മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി, ഒന്നര കിലോയോളം തൂക്കം വരും. നല്ല അവയവം എന്നു കരളിനെ വിളിക്കാം. സങ്കീർണമായ നിരവധി പ്രവർത്തനങ്ങളിൽ കരളിന്റെ സ്ഥാനം ചെറുതല്ല. അതുകൊണ്ട് തന്നെ കരളിന്റെ ആരോഗ്യവും സംരക്ഷണവും വളരെ പ്രാധാന്യം അർഹിക്കുന്നു. കരളിനെ ബാധിക്കുന്ന രോഗമാണ് ലിവർസിറോസിസ്. മദ്യപാനമാണ് കരളിന്റെ ആരോഗ്യം തകർക്കുന്ന വില്ലൻ. എന്നാൽ മദ്യപിക്കാത്തവർക്കും ലിവർസിറോസിസ് വരാം. ഇതിനെ നോൺ ആൽക്കഹോളിക് ലിവർസിറോസിസ് എന്നു പറയുന്നു. മഞ്ഞപ്പിഞ്ഞബാധയാണ് ഇതിനുള്ള പ്രധാന കാരണം

  1. കരളിന്റെ സ്വാഭാവിക ആരോഗ്യം നഷ്ടപ്പെടുകയും കരളിലെ കോശങ്ങൾ നശിച്ചുപോകുകയും ചെയ്യുന്ന അവസ്ഥയാണ് ലിവർ സിറോസിസ്. ഇങ്ങനെ സംഭവിക്കുന്നത് കരളിന്റെ പ്രവർത്തനം തടസപ്പെടുത്തും.
  2. അമിതമായി മദ്യപിക്കുമ്പോൾ കരൾ കൂടുതൽ പ്രവർത്തിക്കേണ്ടിവരുന്നു. ഇത് കരളിന്റെ ആയുസ് കുറയ്ക്കും.
  3. കരളിലുണ്ടാകുന്ന അണുബാധ അപകടം ചെയ്യും.
  4. ലിവർ ബയോപ്‌സി, രക്തപരിശോധന എന്നിവയിലൂടെ രോഗനിർണ്ണയം നടത്താം.
  5. കരൾ മാറ്റിവെയ്ക്കലാണ് ഏറ്റവും ഫലപ്രദമായ ചികിത്സ
  6. ഛർദ്ദി, പെട്ടെന്നുണ്ടാകുന്ന ഭാരക്കുറവ്, കടുത്തക്ഷീണം, തലകറക്കം, തളർച്ച എന്നിവയാണ് ആദ്യകാല ലക്ഷണങ്ങൾ. കണ്ണുകൾ, ചർമ്മം, നഖം എന്നിവയിൽ മഞ്ഞ നിറമുണ്ടാകുന്നതും ലിവർസിറോസിസിന്റെ ലക്ഷണമാണ്.
  7. കരളിലുണ്ടാകുന്ന അണുബാധകളും രോഗങ്ങളും ലിവർ സിറോസിസിലേക്ക് നയിച്ചേക്കാം.
  8. ശരിയായ സമയത്ത് ചികിത്സിച്ചില്ലെങ്കിൽ ലിവർക്യാൻസറായി മാറുകയും ചെയ്യും.
  9. അന്തരീക്ഷമലിനീകരണം കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് പഠനം

സങ്കീർണമായ നിരവധി ധർമങ്ങളുള്ള ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ. നല്ലൊരുശതമാനം നശിച്ചുപോയാലും വീണ്ടും വളർന്നെത്താനുള്ള ശേഷി കരളിനുണ്ട്. ഏകദേശം ഒന്നരക്കിലോയോളം ഭാരം വളർച്ചയെത്തിയ ഒരാളുടെ കരളിനുണ്ടാകും. മദ്യപാനം, ജീവിതശൈലിയിൽ വന്ന അനാരോഗ്യകരമായ മാറ്റങ്ങൾ, വ്യായാമക്കുറവ് ഇവയൊക്കെ കരളിന്റെ ആരോഗ്യത്തെ ഏറെ പ്രതികൂലമായി ബാധിക്കാറുണ്ട്. കേടുപറ്റിയാൽ സ്വയം സുഖപ്പെടുത്താനുള്ള കഴിവുള്ളതിനാൽ ഏറെക്കാലം പ്രതിബദ്ധതയോടെ കരൾ ജോലി തുടരും. വീണ്ടെടുക്കാനാകാത്തവിധം കോശങ്ങൾ നശിക്കുന്നതോടെ കരൾ പ്രവർത്തനരഹിതമാകുന്നു.

Loading...

നിറയെ നേർത്ത സുഷിരങ്ങളുള്ള കോശങ്ങളാലാണ് കരൾ നിർമിച്ചിരിക്കുന്നത്. നേർത്ത രക്തലോമികകളാൽ സമ്പന്നമാണ് കരളിന്റെ ഉപരിതലം. പ്രാണവായുവും പോഷകങ്ങളും നിറഞ്ഞ രക്തത്തെ രക്തലോമികകളിൽ പിടിച്ചുനിർത്തി അഞ്ഞൂറിലധികം വ്യത്യസ്ത ധർമങ്ങൾ കരൾ നിർവഹിക്കുന്നു. ശരീരത്തിന്റെ വലതുവശത്തു ശ്വാസകോശത്തിനു തൊട്ടുതാഴെ ആമാശയത്തിനു മുകളിലായാണു കരൾ. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി, ഒന്നര കിലോയോളം തൂക്കം വരും. നല്ല അവയവം എന്നു കരളിനെ വിളിക്കാം. കാരണം, സ്വയം വളർന്നു വലുതാകാനുള്ള കഴിവുണ്ട്, 70 ശതമാനത്തോളം മുറിച്ചു മാറ്റിയാലും ബാക്കി ഭാഗം വളർന്നു പൂർണരൂപത്തിലെത്തും. ഹൃദയം, വൃക്ക, തലച്ചോർ ഇവയ്‌ക്കൊന്നുമില്ലാത്ത പ്രത്യേകത.അതുകൊണ്ടാണല്ലോ കരളിന്റെ ഒരു ഭാഗം ദാനം ചെയ്യാൻ കഴിയുന്നത്.

രക്തത്തിലെ പ്രധാനഘടകങ്ങളായ പ്ലാസ്മ പ്രോട്ടീനുകൾ, ആന്റി ത്രോംബിൻ, പ്രോത്രോംബിൻ തുടങ്ങിയവ ഉൽപാദിപ്പിക്കുകം, രക്തത്തിൽ നിന്നു വിഷാംശങ്ങളെ വേർതിരിക്കുക, ഭക്ഷണത്തിൽ നിന്നുള്ള ഊർജത്തെ ഗ്ലൂക്കോസാക്കി മാറ്റുകയും ആ ഗ്ലൂക്കോസിനെ ഗ്ലൈക്കൊജനാക്കി മാറ്റി സംഭരിക്കുകയും ചെയ്യുക, ശരീരത്തിന്റെ ആവശ്യത്തിനനുസരിച്ചു ഗ്ലൈക്കൊജനെ ഗ്ലൂക്കോസ് ആക്കി വീണ്ടും ശരീരത്തിലേക്കു തിരിച്ചു നൽകുക, ഒട്ടേറെ എൻസൈമുകളെ ഉൽപാദിപ്പിക്കുക, വിറ്റാമിനുകളും ധാതുലവണങ്ങളും സംഭരിക്കുക തുടങ്ങി കരളിനു നൂറുകൂട്ടം ജോലികളുണ്ട്.

കേരളത്തിന്റെ ജീവിതശൈലി തന്നെയാണു വില്ലൻ. അമിത മദ്യപാനം, വൈറസ് അണുബാധ, ഭക്ഷ്യവസ്തുക്കളിലെ വിഷാംശം, മരുന്നുകളുടെ അമിതോപയോഗം എന്നിവ ഇന്ന് സർവസാധാരണമാണല്ലോ. ചെറിയ കരൾരോഗങ്ങൾ പോലും പെട്ടെന്നു ഗുരുതരാവസ്ഥയിലേക്കു മാറുന്ന അവസ്ഥയാണു കേരളത്തിൽ. അത്ര ഗുരുതരമല്ലാത്ത ‘ഹെപ്പറ്റൈറ്റിസ് എ പോലും മാരക കരൾ രോഗത്തിലേക്കു തിരിയുന്ന സാഹചര്യമാണിവിടെ. പ്രതിരോധ കുത്തിവയ്പുകൾ എടുക്കുന്നുണ്ടെങ്കിലും ചിലപ്പോഴൊക്കെ ശരീരത്തിലുള്ള വൈറസുകളെ അവയ്ക്കു കീഴ്‌പ്പെടുത്താനാകില്ല. അന്നുവരെ കാണാത്ത പുതിയ ഭാവത്തിലേക്ക് ആ വൈറസുകൾ രൂപം മാറിയെത്തുകയും പ്രതിരോധമരുന്നിനെ പരാജയപ്പെടുത്തുകയും ചെയ്യുന്നതാണ് ഇതിന് ഒരു കാരണം.

സ്ഥിരമായി മദ്യപിക്കുന്നവർക്ക് ഏതെങ്കിലും വിധത്തിലുള്ള കരൾ രോഗങ്ങൾ എപ്പോഴെങ്കിലും വരുമെന്ന് ഉറപ്പ്. എന്നാൽ, മദ്യപിക്കാത്തവർക്കു കരൾ രോഗം വരില്ലെന്ന് ഒരുറപ്പുമില്ല. മദ്യപിക്കാത്തവരിൽ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ഇന്നു വളരെ സാധാരണം. സ്ത്രീകളിലും ഇതു വ്യാപകം. കുട്ടികൾക്കും വരാം. വ്യായാമക്കുറവും മോശം ഭക്ഷണശീലവുമൊക്കെ കാരണമാകാം. മദ്യപാനികളുമായി ചേർത്തുവായിച്ചിരുന്ന ‘സിറോസിസ്, മദ്യം തൊടാത്തവർക്കും വരാം.

ലക്ഷണമില്ലാതെ കരൾരോഗങ്ങൾ

കരളിനുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങൾ സ്വയം പരിഹരിച്ചു മുന്നേറുന്നതിനാൽ മിക്ക കരൾരോഗങ്ങളും കാര്യമായ ലക്ഷണങ്ങൾ ഏറെക്കാലം പ്രകടമാക്കാറില്ല. അതുകൊണ്ടുതന്നെ മിക്ക കരൾ രോഗങ്ങളും ഗുരുതരമായശേഷമാണ് പലരും തിരിച്ചറിയുക.കരളിൽ കൊഴുപ്പടിയുമ്പോൾ (ഫാറ്റി ലിവർ) വളരെ വ്യാപകമായ കരൾരോഗങ്ങളിലൊന്നാണ് ‘ഫാറ്റിലിവർ’ അഥവാ കരളിൽ കൊഴുപ്പടിയുന്ന അവസ്ഥ. രക്തത്തിലെ കൊഴുപ്പിനെ സംസ്‌കരിക്കാനുള്ള കരളിന്റെ ശേഷി കുറയുന്ന രോഗമാണിത്.

ഗുരുതരമായ കരൾരോഗങ്ങൾക്കും പ്രമേഹം, ഹൃദയാഘാതം തുടങ്ങിയ രോഗങ്ങൾക്കും ഫാറ്റി ലിവർ തുടർന്ന് ഇടയാക്കുമെന്നതിനാൽ പ്രാരംഭഘട്ടമായ ഫാറ്റി ലിവറിന്റെ നിയന്ത്രണത്തിന് ഏറെ പ്രാധാന്യമുണ്ട്. മദ്യപിക്കുന്നവരിലെ ഫാറ്റി ലിവർമദ്യപിക്കുന്നവരിൽ ആദ്യമെത്തുന്ന കരൾരോഗം ഫാറ്റി ലിവറാണ്. മദ്യപാനികളിൽ കരളിലെ കോശങ്ങളിൽ കൊഴുപ്പടിഞ്ഞുതുടങ്ങാൻ അധികകാലമൊന്നും വേണ്ട. ഈ ഘട്ടത്തിൽ കരളിന്റെ സ്വാഭാവിക തവിട്ടുകലർന്ന ചുമപ്പുനിറം മാറി വെളുത്തുതുടങ്ങും. കൊഴുപ്പടിയലിന്റെ തോത് പരിധിക്കുമുകളിൽ ഉയരുകയും ഒപ്പം കരളിനെ മറ്റു രോഗങ്ങൾ ബാധിക്കുകയും ചെയ്യുമ്പോൾ കരൾ വീർത്ത് വലുതാകാനും മൃദുത്വം നഷ്ടപ്പെടാനും തുടങ്ങും. വേണ്ടത്ര പരിഗണന നൽകാതിരിക്കുകയും മദ്യപാനം തുടരുകയും ചെയ്യുന്നതിലൂടെ കരൾരോഗങ്ങൾ അടുത്തഘട്ടത്തിലേക്കു നീങ്ങും.

ബാഹ്യലക്ഷണങ്ങൾ പൊതുവേ കുറവാണെങ്കിലും വയറിന്റെ വലതുവശത്ത് വാരിയെല്ലിനു തൊട്ടുതാഴെ ഉണ്ടാകുന്ന വേദന, വയറിനുണ്ടാകുന്ന അസ്വസ്ഥതകളും ക്ഷീണവും പ്രത്യേക ശ്രദ്ധയോടെ കാണണം. കൂടാതെ ഓക്കാനം, ഛർദി, വിശപ്പില്ലായ്മ, കാലിലെ നീര് തുടങ്ങിയവയും ചിലരിൽ പ്രകടമാണ്. മദ്യപിക്കാത്തവരിലെ ഫാറ്റി ലിവർമദ്യപിക്കാത്തവരിലും കരളിൽ കൊഴുപ്പടിയാറുണ്ട്. പ്രമേഹം, ഉയർന്ന കൊളസ്‌ട്രോൾ, അമിതവണ്ണം, വ്യായാമക്കുറവ്, കൊഴുപ്പടങ്ങിയ ഭക്ഷണശീലങ്ങൾ, അധികഭക്ഷണം, ചില മരുന്നുകൾ എന്നിവ മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. മുതിർന്നവർക്കൊപ്പം കുട്ടികളിലും യുവാക്കളിലും ഇത് വ്യാപകമായി കാണുന്നു. തുടക്കത്തിൽത്തന്നെ നിയന്ത്രിച്ചുനിർത്തേണ്ട രോഗമാണിത്. കരളിന്റെ സംഭരണശേഷിക്ക് താങ്ങാവുന്നതിനുമപ്പുറം ഗ്ലൂക്കോസ് കരളിലെത്തിയാൽ കൊഴുപ്പ് വിതരണംചെയ്യാനാകാതെ കരളിൽത്തന്നെ അടിഞ്ഞുകൂടി ഫാറ്റി ലിവറിനിടയാക്കും. കൂടാതെ കൊഴുപ്പുകോശങ്ങളിൽനിന്ന് ഉപയോഗത്തിനായി കൊഴുപ്പ് എടുക്കുമ്പോഴും കരളിൽ കൊഴുപ്പടിയാം.

liver-2

കരളിൽ കൊഴുപ്പടിയുന്നതു തടയാൻ
മദ്യപാനം പൂർണമായും ഒഴിവാക്കുക. കോളകൾ, കാർബണേറ്റഡ് പാനീയങ്ങൾ, മധുരപാനീയങ്ങൾ ഇവ ഒഴിവാക്കുക. ചുവന്ന മാംസം, വറുത്തതും പൊരിച്ചതുമായ ഭക്ഷണം, കേക്ക്, പേസ്ട്രി, മധുരവും കൊഴുപ്പും അടങ്ങിയ ഭക്ഷണം ഇവ പരമാവധി കുറയ്ക്കുക. പഴങ്ങൾ, ഇലക്കറികൾ, പച്ചക്കറികൾ, ചെറുമത്സ്യങ്ങൾ ഇവ ഉൾപ്പെട്ട നാടൻഭക്ഷണത്തിന് പ്രാധാന്യം നൽകുക. ലഘുവ്യായാമം ശീലമാക്കുക. പ്രമേഹം, കൊളസ്‌ട്രോൾ ഇവ നിയന്ത്രിച്ചുനിർത്തുക.

കരളിൽ നീർവീക്കമുണ്ടാകുന്ന രണ്ടാംഘട്ടം
ഫാറ്റി ലിവർ ഉള്ളവർ മദ്യപാനം തുടരുകയും ജീവിതശൈലി മെച്ചപ്പെടുത്താതിരിക്കുകയും ചെയ്യുന്നതോടെ കരൾരോഗം അടുത്തഘട്ടത്തിലേക്കു നീങ്ങും. മഞ്ഞപ്പിത്തം, പനി, വിശപ്പില്ലായ്മ, വയറുവേദന ഇവ ഈ ഘട്ടത്തിൽ പ്രകടമാകും. കോശങ്ങൾക്ക് ക്ഷതം ഏൽക്കുന്നതോടൊപ്പം കരളിൽ നീർവീക്കവും ഉണ്ടാകുന്നതിനെത്തുടർന്ന് കോശങ്ങൾക്കുചുറ്റും വെളുത്ത രക്താണുക്കൾ അടിയും. കൂടാതെ കരളിൽ പൊറ്റകൾ രൂപപ്പെടുന്നത് കരളിന്റെ പ്രവർത്തനക്ഷമത കുറയ്ക്കും. മദ്യപാനം പൂർണമായും നിർത്തുന്നതോടൊപ്പം ജീവിതശൈലി പുനക്രമീകരിക്കുന്നതും ഗുരുതരമായ അടുത്തഘട്ടത്തിലേക്കു നീങ്ങാതെ കരളിനെ സംരക്ഷിക്കും.

അവസാനഘട്ടം (സിറോസിസ്)
കരളിന് വളരെ വർഷമായി ഉണ്ടാകുന്ന കോശനാശമാണ് ഒടുവിൽ സിറോസിസിൽ എത്തിച്ചേരുന്നത്. കരളിനെ ബാധിക്കുന്ന മിക്ക രോഗങ്ങളും അവസാനിക്കുന്നത് സിറോസിസിലാണ്. മദ്യപാനം സിറോസിസ് രോഗികളുടെ എണ്ണത്തെ ഗണ്യമായി ഉയർത്തുന്ന പ്രധാന ഘടകമാണ്. പ്രതിരോധശക്തി കരളിനെതിരെ പ്രവർത്തിക്കുക, രക്തത്തിലും കരളിലും ചെമ്പിന്റെ അളവ് കൂടുക, പിത്താശയത്തിലെ അണുബാധകൾ, ചില മരുന്നുകൾ ഇവയും സിറോസിസിന് ഇടയാക്കാറുണ്ട്. സിറോസിസ് ബാധിക്കുന്നതോടെ സ്വയം സുഖപ്പെടുത്താനുള്ള കരളിന്റെ ശേഷി നഷ്ടമാകുന്നതോടൊപ്പം മൃദുത്വവും ഇല്ലാതാകുന്നു. കരൾകോശങ്ങൾ കട്ടിപിടിച്ച് ചുരുങ്ങി വടുക്കൾ കെട്ടി നശിക്കും. കരളിലൂടെയുള്ള രക്തത്തിന്റെ സുഗമമായ ഒഴുക്കിനെ കേടുവന്ന കലകൾ തടസ്സപ്പെടുത്തുന്നു. ക്രമേണ കരളിന്റെ പ്രവർത്തനക്ഷമത കുറയുന്നു.

തുടർന്ന് ദോഷകരമായ വിഷവസ്തുക്കളെ നിർവീര്യമാക്കാനോ രക്തം ശുദ്ധീകരിക്കാനോ അണുബാധ തടയാനോ കഴിയാതെ കരൾ പൂർണമായും പരാജയപ്പെടുന്നു. മഞ്ഞപ്പിത്തം, ക്ഷീണം, പേശികൾക്ക് ബലക്കുറവ്, ഭാരംകുറയുക ഇവ പ്രകടമാകാറുണ്ട്. കരൾരോഗികളിൽ രക്തം കട്ടപിടിക്കുന്നതിനാവശ്യമായ ഘടകങ്ങളുടെ ഉൽപ്പാദനം കുറയുന്നതിനാൽ രക്തം ഛർദിക്കുക, കുടലിലൂടെ രക്തസ്രാവം ഉണ്ടാവുക തുടങ്ങിയ സങ്കീർണതകളും ഉണ്ടാകാറുണ്ട്. വയറിൽ വെള്ളം കെട്ടിനിൽക്കുക, വയറ് വീർക്കുക, പാദങ്ങളിൽ നീരുണ്ടാവുക തുടങ്ങിയവ ഗുരുതരാവസ്ഥയുടെ സൂചനകളാണ്.

മയക്കം

കരൾ രോഗങ്ങളുടെ ലക്ഷണങ്ങളിൽ ഒന്നാണ് എല്ലായ്‌പ്പോഴുമുള്ള മയക്കം. രോഗബാധിതർക്ക് എല്ലായ്‌പ്പോഴും തലചുറ്റൽ അനുഭവപ്പെടും. ഇതിനൊപ്പം മുകളിൽ പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങൾ കൂടി പ്രകടമാവുകയാണെങ്കിൽ ഗുരുതരമായ കരൾരോഗം ഏതാണ്ട് ഉറപ്പിക്കാം. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ അടിയന്തിര വൈദ്യസഹായം തേടണം.

മാനസികാസ്വാസ്ഥ്യം

കരൾരോഗം അതീവ ഗുരുതരമാകുമ്പോഴാണ് ഈ ലക്ഷണം പ്രത്യക്ഷപ്പെടുക. ഗുരുതരമാകുമ്പോൾ രോഗം തലച്ചോറിനെ ബാധിക്കും. തലച്ചോർ പെട്ടെന്ന് പ്രതികരിക്കാതാകുമ്പോൾ രോഗി ആശയക്കുഴപ്പത്തിലാകും. ഇത് മാനസികാസ്വാസ്ഥ്യമായി പ്രകടമാകും. കരൾരോഗത്തിന്റെ ഏറ്റവും ഗുരുതരമായ ലക്ഷണമാണിത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച് തുടങ്ങിയാൽ ഉടൻ രോഗിയെ ആശുപത്രിയിലെത്തിക്കുക. ഈ ലക്ഷണം അവഗണിക്കുന്നത് രോഗിയുടെ ജീവൻ തന്നെ അപകടത്തിലാക്കാം.

കോമ

കരൾരോഗത്തിന്റെ ഏറ്റവും അവസാനത്തെയും ഏറ്റവും ഗുരുതരവുമായ ലക്ഷണമാണ് കോമ അഥവാ മസ്തിഷ്‌കാഘാതം മൂലമുണ്ടാകുന്ന ഒരിക്കലും ഉണരാത്ത അവസ്ഥ.

normal-liver

എൺപതുശതമാനത്തോളം അവശത വരുമ്പോഴേ കരൾ കരഞ്ഞു തുടങ്ങൂ. ആ സമയത്ത് അവശേഷിക്കുന്ന വഴി കരൾ മാറ്റിവയ്ക്കലായിരിക്കും. കരളിന്റെ പ്രവർത്തനം നിലയ്ക്കുക, ട്യൂമറുകൾ ബാധിക്കുക തുടങ്ങിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുമ്പോഴും പ്രതിവിധി കരൾമാറ്റം തന്നെ. മസ്തിഷ്‌ക മരണം സംഭവിച്ചവരിൽ നിന്നു കരൾ എടുത്തു മാറ്റിവയ്ക്കുക, ചേരുന്ന രക്തഗ്രൂപ്പുകൾ ഉള്ളവരിൽ നിന്നു കരളിന്റെ ഒരു ഭാഗം സ്വീകരിക്കുക എന്നിങ്ങനെ രണ്ടു തരത്തിലാണു കരൾ മാറ്റശസ്ത്രക്രിയകൾ. മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ കരൾ എടുത്താണു ലോകത്ത് ഭൂരിഭാഗം കരൾമാറ്റ ശസ്ത്രക്രിയകളും. എന്നാൽ കേരളത്തിലാകട്ടെ തൊണ്ണൂറു ശതമാനത്തിലേറെയും ജീവിച്ചിരിക്കുന്നവരിൽ നിന്നു കരൾ സ്വീകരിക്കുകയാണ് ചെയ്യുന്നത്.