ലണ്ടന്‍: ബ്രിട്ടനിലെ കുടിയേറ്റക്കാരായ സ്ത്രീകള്‍ക്കായ് പ്രത്യേക ഇംഗ്ലീഷ് പരീക്ഷ വരുന്നു. ഈ പരീക്ഷയില്‍ പാസാകാത്തവരെ ബ്രിട്ടനില്‍ നിന്ന് പുറത്താക്കുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ അറിയിച്ചു.

മറ്റു രാജ്യങ്ങളില്‍ നിന്ന് ബ്രിട്ടനില്‍ വന്നു ജോലിചെയ്യുന്ന ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പം വരുന്ന ജീവിത പങ്കാളികളുടെ ഇംഗ്ലീഷ് നിലവാരം മോശമാണെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ വിലയിരുത്തുന്നു. രണ്ടര വര്‍ഷത്തിലധികമായി ബ്രിട്ടനില്‍ താമസിക്കുന്നവര്‍ക്കാണ് പരീക്ഷ നടത്തുക. ഇതിന് മുന്നോടിയായി ഭാഷയില്‍ ഇവര്‍ക്ക് പരിശീലനം നല്‍കും. ഇതിനായി പ്രത്യേക ഫണ്ട് അനുവദിക്കുമെന്നും കാമറണ്‍ വ്യക്തമാക്കി. ഒക്ടോബറിലാണ് ഈ നിയമം നിലവില്‍ വരുക.

Loading...

ബ്രിട്ടനിലെ മുസ്‌ലിം സ്ത്രീകളെ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നിയമമെന്നാണ് റിപ്പോര്‍ട്ട്. മുസ്‌ലിം സ്ത്രീകള്‍ അവരുടെ സമൂഹത്തില്‍ മാത്രമായി ഒറ്റപ്പെട്ടുപോകുന്നതാണ് ഇത്തരക്കാരെ തീവ്രനിലപാടുകളിലേക്ക് നയിക്കുന്നതെന്നതാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ഇവരെ ബ്രിട്ടീഷ് സമൂഹവുമായി കൂടുതല്‍ അടുപ്പിക്കാനാണ് ഈ ഇംഗ്ലീഷ് ‘പരീക്ഷണം’. എന്നാല്‍, രാജ്യത്തെ മുസ്‌ലിം സമൂഹത്തെ ഒറ്റപ്പെടുത്തിക്കൊണ്ടുള്ളതാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ പുതിയ നീക്കമെന്ന് വിവിധ മുസ്‌ലിം സംഘടനകള്‍ ചൂണ്ടിക്കാട്ടി.

പരീക്ഷയില്‍ പാസാകാത്തപക്ഷം ഇവരെ മാതൃരാജ്യത്തേക്ക് തിരിച്ചയക്കാനാണ് തീരുമാനം. ഇംഗ്ലീഷില്‍ പ്രാവീണ്യം നേടുന്നതിനുള്ള സമയം അനുവദിക്കാനാണ് രണ്ടര വര്‍ഷത്തിലധികമായി ഇവിടെ താമസിക്കുന്നവര്‍ക്കു മാത്രം പരീക്ഷ നടത്തുന്നത്.

ബ്രിട്ടനില്‍വന്ന് മക്കളുമായി കഴിയുന്ന അമ്മമാര്‍ക്കും ഈ നിയമം ബാധകമാണോ എന്ന ചോദ്യത്തിന് ആരുടെ കാര്യവും ഉറപ്പുപറയാന്‍ പറ്റില്ലെന്നായിരുന്നു കാമറണിന്റെ മറുപടി. പുതിയ നിയമം അല്‍പം കാഠിന്യമുള്ളതാണെന്ന് അറിയാമെന്നും ബ്രിട്ടനിലേക്ക് വരുന്നവര്‍ക്കും ചില ഉത്തരവാദിത്തങ്ങളുണ്ടെന്നും കാമറണ്‍ പറഞ്ഞു.


എന്നാല്‍, ഈ നിയമം ബ്രിട്ടനിലെ മുസ്‌ലിം സ്ത്രീകളെ ലക്ഷ്യമിട്ടുള്ളതാണെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടനിലുള്ള 190,000 മുസ്‌ലിം സ്ത്രീകള്‍ക്കും ഇംഗ്ലീഷില്‍ പ്രാവീണ്യമില്ലെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. ബ്രിട്ടനിലെത്തുന്ന ഇവര്‍ മറ്റു വിഭാഗക്കാരുമായി തട്ടിച്ചുനോക്കുമ്പോള്‍ അവര്‍ക്കിടയില്‍ മാത്രം ഒതുങ്ങിപ്പോകുന്നതാണ് ഇംഗ്ലീഷില്‍ പ്രാവീണ്യം നേടുന്നതിന് തടസമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഇവരില്‍ 38,000 പേര്‍ക്കും ഇംഗ്ലീഷ് ഒട്ടും സംസാരിക്കാന്‍ അറിയില്ലെന്നാണ് റിപ്പോര്‍ട്ട്.