നിര്‍ഭയ കേസില്‍ കേന്ദ്രസര്‍ക്കാറിന്റെ ഹര്‍ജിയില്‍ വിധി ഇന്ന്

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്ത പട്യാല ഹൗസ് കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് ഉച്ചയ്ക്ക് 2.30 ന് വിധി പറയും. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരുന്നു. കേസില്‍ കക്ഷിചേര്‍ന്നിട്ടുള്ള എല്ലാവരുടെയും വാദങ്ങള്‍ കേട്ട ശേഷം ഉത്തരവു പുറപ്പെടുവിക്കുമെന്നാണ് ജസ്റ്റിസ് സുരേഷ് കൈഠ് വ്യക്തമാക്കിയത്. ശിക്ഷ വൈകിപ്പിക്കാന്‍ പ്രതികള്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നു കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. ഞായറാഴ്ചയാണ് അടിയന്തര പ്രാധാന്യത്തോടെ കോടതി ഹര്‍ജിയില്‍ വാദം കേട്ടത്. മൂന്നര മണിക്കൂറോളം വാദം കേട്ടശേഷമാണ് വിധി പറയുന്നതിനായി മാറ്റിയത്.

അനിവാര്യമായത് നീട്ടികൊണ്ട് പോകുകയാണ് പ്രതികളുടെ തന്ത്രം.നിയമപരമായ പോംവഴിക്ക് പ്രതികള്‍ കാലതാമസം വരുത്തുകയും രാജ്യത്തിന്റെ ക്ഷമ പരീക്ഷിക്കുകയും ചെയ്യുന്നു. നാല് പേരുടെയും ശിക്ഷ ഒന്നിച്ച് നടത്തണമെന്നില്ല, ജയില്‍ ചട്ടത്തിലെ ഈ വ്യവസ്ഥയെ എതിര്‍ക്കുന്നു. ദയാ ഹര്‍ജി തള്ളിക്കളഞ്ഞ് ശിക്ഷ നടപ്പാക്കാം. രാഷ്ട്രപതിക്ക് ഓരോ പ്രതിയുടെയും കാര്യത്തില്‍ വ്യത്യസ്ത നിലപാട് എടുക്കാ0 – തുഷാര്‍ മേത്ത ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. കേസിലെ നാല് പ്രതികളില്‍ ഒരാളായ വിനയ് കുമാറിന്റെ ദയാ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. മണിക്കൂറുകള്‍ക്കകം മറ്റൊരു പ്രതിയായ അക്ഷയ്കുമാര്‍ ദയാഹര്‍ജി നല്‍കി. നേരത്തെ മുകേഷ് കുമാര്‍ സിങ്ങിന്റെ ഹര്‍ജി തള്ളിയിരുന്നു.പവന്‍ ഗുപ്തയാണ് കേസിലെ മറ്റൊരു പ്രതി.

Loading...

അതേസമയം വധശിക്ഷ നടപ്പിലാക്കാന്‍ സുപ്രീം കോടതിയോ ഭരണഘടനയോ നിശ്ചിത സമയം അനുവദിച്ചിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകനായ എപി സിംഗ് വാദിച്ചു.ഈ കേസില്‍ മാത്രം എന്തിനാണ് ഇത്ര ധിറുതി എന്നും എപി സിംഗ് ചോദിച്ചു. പ്രതികളായ പവന്‍കുമാര്‍, അക്ഷയ് കുമാര്‍, വിനയ് ശര്‍മ്മ, എന്നിവര്‍ക്ക് വേണ്ടിയാണ് എപി സിംഗ് ഹാജരായത്. മുകേഷ് സിങ്ങിന് വേണ്ടി ഹാജരായ അഭിഭാഷക റെബേക്ക ജോണും കേന്ദ്രത്തിന്റെ ഹര്‍ജിയെ എതിര്‍ത്തു. ജീവിതത്തിന്റെ അവസാന ശ്വാസം വരെ നിയമത്തിന്റെ എല്ലാ വഴികളും തേടാന്‍ ഭരണഘടന അനുവദിക്കുന്നുണ്ടെന്നും അവര്‍ കോടതിയില്‍ വാദിച്ചു. ഈ വാദങ്ങളൊക്കെ കേട്ട ശേഷമാണ് ഹര്‍ജി വിധി പറയുന്നതിനായി മാറ്റിയത്.

2012 ഡിസംബര്‍ 16നായിരുന്നു നിര്‍ഭയയെ ആറു പേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി റോഡില്‍ തള്ളിയിട്ടത്. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ പെണ്‍കുട്ടി മരിച്ചു.കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച നാല് പ്രതികള്‍ തീഹാര്‍ ജയിലിലാണ് ഉള്ളത്. രാംസിംഗ്, മുകേഷ് സിംഗ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ വിചാരണക്കാലയളവില്‍ രാംസിംഗ് ആത്മഹത്യ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതി 2015ല്‍ മോചിതനായി. മറ്റ് നാല് പേര്‍ക്കുമാണ് കോടതി വധശിക്ഷ വിധിച്ചിട്ടുള്ളത്.