ഭാര്യയെയും മകനെയും നാട്ടിലെത്തിക്കാൻ ജോർജ് സൂക്ഷിച്ച പണം മോഷണം പോയി

ഇടുക്കി. മോഷ്ടാവ് തകർത്തത് ജോർജിന്റെ വലിയ സ്വപ്നമാണ്. തന്റെ ഫിലിപ്പീൻസ് സ്വദേശിനിയായ ഭാര്യയെയും മകനെയും കേരളത്തിലെത്തിക്കാൻ ജോർജ് കൂട്ടിവെച്ചിരുന്ന പണമാണ് മോഷണം പോയത്. കുമളി – മൂന്നാർ സംസ്ഥാന പാതയിലെ ഈ പെട്ടിക്കടയിൽ കള്ളൻ കയറി ഗ്യാസ് സിലിണ്ടറും പണവും കവർന്നപ്പോഴാണു നെടുങ്കണ്ടം കൽകൂന്തൽ ജോർജിന്റെ സ്വപ്നവും തകർന്നത്.

13 വർഷം മുൻപാണു കുവൈത്തിൽ ഡീസൽ എൻജിൻ മെക്കാനിക്കായി ജോലി ചെയ്തിരുന്ന ജോർജ് നഴ്സായ മാരിറ്ററിനെ പ്രണയിച്ചു വിവാഹം ചെയ്യുന്നത്. മകൻ ഡാനിയലിന്റെ ജനനശേഷം ജോർജും മാരിറ്ററും 2019ൽ ഫിലിപ്പീൻസിലെ മനിലയിൽ മാരിറ്ററിന്റെ വീട്ടിൽ താമസം ആരംഭിച്ചു. പിന്നീട് ജോർജ് തിരികെ കുവൈത്തിലെത്തി ജോലിയിൽ പ്രവേശിച്ചെങ്കിലും വാഹനാപകടത്തിൽ നട്ടെല്ലിനു ഗുരുതര പരുക്കേറ്റു.

Loading...

കോവിഡ് വ്യാപനത്തോടെ ജോർജ് നാട്ടിലേക്കു മടങ്ങി. ചികിത്സയ്ക്കും മറ്റുമായി വലിയ തുക ചെലവായതോടെ പണവും തീർന്നു. പട്ടിണി രൂക്ഷമായതോടെ ജോർജ് നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ അഭയം തേടി. ഇതോടെ പോലീസും പൊതുപ്രവർത്തകരും ചേർന്ന് കുമളി മൂന്നാർ സംസ്ഥാന പാതയിൽ ജോർജിന് ഒരു പെട്ടിക്കടയിട്ടു നൽകി. പെട്ടിക്കടയിലെ വരുമാനം കൊണ്ടാണ് ജീവിതം.

എന്നും വിഡിയോ കോളിൽ മാരിറ്ററും ഡാനിയേലും വിളിക്കുന്നതു മാത്രമാണ് ജോർജിന്റെ ആശ്വാസം. കഴിഞ്ഞ ദിവസം പെട്ടിക്കട കുത്തിത്തുറന്ന് കടയിലെ ഗ്യാസ് സിലിണ്ടറും പണപ്പെട്ടിയിലെ പണവും കള്ളൻ കൊണ്ടുപോയി. ഇതോടെ കച്ചവടവും മുടങ്ങി.