ദിലീപിന്റെ അറസ്റ്റ് സര്‍ക്കാരിന്റെ പേര്‍ വളര്‍ത്തി; ജാമ്യം ലഭിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ നിര്‍ണായക അറസ്റ്റ് പിണറായി നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ യശസ് വളര്‍ത്തി. ദിലീപിന് ജാമ്യം ലഭിക്കാതിരിക്കാന്‍ ആവശ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി. ഡിജിപിയെയും പ്രോസിക്യൂഷന്‍ ഡയറക്ടറിനെയും മുഖ്യമന്ത്രി നേരില്‍ സംസാരിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദിലീപിനു ജാമ്യം കിട്ടിയാല്‍ അത് സര്‍ക്കാരിനു വലിയ തിരിച്ചടിയാകും. നിയമമന്ത്രിയും മുഖ്യനും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയാണ് ധാരണയിലെത്തിയത്. ജാമ്യം ലഭിച്ചാല്‍ അത് പൊലീസും സര്‍ക്കാരും ഒത്തുകളിച്ചതാണെന്ന് വരുമെന്ന് സര്‍ക്കാര്‍ കരുതുന്നു. ദിലീപിനു വേണ്ടി പിആര്‍ ഏജന്‍സികളുടെ വെള്ളപൂശല്‍ ശ്രമവും സര്‍ക്കാരിന്റെ ശ്രദ്ധയിലുണ്ട്. പുതിയതായി ആരംഭിച്ച മലയാളം ന്യൂസ് പോര്‍ട്ടലുകളെല്ലാം അന്വേഷണത്തിന്റെ കീഴില്‍ വരും. കോസിന് എന്തെങ്കിലും സംഭവിച്ചാല്‍ ലോകമലയാളികളുടെ ഇടയില്‍ തന്നെ നാണംകെടേണ്ട അവസ്ഥ സര്‍ക്കാരിനുണ്ടാകും.
ഇടതുപക്ഷ എംഎല്‍എ-എംപി മാര്‍ ദിലീപിന് അനുകൂലം പറഞ്ഞതും സര്‍ക്കാരിനു വെല്ലുവിളിയായി. ദിലീപുമായി സര്‍ക്കാരിന് യാതൊരു പ്രതിബദ്ധതയുമില്ലെന്ന് കേസിലൂടെ തെളിയും. ദിലീപിനെതിരെ ശക്തമായി നീങ്ങാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നുമാണ് മുഖ്യമന്ത്രി ഇപ്പോള്‍ കരുതുന്നത്.