പീഡാനുഭവവാരവും പുനരുത്ഥാനവും

ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ വളരെ വിശുദ്ധമായി കരുതുന്ന ദിനങ്ങളാണ് പീഡാനുഭവവാരവും പുനരുത്ഥാനവും. ദൈവപുത്രനായ യേശു ലോകത്തിന്റെ പാപപരിഹാരത്തിനായി സ്വയം ബലിവസ്തുവായി തീരുന്ന ദിവ്യമായ അനുഭവമാണ് ഈ ദിനങ്ങളില്‍ ദര്‍ശിക്കുന്നത്. പാപികളുടെ വീണ്ടെടുപ്പിനുവേണ്ടി നീതിമാന്‍ ക്രൂശിക്കപ്പെടുന്ന ആ ദിനം സന്മനസുള്ള ആരെയും വേദനിപ്പിക്കും എന്നതുകൊണ്ടാകാം മലയാളികള്‍ ആ ദിനത്തെ ദുഃഖ വെള്ളിയാഴ്ച്ച എന്ന് വിളിക്കുന്നത്. എന്നാല്‍ ഇംഗ്ലിഷില്‍ ആ ദിവസത്തെ ഗുഡ് ഫ്രൈഡേ എന്നാണ് വിളിക്കുന്നത്. രണ്ട് നാമവിശേഷങ്ങള്‍ക്കും അതിന്റേതായ അര്‍ത്ഥമുണ്ട്.

holy-week

Loading...

ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ഹൃദയത്തില്‍ വേദന ഉളവാക്കി നന്മെ പശ്ചാത്താപത്തിലേക്കും മാനസാന്തരത്തിലേക്കും നയിക്കുമെന്ന അര്‍ത്ഥത്തില്‍ ഈ ദുഃഖാചരണത്തിലൂടെ ഒരു പുതിയ സൃഷ്ടിയായി മാറുന്നതിന് അവസരമൊരുക്കുന്നതിനാല്‍ നമുക്കതിനെ ദുഃഖ വെള്ളിയാഴ്ച്ച എന്ന് വിളിക്കാം. എന്നാല്‍ പീഡാനുഭവത്തിന്റെ മൂന്നാം ദിവസം നടക്കുന്ന യേശുവിന്റെ പുനരുത്ഥാനം ദുഃഖ വെള്ളിയെ ഗുഡ് ഫ്രൈഡേ ആക്കി മാറ്റുന്നു. യേശു പുനരുത്ഥാനം ചെയ്തില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ശപിക്കപെട്ട ദിനങ്ങളില്‍ ഒന്നായി ദുഃഖ വെള്ളിയാഴ്ച്ച മാറുമായിരുന്നു. പുനരുത്ഥാനം എന്ന ഉയിര്‍പ്പ് പെരുന്നാള്‍ ആ കാഴ്ച്ചപാടിനെ ആകെ മാറ്റി മറിച്ചു ഇന്നിപ്പോള്‍ ആ ദിവസം ദുഃഖിപ്പിക്കുന്നതിനോടൊപ്പം നമ്മുക്ക് പ്രത്യാശയും നല്‍കുന്നുണ്ട് .

ഈ പീഡാനുഭവവാരം വിശുദ്ധിയിലും പ്രാര്‍ത്ഥനയിലും ഉപവാസത്തിലും ത്യാഗപ്രവര്‍ത്തികളിലും ചിലവഴിക്കാന്‍ നാം ശ്രദ്ധിക്കണം ക്രിസ്തുവിനോടൊപ്പം ക്രൂശിക്കപ്പെടാന്‍ നമ്മുടെ പാപാവസ്ഥയെ നമ്മുക്ക് വിട്ടു കൊടുക്കാം. ആദിമനുഷ്യനായ ആദാം മുതല്‍ ക്രിസ്തുവിന്റെ കുരിശു മരണംവരെ ഉള്ള നാളില്‍ പാതാളത്തില്‍ തടവിലാക്കപെട്ടിരുന്ന മരിച്ചുപോയവരുടെ ആത്മാക്കളോട് യേശു സുവിശേഷം അറിയിക്കുകയും, പുനരുത്ഥാനത്തിന്റെ അറിവ് നല്കി അവരെ ജീവിപ്പിക്കുകയും ചെയ്തതുപോലെ ക്രിസ്തുവിന്റെ പുനരുത്ഥാനത്തോടൊപ്പം വിശുദ്ധിയുള്ള ഒരു പുതു സൃഷ്ടിയായി നമുക്കും ഉയിര്‍ത്തെഴുന്നേല്ക്കാം.

ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെപേരില്‍ പീഡിപ്പിക്കപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്യുന്ന ക്രിസ്ത്യാനികള്‍ക്കായി നമ്മുക്ക് പ്രാര്‍ത്ഥിക്കാം. ഏതു ദുര്‍ഘട സാഹചര്യങ്ങളിലും ധൈര്യത്തോടെ യേശുവിനു സാക്ഷികളായിത്തീരുവാന്‍ സന്നദ്ധമായ അവരുടെ വീര്യപ്രവര്‍ത്തികള്‍ നമുക്ക് പ്രചോദനം നല്‍കട്ടെ. നമ്മുടെ ജീവിതസാഹചര്യങ്ങളിലും ധൈര്യപൂര്‍വ്വം യേശുവിന്റെ സാക്ഷികളായിത്തീരുവാന്‍ നമുക്ക് തയ്യാറെടുക്കാം. ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നവരുടെ മാനസാന്തരത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. അവരും ക്രിസ്തുവിന്റെ അനുയായികളായിതീരുവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.

hosana 11 (FILEminimizer)നമ്മുടെ സ്വകാര്യ ദുഃഖങ്ങളും വേദനകളും യേശുവിന്റെ കുരിശുമരണത്തോടൊപ്പം ഒരു ബലിയായി സന്തോഷപൂര്‍വ്വം നമുക്ക് പിതാവിന്റെ പക്കല്‍ സമര്‍പ്പിക്കാം. നമ്മുടെ അനുദിന ജീവിതങ്ങളിലെ കുരിശുകള്‍ സന്തോഷപൂര്‍വ്വം ഏറ്റെടുത്തുകൊണ്ട് യേശു നടന്നു നീങ്ങിയ കുരിശിന്റെ വഴിയിലൂടെ നമുക്കും നടന്നു നീങ്ങാം. തീര്‍ച്ചയായും ആ യാത്ര നമ്മുടെ പുനരുത്ഥാനത്തോടുകൂടി സമാപിക്കും. നശ്വരമായ ഈ ജീവിതത്തില്‍ മാത്രം ശ്രദ്ധ വയ്ക്കാതെ അനശ്വരമായ നിത്യ ജീവിതത്തില്‍ പ്രത്യാശവച്ചുകൊണ്ട് നമുക്ക് ജീവിക്കാം.പീഡാനുഭവ വാരത്തിന്റെയും ഈസ്റ്ററിന്റെയും മംഗളങ്ങള്‍ ആശംസിക്കുന്നു.