ന്യൂഡല്‍ഹി: വിഴിഞ്ഞം പദ്ധതിയ്ക്കു വേണ്ടി ഗൗതം അദാനിയുമായി മുഖ്യമന്ത്രി നടത്തിയത് രഹസ്യകൂടിക്കാഴ്ചയല്ലെന്ന് കോണ്‍ഗ്രസ് എം പി കെ വി തോമസ്. മുഖ്യമന്ത്രിക്കൊപ്പം താനും  തുറമുഖ വകുപ്പ് മന്ത്രി കെ ബാബുവിന്റെയും ചീഫ് സെക്രട്ടറിയുടെയും സാന്നിദ്ധ്യത്തിലാണ് ചര്‍ച്ച നടത്തിയത്. അനാവശ്യവിവാദമുണ്ടാക്കുന്ന സിപിഎം പദ്ധതി ഇപ്പോഴത്തെ രീതിയില്‍ വേണ്ടെന്ന് പറയാന്‍ തയ്യാറുണ്ടോയെന്നും കെ വി തോമസ് ചോദിച്ചു. വിഴിഞ്ഞം പദ്ധതിയില്‍ 6000 കോടി രൂപയുടെ കുംഭകോണം നടന്നുവെന്ന് പിണറായി വിജയന്‍ ആരോപിച്ചിരുന്നു. കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കിയതില്‍ മുഖ്യമന്ത്രി ദുരൂഹമായ ഇടപെടല്‍ നടത്തി.

2015 മാര്‍ച്ച് മൂന്നിന് ഡല്‍ഹിയിലെ ഒരു എംപിയുടെ വസതിയില്‍ അദാനിയുമായി രഹസ്യചര്‍ച്ച നടത്തി. അന്ന് എന്താണ് ചര്‍ച്ച ചെയ്തത്? ടെണ്ടറില്‍ പങ്കെടുക്കുന്ന ഒരു സ്വകാര്യകമ്പനി ഉടമയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് പിണറായി വിജയന്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. ഇതിന് മറുപടിയുമായാണ് കെ വി തോമസ് എം പി രംഗത്തെത്തിയിരിക്കുന്നത്. പദ്ധതി വേണ്ടെങ്കില്‍ സിപിഎം അത് തുറന്നു പറയാന്‍ തയ്യാറാണോ എന്നും കെ വി തോമസ് ചോദിച്ചു. നെടുമ്പാശേരി വിമാനത്താവളവും കൊച്ചി മെട്രോയുമടക്കം കേരളത്തിന്റെ വികസനപദ്ധതികള്‍ക്കായി മുന്‍പും ഇടപെട്ടിട്ടുണ്ടെന്നും അത് ഇനിയും തുടരുമെന്നും കെ വി തോമസ് വ്യക്തമാക്കി.

Loading...

കഴിഞ്ഞ മാര്‍ച്ച് മൂന്നിന് കെ.വി. തോമസ് എംപിയുടെ വസതിയില്‍ ഗൗതം അദാനിയും മുഖ്യമന്ത്രിയും രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് എന്തിനായിരുന്നെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വിഴിഞ്ഞം അദാനിക്കു തന്നെ നല്‍കാമെന്ന് അന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടോയെന്നും ഇടതു നേതാക്കളായ എം.വിജയകുമാറും വി. സുരേന്ദ്രന്‍പിള്ളയും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു.