വിമാനത്തിനുള്ളിൽ യാത്രികരുടെ നിലവിളി ; ഇന്ത്യക്കാരന്‍റെ ഫേസ്ബുക്ക് ലൈവില്‍ അപകടദൃശ്യങ്ങൾ

കാഠ്മണ്ഡു : നേപ്പാളില്‍ വിമാനം അപകടത്തില്‍പ്പെടുന്നതിന് തൊട്ടുമുന്‍പും ശേഷവുമുള്ള ദൃശ്യങ്ങൾ പുറത്ത്.
വിമാനത്തിലെ ഇന്ത്യക്കാരനായ യാത്രക്കാരന്റെ മൊബൈല്‍ ഫോണില്‍നിന്നുള്ളതാണ് ദൃശ്യങ്ങള്‍. അദ്ദേഹം ഫെയ്‌സ്ബുക്കില്‍ ലൈവ് ചെയ്യുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. വിമാനത്തിന്റെ ഉള്ളില്‍നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്ന വീഡിയോയുടെ ആദ്യഭാഗത്തുള്ളത്.

ദൃശ്യങ്ങളിൽ വിമാനത്തിന്റെ വിന്‍ഡോയിലൂടെയുള്ള കാഴ്ചകളും കാണാം. പിന്നീട് വിമാനം ആടിയുലയുന്നതും യാത്രക്കാർ നിലവിളിക്കുന്നതും കാണാം. ഈ സമയത്താകാം വിമാനം താഴേക്ക് വീണതെന്നാണ് കരുതുന്നത്. പിന്നീട് കാണാനാകുന്നത് തീനാളങ്ങളാണ്. ഉത്തര്‍ പ്രദേശിലെ ഗാസിപുര്‍ സ്വദേശികളായ അഞ്ചുപേരാണ് വിമാനത്തിനുള്ളിലുണ്ടായിരുന്ന ഇന്ത്യക്കാർ. ഇതില്‍ സോനു ജെയ്‌സ്വാള്‍ എന്നയാളാണ് തകര്‍ന്നുവീഴുന്നതിന് തൊട്ടുമുന്‍പ് വിമാനത്തിനുള്ളില്‍നിന്ന് ഫെയ്‌സ്ബുക്ക് ലൈവ് ചെയ്തത്.

Loading...

ഇയാളും അപകടത്തിൽ മരണപ്പെട്ടു. ഇതേ വീഡിയോ സോനുവിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലുമുണ്ട്.
ഈ വീഡിയോ അപകടത്തിന് തൊട്ടുമുന്‍പത്തേതാണെന്നും യഥാര്‍ഥമാണെന്നും നേപ്പാള്‍ മുന്‍ എം.പിയും നേപ്പാളി കോണ്‍ഗ്രസ് സെന്‍ട്രല്‍ കമ്മിറ്റി അംഗവുമായ അഭിഷേക് പ്രതാപ് ഷാ പറഞ്ഞതായി എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. തനിക്ക് ഈ വീഡിയോ ലഭിച്ചത് ഒരു സുഹൃത്തില്‍നിന്നാണ്. ഒരു പോലീസുകാരനാണ് സുഹൃത്തിന് വീഡിയോ കൈമാറിയതെന്നും അദ്ദേഹം പ്രതികരിച്ചു.