രാഷ്ട്രീയത്തിൽ സജീവമാകാൻ കുമ്മനം കേരളത്തിൽ; തന്ത്രം മെനഞ്ഞത് മോദിയുമായുള്ള കൂടിയാലോചനയിൽ

തിരുവനന്തപുരം: മിസോറം ഗവർണർ സ്ഥാനം രാജിവച്ചെത്തിയ കുമ്മനം രാജശേഖരൻ ഇന്നു മുതൽ സജീവ രാഷ്ട്രീയത്തിലേക്ക്. രാവിലെ തിരുവനന്തപുരത്തെത്തിയ കുമ്മനത്തിനു വൻ സ്വീകരണമാണ് ബിജെപി നൽകിയത്. ബിജെപി അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കി കുമ്മനത്തെ മിസോറം ഗവർണറാക്കിയതിൽ സംസ്ഥാനത്ത് സംഘപരിവാർ സംഘടനകൾക്ക് കടുത്ത അമർഷം നിലനിന്നിരുന്നു. കേരളത്തിന്‍റെ പ്രത്യേക സാഹചര്യത്തിൽ അനുയോജ്യനായ നേതാവിയിട്ടാണ് കുമ്മനത്തെ സംഘപരിവാർ സംഘടനകൾ കാണുന്നത്. തുടർന്ന് സമ്മർദം ശക്തമാക്കിയതോടെയാണ് ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള കുമ്മനത്തിന്‍റെ മടങ്ങി വരവ്.

ബിജെപിയുടെ കരുത്ത് വർധിച്ച ശബരിമല വിഷയത്തിൽ പോലും കാര്യമായ അഭിപ്രായ പ്രകടനം കുമ്മനം നടത്തിയില്ലെന്നതും ശ്രദ്ധേയമാണ്. കേരളത്തിലേക്കുള്ള വരവിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കുമ്മനം ചര്‍ച്ച നടത്തിയിരുന്നു. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ.ക്ക് കേരളത്തില്‍ മികച്ചപ്രകടനം നടത്തുമെന്നും ഇതിന് നേതൃത്വം നല്‍കാന്‍ കുമ്മനത്തിന് കഴിയട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

Loading...

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാനാണ് കുമ്മനം ഗവര്‍ണര്‍ പദവി രാജിവെച്ചത്. ശബരിമല വിഷയത്തെ തുടര്‍ന്ന് ബി.ജെ.പി ഏറ്റവും കൂടുതല്‍ വിജയസാദ്ധ്യത കല്‍പ്പിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. കെ സുരേന്ദ്രന്‍, സുരേഷ് ഗോപി എന്നിവരുടെ പേരുകള്‍ ഉയര്‍ന്ന് വന്നുവെങ്കിലും കുമ്മനത്തിന്‍റെ അത്രയും സ്വീകാര്യത മറ്റാര്‍ക്കുമില്ലെന്ന തിരിച്ചറിവിലാണ് ബിജെപി കുമ്മനത്തെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്.

തിരുവനന്തപുരത്ത് ഇത്തവണ സിറ്റിംഗ് എംപി ശശി തരൂരിനെ തന്നെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്. ശശി തരൂരിനെ മികച്ച ജനപിന്തുണയുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. കോണ്‍ഗ്രസ് സഖ്യം അധികാരം പിടിച്ചാല്‍ തരൂരിനെ പോലെ ഒരാളെ മന്ത്രിസഭയില്‍ വേണമെന്ന ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിരുന്നു. സിപിഐയുടെ സ്ഥാനാര്‍ത്ഥി നെടുമങ്ങാട് എംഎല്‍എ സി. ദിവാകരനാണ്. അതേസമയം കുമ്മനത്തിന്‍റെ വരവോടെ തിരുവനന്തപുരം മണ്ഡലം ശ്രദ്ധാകേന്ദ്രമാകുകയാണ്.