കുമ്മനം രാജേശഖരനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ബിജെപി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ബി ജെ പി ജില്ലാ കമ്മിറ്റി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കായി ദേശീയ ജനറല്‍ സെക്രട്ടറി വി രാംലാല്‍ ഇന്ന് തലസ്ഥാനത്തെത്തും.

കുമ്മനം വന്നാല്‍ ജയം ഉറപ്പാണെന്ന് സംസ്ഥാന അധ്യക്ഷനുമായുള്ള കൂടിക്കാഴ്ചയില്‍ ജില്ലാ നേതാക്കള്‍ അഭിപ്രായപ്പെട്ടു.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് മുന്നോടിയായിജില്ലാ പ്രസിഡന്റുമാരടക്കം ഓരോ ജില്ലയിലെയും നേതാക്കളുമായി സംസ്ഥാന അധ്യക്ഷന്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് കുമ്മനം വന്നാല്‍ അനന്തപുരി പിടിക്കാമെന്ന് ജില്ലാ നേതൃത്വം പറഞ്ഞത്.

Loading...

ശബരിമല വിവാദം ശക്തമായി നിലനില്‍ക്കുന്നതും, പാര്‍ട്ടിക്ക് അതീതമായി കുമ്മനത്തിനുള്ള ബന്ധങ്ങളും, നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവില്‍ രണ്ടാമതെത്തിയതുമെല്ലാണ് ജില്ലാ നേതൃത്വം നിരത്തുന്ന അനുകൂല ഘടകങ്ങള്‍.

പക്ഷെ മിസോറാം ഗവര്‍ണ്ണറായ കുമ്മനത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള മടക്കത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര നേതൃത്വവും ആര്‍ എസ് എസ്സുമാണ്.

സംസ്ഥാന അധ്യക്ഷനായിരിക്കെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെയായിരുന്നു കുമ്മനത്തെ അപ്രതീക്ഷിതമായി ഗവര്‍ണ്ണറാക്കിയത്. ആര്‍ എസ് എസ്സും കുമ്മനത്തിന്റെ മടക്കം ആഗ്രഹിക്കുന്നുണ്ട്.