ഭൂമിയിടപാട് കേസ്, കര്‍ദിനാളിന് തിരിച്ചടി; കോടതിയില്‍ നേരിട്ട് ഹാജരാകണം

ന്യൂഡല്‍ഹി: ഭൂമിയിടപാട് കേസില്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. കാക്കനാട് മജിസ്ട്രേറ്റ് കോടതിയില്‍ നാളെ ഹാജരാകുന്നതില്‍നിന്ന് ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കർദിനാൾ സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹർജിയാണ് കോടതി തള്ളിയത്.

സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂതറയാണ് സുപ്രീം കോടതിയില്‍ കര്‍ദിനാളിനുവേണ്ടി ഇക്കാര്യം ആവശ്യപ്പെട്ടത്. കര്‍ദിനാള്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന ഹൈക്കോടതി വിധി മറച്ചുവച്ചുകൊണ്ടാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്ന് പരാതിക്കാരനായ ഷൈന്‍ വര്‍ഗീസിന്റെ അഭിഭാഷകന്‍ രാകേന്ദ് ബസന്ത് കോടതിയില്‍ പറഞ്ഞു.

Loading...

കൂടാതെ മത മേലധ്യക്ഷന്മാര്‍ക്ക് നിയമത്തില്‍ പ്രത്യേക ഇളവുകള്‍ ഇല്ലെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും രാകേന്ദ് ബസന്ത് വാദിച്ചു. ഇതോടെ കര്‍ദിനാളിന്റെ ആവശ്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, ദിപാങ്കര്‍ ദത്ത എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി നല്‍കിയ ഹര്‍ജിയും, പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിലെ തുടര്‍ നടപടികള്‍ക്ക് എതിരെ വിവിധ രൂപതകള്‍ നല്‍കിയ ഹര്‍ജിയും അടുത്ത വര്‍ഷം ജനുവരി പത്തിന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.