വി.കെ ഇബ്രാഹിം കുഞ്ഞിന്റെയും കുടുംബാഗങ്ങളുടെയും സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കണം: ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: അഴിമതിയില്‍ മുങ്ങിയ കേരള സര്‍ക്കാരിനെതിരെ പുതിയ വിവരങ്ങളുമായി ഗണേഷ് കുമാര്‍ രംഗത്ത്. പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെയും കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കണമെന്ന് കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ. പൊതുമരാമത്ത് വകുപ്പിലെ അഴിമതി സംബന്ധിച്ച് ലോകായുക്തയ്ക്ക് മുമ്പാകെ മൊഴി നല്‍കുകയായിരുന്നു ഗണേഷ്.

ഇബ്രാഹിം കുഞ്ഞ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച കാലത്ത് കുടുംബത്തിന് ഉണ്ടായിരുന്ന സ്വത്തും ഇപ്പോഴത്തെ ആസ്തിയും പരിശോധിക്കണം. മന്ത്രിയുടെ മൂന്ന് പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ ആസ്തിയും പരിശോധിക്കണം. പഴ്‌സണല്‍ സ്റ്റാഫംഗം നിസാമുദ്ദീന്റെ സ്വത്ത് സംബന്ധിച്ച് മന്ത്രി നിയമസഭയില്‍ നല്‍കിയ വിവരം തെറ്റാണെന്നും ഗണേഷ് പറഞ്ഞു.VK_IBRAHIM_KUNJU

Loading...

1983ല്‍ തോട്ടക്കാരനായ ഇബ്രാഹിം കുഞ്ഞ് രാഷ്ട്രീയത്തില്‍ എത്തിയ ശേഷമാണ് ഇത്രയധികം സ്വത്ത് സമ്പാദിച്ചത്. പൊതുമേഖലാ സ്ഥാപനത്തില്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കുമ്പോള്‍ ആയിരം രൂപയായിരുന്നു അദ്ദേഹത്തിന് പ്രതിഫലം ലഭിച്ചിരുന്നത്. ഇദ്ദേഹത്തിന് മറ്റ് വരുമാനമാര്‍ഗങ്ങളില്ല. കുടുംബത്തില്‍ മറ്റാര്‍ക്കും ജോലിയുമില്ല. മന്ത്രിയുടെ സ്വത്ത് വിവരങ്ങളില്‍ അസ്വഭാവികതയുണ്ട്.
മന്ത്രിക്ക് ലഭിച്ച കുടുംബ സ്വത്തും പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് സമ്പാദിക്കാന്‍ സാധ്യതയുള്ളതും പരിഗണിച്ചാല്‍ ഇപ്പോഴത്തെ ആസ്തിയുമായി പൊരുത്തമില്ല.

മന്ത്രിയും കുടുംബങ്ങളും കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിച്ചു. എന്നാല്‍ ഇവര്‍ നല്‍കുന്ന ആദായ നികുതി റിട്ടേണില്‍ വര്‍ധനവ് വന്നിട്ടില്ലെന്നും തെളിവുകള്‍ നിരത്തിക്കൊണ്ട് ഗണേഷ് വാദിച്ചു. കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സാവകാശം അനുവദിക്കണമെന്നും ഗണേഷ് പറഞ്ഞു. അടുത്ത മാസം 16ന് കൂടുതല്‍ തെളിവുകളുമായി ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു.

ലോകായുക്ത കോടതിമുറിയില്‍ വിതുമ്പിക്കൊണ്ടാണ് ഗണേഷ് മൊഴി നല്‍കിയത്. താന്‍ നല്‍കുന്ന തെളിവുകള്‍ തന്റെ ജീവന്റേയും മാനത്തിന്റേയും വിലയാണെന്നും ഗണേഷ് കോടതിയെ അറിയിച്ചു. ജസ്റ്റീസ് പയസ് കുര്യാക്കോസ്, ജസ്റ്റീസ് ബാലചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചിനു മുമ്പാകെയാണ് ഗണേഷ് മൊഴി നല്‍കിയത്.

സംസ്ഥാനത്ത് അഴിമതിയെ ഔദ്യോഗികവത്കരിച്ച സര്‍ക്കാരാണ് യു.ഡി.എഫിന്റേത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ലോകായുക്തയ്ക്ക് മുമ്പാകെ നല്‍കിയത്. കേസില്‍ കക്ഷി ചേരാന്‍ ആവശ്യപ്പെട്ടുവെങ്കിലൂം സാക്ഷിയായതിനാല്‍ തനിക്കതിന് കഴിയില്ല. കൂടുതല്‍ തെളിവുകള്‍ സത്യവാങ്മൂലമായി സമര്‍പ്പിക്കും. പൊതുമരാമത്ത വകുപ്പില്‍ അഴിമതി കൊടികുത്തി വാഴുന്നു. വയനാട്ടില്‍ റോഡിലെ സൈഡ് ബീം നിര്‍മ്മിക്കുന്നതിന് ഇരട്ടിയിലേറെ രൂപയാണ് ചെലവഴിച്ചത്. മീറ്ററിന് 2800രൂപ ചെലവുവരുന്ന ബീം സ്ഥാപിക്കാന്‍ 6000 രൂപയിലേറെ ചെലവഴിച്ചു. ഒരു റോഡ് നിര്‍മ്മാണത്തില്‍ 10 കോടിയുടെ അഴിമതി നടന്നിട്ടുണ്ട്. വകുപ്പിലെ ടെന്‍ഡറുകള്‍ നാല് കണ്‍സള്‍ട്ടന്‍സികളുടെ നിര്‍ദേശപ്രകാരമാണ് നല്‍കുന്നത്. മന്ത്രിയുടെ അറിവില്ലാതെ ഇത്തരത്തില്‍ പണം നല്‍കാന്‍ കഴിയില്ല.

ഇക്കാര്യം പരസ്യമായി പറഞ്ഞതിന്റെ പേരില്‍ തന്റെ ജീവനും അഭിമാനത്തിനും ഭീഷണിയുണ്ട്. എന്നാല്‍, പോലീസ് സംരക്ഷണം ആവശ്യപ്പെടില്ല. തന്നെ ഒന്നും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. എന്തൊക്കെ നഷ്ടപ്പെട്ടാലും അഴിമതിക്കെതിരായ പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ല. അഴിമതിക്കെതിരെ ഡല്‍ഹിയിലെ പോലെ എല്ലാവരും മുന്നോട്ടുവരണം. യു.ഡി.എഫ് ഇതര കക്ഷികളുടെ പിന്തുണ തനിക്കുണ്ടെന്നും ഗണേഷ് പറഞ്ഞു.