുന്ന ഇടനിലക്കാരനായി വളർത്തിയെടുത്തതു മണിയാണ്. നിലവിൽ സംസ്ഥാനത്തെ സ്വർണവ്യാപാരികളുടെയും വൻകിട റിയൽ എസ്‌റ്റേറ്റുകാരുടെയും തർക്കങ്ങൾ പരിഹരിക്കുന്നത് ഇയാളാണ്.

മണിയുടെ ആരാധകനായ ഇയാളുടെ വീടിനു സമീപത്തുള്ള ക്ഷേത്രത്തിലെ ഉൽസവത്തിന് മണി മുടങ്ങാതെ എത്തിയിരുന്നു. ഈ ക്ഷേത്രത്തിനുവേണ്ടി തയാറാക്കിയ ഭക്തിഗാന കാസറ്റിൽ മണി പാടിയിട്ടുമുണ്ട്. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നതിനാൽ കഴിഞ്ഞ ഉൽസവത്തിന് മണി എത്തിയിരുന്നില്ല. മണിയുടെ മരണവാർത്തയറിഞ്ഞ് ഇയാൾ സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് പൊട്ടിക്കരഞ്ഞതായും പറയപ്പെടുന്നു. പലപ്പോഴും മണിയുടെ ആഡംബര കാർ ഇയാളാണ് ഉപയോഗിച്ചിരുന്നതെന്നും വിവരമുണ്ട്.

മുമ്പ് അതിരപ്പള്ളിയിൽ വച്ച് വനപാലകരെ ആക്രമിക്കുമ്പോൾ മണിയോടൊപ്പം സുഹൃത്തിന്റെ ഭാര്യയും ഉണ്ടായിരുന്നു. ഇവരെ അപമാനിച്ചു എന്ന് പറഞ്ഞാണ് മണി വനപാലകരെ ആക്രമിക്കാൻ ശ്രമിച്ചത്. അപ്പോഴും ഈ ഗുണ്ടാത്തലവൻ മണിയുടെ കൂടെയുണ്ടായിരുന്നു.

മണിയുടെ സ്വത്തിൽ വലിയൊരു ഭാഗം എവിടെയാണെന്ന് അറിയില്ലെന്നാണ് വീട്ടുകാർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുള്ളത്. മണിക്ക് ഏകദേശം 50 കോടിയുടെ സ്വത്തുണ്ടെന്നു വിലയിരുത്തുമ്പോഴും അത് എവിടെയെന്നു വ്യക്തമല്ല. 23 വർഷത്തെ അഭിനയ ജീവിതംകൊണ്ട് ഇതിലേറെ സമ്പാദിക്കാമായിരുന്നു. എന്നാൽ കോടിക്കണക്കിന് രൂപ മണി ദാനം ചെയ്തിട്ടുണ്ടെന്ന് വീട്ടുകാർ കരുതുന്നു.

50 കോടിയുടെ സ്വത്തെങ്കിലും ചില ബന്ധുക്കളും സുഹൃത്തുക്കളും കൈയടക്കിവെച്ചിട്ടുണ്ടെന്ന് സംശയിക്കണം. മണിക്ക് ബിനാമി നിക്ഷേപങ്ങൾ ഉണ്ടായിരുന്നോ എന്നാണ് ആദ്യം അന്വേഷിക്കുന്നത്. മണിക്ക് ഏകദേശം 50 കോടിയുടെ സ്വത്തുണ്ടെന്നു വിലയിരുത്തുമ്പോഴും അത് എവിടെയെന്നു വ്യക്തമല്ല. അതു കണ്ടെത്തലാണ് പോലീസിന്റെ ലക്ഷ്യം. സഹായികളുടെ അക്കൗണ്ടിലൂടെ നടത്തിയ പണമിടപാടുകൾ, മണിയുടെ റിയൽ എസ്‌റ്റേറ്റ് ഇടപാടുകൾ, നിക്ഷേപങ്ങൾ എന്നിവ വിശദമായി പരിശോധിക്കും. മണിയുടെ സ്വത്തും പണവും ആരെങ്കിലും തട്ടിയെടുത്തോ എന്നും അന്വേഷിക്കും. സഹായികളുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും.

കുടുംബ ബന്ധത്തിൽ വിള്ളൽ വീണിരുന്നോ, എങ്കിൽ അതിനുള്ള കാരണങ്ങൾ എന്തെല്ലാം അതു അറിയാനും അന്വേഷണസംഘം ശ്രമിക്കുന്നുണ്ട്. ഭാര്യാപിതാവിന്റെ മൊഴി പോലിസ് വെളിപ്പെടുത്തിയിട്ടില്ല.

ഇതിനിടെ, ആശുപത്രി റിപ്പോർട്ടിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും രാസപരിശോധനാ ഫലത്തിലും പരസ്പരവിരുദ്ധമായ കാര്യങ്ങൾ കണ്ടെത്തിയതോടെ അന്വേഷണസംഘം ആശയക്കുഴപ്പത്തിലാണ്.

കൂടുതൽ പരിശോധനയ്ക്കായി മണിയുടെ ആന്തരാവയവങ്ങൾ, വസ്ത്രങ്ങൾ, ആശുപത്രിയിലെ കിടക്കവിരി, തലയിണ എന്നിവയടക്കം 25 വസ്തുക്കൾ പരിശോധനയ്ക്കായി കാക്കനാട് റീജനൽ അനലിറ്റിക്കൽ ലാബിൽ എത്തിച്ചു. ഇതിന്റെ ഫലം കിട്ടുന്നതോടെ പരിശോധനാഫലങ്ങളുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം നീങ്ങുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.