വിഭാഗീയത രൂക്ഷം ; കുട്ടനാട്ടില്‍ സിപിഎമ്മില്‍നിന്ന് വീണ്ടും കൂട്ടരാജി

ആലപ്പുഴ: കുട്ടനാട്ടില്‍ സി.പി.എമ്മില്‍നിന്ന് വീണ്ടും കൂട്ടരാജി. പുളിങ്കുന്ന് ലോക്കല്‍ കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങളും രാജിക്കത്ത് നല്‍കിയെന്നാണ് പുറത്ത് വരുന്ന വിവരം. ഒരു മാസത്തിനിടെ 250 പേരാണ് കുട്ടനാട്ടില്‍ പാര്‍ട്ടി വിട്ടത്. വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് പ്രവർത്തകരുടെയും നേതാക്കളുടെയും കൂട്ട രാജി.

ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെയുള്ളവരാണ് രാജിക്കത്ത് നല്‍കിയത്. കാവാലം ലോക്കല്‍ കമ്മിറ്റിയില്‍നിന്ന് 60 പേര്‍ നേരത്തേ രാജിക്കത്ത് നല്‍കിയിരുന്നു. ഏരിയ നേതൃത്വവുമായുള്ള ഭിന്നതയാണ് പുളിങ്കുന്ന് ലോക്കല്‍ കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങളുടെയും കൂട്ടരാജിയിലേക്ക് നയിച്ചത്.

Loading...

വിഷയാധിഷ്ഠിതമായി ഓരോ പ്രശ്‌നങ്ങളിലും രണ്ടു വിഭാഗമായി നിന്ന് പോരിടുകയാണ് അംഗങ്ങള്‍. ഇതിനു പിന്നാലെ നേതൃത്വം കര്‍ശനമായ നിലപാടിലേക്ക് നീങ്ങി. ഇത് ഒരു വിഭാഗത്തെ പ്രകോപിപ്പിക്കുകയായിരുന്നു. അതേസമയം പാര്‍ട്ടി നേതൃത്വത്തില്‍നിന്നുള്ള കൂട്ടരാജി സംസ്ഥാന-ജില്ലാ നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വിഷയത്തില്‍ അടിയന്തരമായി ഇടപെടാന്‍ ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി.