ഫോണില്‍ വിളിച്ചപ്പോള്‍ ഫുള്‍ടൈം ബിസി;ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് ചാടി ഭാര്യയുടെ കൈവെട്ടി യുവാവ്

വായ്പുര്‍: ക്വാറന്റൈനില്‍ കഴിയുകയായിരുന്ന യുവാവ് ഭാര്യയെ ഫോണില്‍ വിളിച്ചപ്പോള്‍ ഫുള്‍ടൈം ബിസി. ഭാര്യയെ ഫോണില്‍ കിട്ടാത്തപ്പോള്‍ രഹസ്യബന്ധം സംശയിച്ച ഭര്‍ത്താവ് ഒടുവില്‍ യുവതിയുടെ കൈവെട്ടി മാറ്റി. ഭാര്യയ്ക്ക് രഹസ്യബന്ധം സംശയിച്ചാണ് ഭര്‍ത്താവ് യുവതിയുടെ കൈ വെട്ടിയത്. ഞെട്ടിക്കുന്ന സംഭവം നടന്നത് ഛത്തീസ്ഡഢിലെ ജാഷ്പുര്‍ ജില്ലയിലാണ്. ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ലളിത് കോര്‍വ എന്ന 25 വയസ്സുകാരനാണ് അതിക്രമം കാണിച്ചത്. സംസ്ഥാനത്തിന് പുറത്തായിരുന്നു യുവാവ് ജോലി ചെയ്തിരുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഇയാള്‍ നാട്ടില്‍ തിരിച്ചെത്തി.

നാട്ടിലെത്തിയ ശേഷം ലളിത് കോര്‍വയെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് പല തവണ ഭാര്യയെ വിളിച്ചിട്ടും ഇയാള്‍ക്ക് സംസാരിക്കാന്‍ കഴിയാതെ വന്നത്. മിക്കസമയത്തും ഭാര്യ മറ്റൊരു കോളിലാണെന്ന് കേട്ട ഭര്‍ത്താവിന് ഭാര്യയ്ക്ക് മറ്റൊരു രഹസ്യബന്ധമുണ്ടെന്ന് സംശയിക്കുകയായിരുന്നു. തുടര്‍ന്ന് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും രഹസ്യമായി പുറത്തുകടന്ന ഇയാള്‍ വീട്ടിലെത്തിയപ്പോളും ഭാര്യ ഫോണിലായിരുന്നു.

Loading...

ഇതുകണ്ട ക്ഷുഭിതനായ ഇയാള്‍ ഉടന്‍ തന്നെ ഭാര്യയെ ആക്രമിക്കുകയും കോടലി ഉപയോഗിച്ച് ഫോണ്‍ പിടിച്ചിരുന്ന കൈ വെട്ടിമാറ്റുകയുമായിരുന്നു. ഇവര്‍ക്ക് രണ്ടുവയസ്സുള്ള മകനുണ്ട്. മകന്റെ മുന്നില്‍ വെച്ചായിരുന്നു ആക്രമണം നടത്തിയത്. സംഭവത്തിന് ശേഷം ചോരയില്‍ കുളിച്ചുകിടന്ന യുവതിയെ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയി. യുവതി അപകടനില തരണം ചെയ്‌തെങ്കിലും അറ്റുപോയ കൈ കൂട്ടിച്ചേര്‍ക്കാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.