ധനമന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് നാളെ എല്‍.ഡി.എഫ് ഉപരോധം

തിരുവനന്തപുരം: ‘ധനമന്ത്രി കെ എം മാണി മന്ത്രിസ്ഥാനം രാജിവയ്ക്കുക’, ‘സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കുക’ എന്നീ ആവശ്യങ്ങളുന്നയിച്ച്‌ സെക്രട്ടേറിയറ്റും കളക്ടറേറ്റുകളും നാളെ എൽഡിഎഫ്‌ ഉപരോധിക്കും. കേരളത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ ഇല്ലാത്ത സംഭവങ്ങളാണ്‌ സംസ്ഥാനത്ത്‌ ഇപ്പോൽ നടക്കുന്നത്‌. സംസ്ഥാന മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ സർക്കാരിന്റെ കീഴിലുള്ള വകുപ്പ്‌ അന്വേഷണം നടത്തി പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്ന്‌ കണ്ടെത്തിയിരിക്കുന്നു. ആ മന്ത്രി സ്ഥാനത്ത്‌ തുടരുന്ന സ്ഥിതിയാണ്‌ നിലനിൽക്കുന്നത്‌. കേരളത്തിന്റെ ഉന്നതമായ രാഷ്ട്രീയ സംസ്കാരത്തെ വെല്ലുവിളിക്കുന്ന ഈ നടപടിക്കെതിരെ കേരളമൊന്നാകെ അണിനിരക്കണമെന്ന് വൈക്കം വിശ്വൻ അഭ്യർത്ഥിച്ചു.

ബജറ്റ്‌ അവതരണം ഉൾപ്പെടെ അഴിമതിക്കുള്ള ഉപാധിയാക്കി മാറ്റുന്ന ധനമന്ത്രി കെ എം മാണി ബജറ്റ്‌ അവതരിപ്പിക്കരുത്‌ എന്നാവശ്യപ്പെട്ടുകൊണ്ടാണ്‌ പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധം ഉയർത്തിയത്‌. അതിൽ പങ്കെടുത്ത വനിതാ അംഗങ്ങളെ കോൺഗ്രസ്‌ (ഐ) യിലെ പുരുഷ എംഎൽഎമാർ ആക്രമിക്കുകയും, ലൈംഗിക ചുവയോടുകൂടി അപമര്യാദയായി പെരുമാറുകയും, ജാതിപ്പേര്‌ വിളിച്ച്‌ അധിക്ഷേപിക്കുകയും ചെയ്തു. നിയമസഭയ്ക്കകത്തുപോലും വനിതാ എം.എൽ.എമാർക്ക്‌ സംരക്ഷണം ലഭിക്കാത്ത അവസ്ഥയിലേക്ക്‌ കേരളം മാറിയിരിക്കുകയാണ്‌. ഇതു സംബന്ധിച്ച്‌ വനിതാ എംഎൽഎമാർ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്ത സ്ഥിതിവിശേഷം അത്യന്തം പ്രതിഷേധാർഹമാണ്‌. ഈ സാഹചര്യത്തിലാണ്‌ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തണമെന്നും അഴിമതിക്കേസിൽ പ്രതിയായ കെ എം മാണി രാജിവയ്ക്കണമെന്നുമുള്ള മുദ്രാവാക്യം എൽഡിഎഫ്‌ മുന്നോട്ടുവെക്കുന്നത്‌.

Loading...

കേരളത്തിന്റെ ഉന്നതമായ രാഷ്ട്രീയ സംസ്കാരം സംരക്ഷിക്കുന്നതിനും അഴിമതിക്കെതിരെയും സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതിനുംവേണ്ടി നടത്തുന്ന ഈ പ്രക്ഷോഭത്തിൽ നാടിനെ സ്നേഹിക്കുന്ന മുഴുവൻ ജനങ്ങളും അണിനിരക്കണമെന്ന്‌ വൈക്കം വിശ്വൻ അഭ്യർത്ഥിച്ചു.