നിങ്ങള്‍ ചെയ്യുന്നതും ചിന്തിക്കുന്നതുമാണ്‌ നിങ്ങള്‍ക്ക്‌ സൌന്ദര്യം പകരുന്നതെന്ന്‌, അമേരിക്കന്‍ എഴുത്തുകാരന്‍ സ്‌കോട്ട്‌ വെസ്‌റ്റര്‍ ഫെല്‍ഡിന്‍െറ വാക്കുകളാണ്‌ ഐറിസ്‌ മജുവിന്‌ പ്രേരണയും പ്രചോദനവും. പുനെയില്‍ നടക്കുന്ന മിസിസ്‌ ഇന്ത്യ–ഏഷ്യ ഇന്റര്‍ നാഷണല്‍ മത്സരത്തില്‍ സെമി ഫൈനല്‍ റൌണ്ടിലെത്തിയ ഏക മലയാളിയായ ഈ കുടുംബിനി അവിചാരിതമായാണ്‌ ഇത്തരമൊരു മത്സരത്തിനെത്തുന്നതും.

സംഘടാകര്‍ കൈമാറിയ ചോദ്യാവലിക്കു നല്‍കിയ മറുപടികളാണ്‌ ആദ്യ റൌണ്ടില്‍ ഐറിസിന്‌ മുന്നേറ്റം നല്‍കിയത്‌. ബുദ്ധിപരമായ ഈ ഉത്തരങ്ങള്‍ ഓരോന്നും മലയാളികള്‍ക്ക്‌ മൊത്തം അഭിമാനം പകരുന്നതായി. ആരോഗ്യ പരിപാലനത്തിനുളള മാര്‍ഗമായി സൈക്കിള്‍ സവാരി നിര്‍ദേശിച്ച ഐറിസ്‌ കോളജ്‌ മോക്ക്‌ പാര്‍ലമെന്റില്‍ ആരോഗ്യമന്ത്രിയായിരുന്നു. കേരളത്തിന്‍െറ ആരോഗ്യ മന്ത്രിയായിരുന്ന വി. എം. സുധീരന്‍ ആ സമയത്ത്‌ കോളജിലെത്തിയതും തന്നെ അഭിനന്ദിച്ചതും ഐറിസ്‌ ഓര്‍ക്കുന്നു. പുനെ മിലിട്ടറി എന്‍ജിനീയറിംഗ്‌ കോളജില്‍ പോസ്‌റ്റിങ്‌ ലഭിച്ച്‌ എന്‍ജിനീയര്‍ ഓഫീസര്‍ കേണല്‍ മജു ജോസഫിന്‍െറ ഭാര്യയാണ്‌. ഏയ്‌ബല്‍ ഏകമകനാണ്‌. പുന്നുരുന്നി ക്രൈസ്‌റ്റ്‌ ദ കിംഗ്‌ കോണ്‍വെന്റ്‌ സ്‌കൂള്‍, ആലപ്പുഴ സെന്റ്‌ ജോസഫ്‌സ്‌ കോളജ്‌ ഫോര്‍ വിമന്‍, പുനെ സിംബയോസിസ്‌ എന്നിവിടങ്ങളില്‍ പഠനം. ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ബിരുദവും എജ്യുക്കേഷണല്‍ അഡ്‌മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയെങ്കിലും വീട്ടമ്മയായി കഴിഞ്ഞു പോന്ന ഐറിസിനെ സുഹൃത്താണ്‌ മിസിസ്‌ ഇന്ത്യ– ഏഷ്യ ഇന്റര്‍ നാഷണലിലേക്ക്‌ നിര്‍ദേശിച്ചത്‌.

Loading...

Iris

ആദ്യ റൌണ്ടുകളില്‍ പങ്കെടുത്തപ്പോള്‍ ലഭിച്ച ആത്മവിശ്വാസവും ഒപ്പം പ്രാര്‍ഥനയുമാണ്‌ സെമി ഫൈനലിസ്‌റ്റാക്കാന്‍ തന്നെ യോഗ്യയാക്കിയതെന്ന്‌ ഐറിസ്‌ കരുതുന്നു. സ്‌ത്രീ സൌന്ദര്യമെന്നാല്‍ അഴകിന്‍െറ അളവെടുപ്പുകളല്ല, ബുദ്ധിയും വിവേകവും നല്‍കുന്ന ആകര്‍ഷണീയതയാണെന്ന്‌ ബോധ്യപ്പെട്ടപ്പോഴാണ്‌ പേജന്റില്‍ തുടരണമെന്ന്‌ ആഗ്രഹിച്ചത്‌. അതിനായുളള പരിശ്രമമായിരുന്നു പിന്നീട്‌. പല റൌണ്ടുകളിലും ഇരുനിറക്കാരിയായ തനിക്ക്‌ മുന്നേറാന്‍ കഴിഞ്ഞത്‌ പരിശ്രമവും ആത്മവിശ്വാസവും കൊണ്ടാണെന്നും ഈ മലയാളി സുന്ദരി കരുതുന്നു.

മലയാളികള്‍ ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെ പിന്തുണച്ചാല്‍ മാത്രം മതി മിസിസ്‌ ഇന്ത്യ മോസ്‌റ്റ്‌ ഫെയ്‌മസ്‌ ഓണ്‍ സോഷ്യല്‍ മീഡിയ എന്ന സബ്‌ ടൈറ്റില്‍ തനിക്ക്‌ ലഭിക്കും എന്ന്‌ ഐറിസിന്‌ ഉറപ്പ്‌. മെയ്‌ 15–18 വരെ പുനെ ഹോളിഡേ ഇന്നിലാണ്‌ ഗ്രാന്‍ഡ്‌ ഫിനാലെ. വിജയിയായാല്‍ ലോക ശ്രീമതിപ്പട്ടത്തിനായുളള മത്സരം മലേഷ്യയില്‍. എല്ലാവരുടെയും പ്രാര്‍ഥന അഭ്യര്‍ഥിക്കുന്നതിനൊപ്പം മലയാള നാടിനെ മറന്നുളള ഒരംഗീകാരവും വേണ്ടെന്ന നിശ്‌ചയദാര്‍ഢ്യവും ഈ ശ്രീമതിക്ക്‌. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ടതെന്ന ചോദ്യത്തിന്‌ ഐറിസ്‌ നല്‍കിയ ഉത്തരം കേരളത്തിലെ കായലുകളെന്നാണ്‌. എത്നിക്‌ വെയര്‍ റൌണ്ടില്‍ അണിയാന്‍ തിരഞ്ഞെടുത്തത്‌ കസവു പതിച്ച കേരള സാരിയും !