1995ല്‍ ഐ എസ് ആര്‍ ഒ ചാരക്കേസിനെ തുടര്‍ന്ന് മുഖ്യമന്ത്രി കെ കരുണാകരനെ അട്ടിമറിക്കാന്‍ ഉമ്മന്‍ചാണ്ടി ഗ്രൂപ്പ് ചെലവഴിച്ചത് കോടികള്‍. തുക മുടക്കിയത് ഒരിക്കലും കൂറുമാറില്ലെന്ന് പരക്കെ വിശ്വസിച്ചിരുന്ന കരുണാകര അനുകൂലികളായ ഏഴ് എം എല്‍ എ മാരെ ചാക്കിട്ട് പിടിക്കാന്‍.

”എന്തുകൊണ്ടാണ്‌ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും കെ.കരുണാകരന്റെ രാജി കേരള രാഷ്ട്രീയം മറക്കാതെ ഇപ്പോഴും ചർച്ച ചെയ്യുന്നത്? കേരള രാഷ്ട്രീയത്തിൽ ഇതു പോലത്തേ ഒരു കൊടും ചതി ഉണ്ടായിട്ടില്ല. കേരളം കണ്ടതിൽ വയ്ച്ച് ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചനയും, അസത്യ പ്രചരണവും ചതിയുമായിരുന്നു കരുണാകരനെ പുറത്താക്കിയ ചരിത്രം. ഉമ്മൻ ചാണ്ടി എന്ന ഒരാളുടെ തലയിലൂടെ പോയ ആ മഹാപാതകം കേരളം എങ്ങനെ പൊറുക്കും? മരിക്കുന്നതിന് തലേന്ന് രാത്രിയും ഭാര്യ കല്യാണിയുടെ കൈയ്യിൽ നിന്നും ആഹാരം വാങ്ങിക്കഴിച്ചവർ പോലും അദ്ദേഹത്തേ തിരിഞ്ഞു കുത്തി. രാജിവയ്ച്ച ശേഷം കരുണാകരൻ ആദ്യം പറഞ്ഞത് എന്നെ പിന്നിൽ നിന്നും മുന്നിൽ നിന്നും കുത്തി എന്നാണ്‌.”

Loading...

പണം കൂടാതെ ആശ്രിതർക്കടക്കം സ്ഥാനമാനങ്ങൾ വാഗ്ദാനം നൽകി. ചിലരുടെ കാര്യത്തിൽ ബ്ലാക്ക് മെയിലിംഗും. മാരത്തൺ ചർച്ചകളും ഗൂഢാലോചനയും നടന്നത് 1995 ഫബ്രുവരി 15 നും മാർച്ച് 15 നും ഇടയ്ക്കുളള ഒരു മാസക്കാലം. അട്ടിമറി ഗൂഢാലോചന ഫൈനലൈസ് ചെയ്തതും ഇടപാടുകൾ നടപ്പാക്കിയതും തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിലും മെഡിക്കൽ കോളേജിനടുത്തെ വാടക വീട്ടിലും ദില്ലിയിലെ താജ് ഹോട്ടലിലും.  ഉമ്മൻചാണ്ടി ഗ്രൂപ്പിനായി പണം ചെലവാക്കിയത് മധ്യതിരുവിതാംകൂറിലെ ക്രൈസ്തവ വ്യവസായ ലോബി. കൂറുമാറിയ കരുണാകര അനുകൂലികളായ എം എൽ എ മാർ, വിലപേശി നേടിയ വാഗ്ദാനങ്ങൾ ഉറപ്പായി മുദ്രപത്രത്തിൽ എഴുതി വാങ്ങി. കൂറുമാറ്റ പ്രതിഫല തുക എം എൽ എ മാർ കൈപ്പറ്റിയത് ഹൈക്കമാൻറ് പ്രതിനിധിയായി ജി കെ മൂപ്പനാർ കമ്മിറ്റി തല എണ്ണാൻ കേരളത്തിലെത്തിയതിന് തൊട്ടടുത്ത ദിവസങ്ങളിൽ. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘം അതീവ രഹസ്യമായി നടത്തിയ ചാക്കിട്ട് പിടിത്ത ഇടപാടുകൾ മുഴുവാനായി അല്ലെങ്കിലും കൃത്യമായ സൂചനകൾ അപ്പപ്പോൾ എ കെ ആൻറണിക്കും ലഭിച്ചിരുന്നു.

1995 മാർച്ച് 16 ന് മുഖ്യമന്ത്രി സ്ഥാനം രാജി വച്ച് വീട്ടിൽ തിരിച്ചെത്തിയ കെ കരുണാകരൻ അടുപ്പക്കാരോട് പറഞ്ഞത്, മരിക്കുന്നതിന് തലേന്ന് രാത്രിയും ഭാര്യ കല്യാണിയുടെ കൈയ്യിൽ നിന്നും ആഹാരം വാങ്ങിക്കഴിച്ചവർ തന്നെ ഒറ്റിയെന്നാണ്. ഒരു മാസം നീണ്ട ചർച്ചകൾക്കൊടുവിൽ ചാഞ്ചാടി ചാഞ്ചാടി അവസാനം മൂപ്പനാർ കമ്മറ്റിക്ക് മുന്നിൽ ഹാജരായി കരുണാകരനെ  തളളിപ്പറഞ്ഞ് തികച്ചും നിഷ്ഭ്രമമാക്കിയ അടിയുറച്ച കരുണാകര ഭക്തർ   ഇവർ:

  1. തിരുവനന്തപുരം ഈസ്റ്റ് എം എൽ എ ആയിരുന്ന ബി വിജയകുമാർ.
  2. കോവളം എം ൽ എ ആയിരുന്ന ജോർജ്ജ് മസ്ക്രീൻ.
  3. ആറൻമുള എം എൽ എ ആയിരുന്ന കെ കെ ശ്രീനിവാസൻ.
  4. കൽപറ്റ എം എൽ എ ആയിരുന്ന കെ കെ രാമചന്ദ്രൻ മാസ്റ്റർ.
  5. മാനന്തവാടി എം എൽ എ ആയിരുന്ന കെ സി റോസകുട്ടി ടീച്ചർ.
  6. ഇടുക്കിയിൽ നിന്നുളള റോസമ്മ ചാക്കോ.
  7. പാറശ്ശാല എം എൽ എ ആയിരുന്ന രഘുചന്ദ്രപാൽ.

ആദ്യ മൂന്ന് പേര്‍ ജീവിച്ചിരിപ്പില്ല. മരിച്ചവരെ വിമര്‍ശനാത്മകമായി പരാമര്‍ശിക്കാന്‍ പാടില്ലെന്ന ആപ്തവാക്യം മാനിച്ച് അവരെ ഒ‍ഴിവാക്കുന്നു. എന്നാല്‍ മറ്റ് നാല് പേര്‍ക്ക്,  അട്ടിമറിക്ക് നേതൃത്വം നൽകിയ അഞ്ച് പേരിൽ മാത്രം ഒതുങ്ങി നിൽക്കുന്ന 1995 ഉളളുകളികളുടെ വിശദാംശങ്ങൾ വ്യക്തമാക്കാനാകും. പ്രത്യേകിച്ചും പുതിയ കാലത്തും ആരോപണം നിലനില്‍കുന്ന സാഹചര്യത്തില്‍. പണം, വീണ്ടും മത്സരിക്കാൻ വിജയം ഉറപ്പുളള സിറ്റ്, തിരഞ്ഞെടുപ്പ് നേരിടാനുളള മു‍ഴുവന്‍ ചെലവ്, തിരഞ്ഞെടുപ്പിൽ തോറ്റാലും ഭാവിയിൽ ഉയര്‍ന്ന സ്ഥാനങ്ങളില്‍ സംരക്ഷണം, നിലനില്‍ക്കുന്ന ആരോപണങ്ങളില്‍ നിന്നും രക്ഷപ്പെടുത്തല്‍, കെ.കരുണാകരനെ ഒറ്റാനായി അടിയുറച്ച കരുണാകരഭക്തരെന്ന് വിശ്വസിച്ചിരുന്നവർക്ക്  ഉമ്മൻചാണ്ടി നേരിട്ട് വാഗ്ദാനം ചെയ്തത് ഇവയൊക്കെ.

കെ കരുണാകരനെ ഒറ്റി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് തെറിപ്പിച്ച ശേഷം മേല്‍ സൂചിപ്പിച്ചവരുടെ രാഷ്ട്രീയ ജീവിതത്തിലേക്ക്….

1. കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍:- 03.05.1995 മുതല്‍ 09.05.1996 വരെ എ കെ ആന്‍റണി മന്ത്രി സഭയില്‍ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി; 05.09.2004 മുതല്‍ 14-01-2006 വരെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യവകുപ്പ് മന്ത്രി. 2006 ല്‍ ആരോപണവിധേയനായി രാജിവച്ച് പുറത്ത് പോയതും ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞതും ചരിത്രം. ഇത് നിയതിയുടെ പകവീട്ടലെന്ന് ദോഷൈകദൃക്കുകള്‍.

2. കെ സി റോസകുട്ടി ടീച്ചര്‍:- 1995 ന് ശേഷം കെ  സി റോസകുട്ടി ടീച്ചറുടെ രാഷ്ട്രീയ ജീവിതം സുല്‍ത്താന്‍ ബത്തേരി മണ്ഡലം വ‍ഴി എത്തി നിന്നത് സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത്.

3. റോസമ്മ ചാക്കോ:- 1995 ന് ശേഷം സുരക്ഷിത രാഷ്ട്രീയ ഭാവിക്കായി റോസമ്മ ചാക്കോക്ക് ലഭിച്ചത് വി എം സുധീരന്‍ വിട്ടൊ‍ഴിഞ്ഞ യു ഡി എഫിന്‍റെ ഉറപ്പുള്ള മണലൂര്‍ നിയമസഭാമണ്ഡലം.

4. രഘുചന്ദ്രബാൽ:- വിജയിക്കാനായില്ലെങ്കിലും ചോദിച്ച സീറ്റ് ലഭിച്ചു. അതിനൊക്കെ എത്രയോ മടങ്ങ് വലുതാണ് എക്സൈസ് വകുപ്പ് മന്ത്രി എന്ന നിലയിൽ അദ്ദേഹം നേരിട്ട ഗുരുതര ആരോപണങ്ങൾ പിന്നീട് പൊടിപോലുമില്ലാതെ തേഞ്ഞുമാഞ്ഞ് പോയത്. വഴങ്ങിയില്ലെങ്ങിൽ പുതിയ നേതൃത്വം അധികാരത്തിലേറുമ്പോൾ ഇരുമ്പഴി എന്ന ബ്ലാക്ക്മെയിലിംങ്ങും രഘുചന്ദ്രബാലിന് നേരെ ഉണ്ടായി.

മറ്റാരൊക്കെ കളം മാറിയാലും ഇവരിൽ  നൂറ് ശതമാനം വിശ്വസമർപ്പിച്ചാണ് നിയമസഭാ കക്ഷിയിൽ പൂർണ്ണ ആധിപത്യമുണ്ടെന്നും ആർക്കും തന്നെ ഒന്നും ചെയ്യാനാകില്ലെന്നുമുളള ആത്മവിശ്വാസത്തോടെ  കെ കരുണാകരൻ പരസ്യ പ്രസ്താവന നടത്തിയതും മറ്റ്  എല്ലാ നടപടികളിലും ഇടപെട്ടിരുന്നതും. പക്ഷേ ജി കെ മൂപ്പനാരുടെ തലയെണ്ണൽ കമ്മിറ്റിക്ക് മുന്നിൽ, ഉമ്മൻചാണ്ടിയുടെ പ്രലോഭനത്താൽ, കവാത്ത് മറന്നവരായി മാറി മേൽ സൂചിപ്പിച്ച ഏഴു കരുണാകര ഭക്തരും. 1995 ൽ കരുണാകരന് കുരുക്കായത് മറിയം റഷീദ.  ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ തന്ത്രവും മേൽ സൂചിപ്പിച്ച പ്രലോഭനങ്ങളും ചേർന്നപ്പോൾ സാക്ഷാൽ കെ കരുണാകരൻ ഔട്ട്. ഇരുപത് വർഷങ്ങൾക്ക് ശേഷം 2015 ൽ ഉമ്മൻ ചാണ്ടിക്ക് കുരുക്കായി സരിത എസ് നായർ.

Pradeep-profile

30-12-2015 ൽ കേരളത്തിലെത്തുന്ന പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി കോൺഗ്രസ് നേതാക്കളെ മാത്രമല്ല കാണുന്നത് ; ഘടകകക്ഷി നേതാക്കളമായും പ്രത്യേക കൂടിക്കാഴ്ച നടത്തും. അറിയിച്ചത് ഉമ്മൻചാണ്ടി. 1995 ൽ ഇതേ സന്ദർഭം മാധ്യമങ്ങളെ അറിയിച്ചത് കെ കരുണാകരൻ. 1995 ൽ കെ കരുണാകരനും 2015 ൽ ഉമ്മൻചാണ്ടിയും പറയുന്നത് ഒരേ കാര്യം. ഇരുവരും കൂട്ടിച്ചേർത്തതും ഒരേ കാര്യം. “”പ്രതിച്ഛായ വിലയിരുത്തുന്നത് നേതാക്കളല്ല ; ജനങ്ങൾ”” കരുണാകര യൂദാസുമാരെ ഇരുപത് വർഷങ്ങൾക്കിപ്പുറം കാലം വെളിപ്പെടുത്തുമ്പോൾ ഉമ്മൻചാണ്ടിയുടെ യൂദാസുമാരെ തിരയുന്ന അണിയറ നാടകങ്ങളുടെ കേളികൊട്ട് ചെറുതായി തുടികൊട്ടുന്നു. അത് പ്രചണ്ട താളമായാൽ!!!????