മൃതദേഹത്തിൽ 30 ദിവസം വരെ കൊവിഡ് വൈറസ് സാന്നിധ്യം ഉണ്ടാകും; ഡോക്ടർമാരുടെ വെളിപ്പെടുത്തൽ

ദുബൈ: കൊവിഡ് ബാധിച്ച് മരിച്ച ഒരാളുടെ മൃതദേഹത്തിൽ 30 ദിവസം വരെ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി വെളിപ്പെടുത്തൽ. ദുബൈ പൊലീസിലെ ഫോറൻസിക് ഡോക്ടർമാരുടേതാണ് വെളിപ്പെടുത്തൽ. അടുത്തിടെ മരണപ്പെട്ട രണ്ടുപേരുടെ മൃതദേഹങ്ങൾ പരിശോധിച്ച ശേഷമുള്ള വിലയിരുത്തലുകളാണ് ഡോക്ടർമാർ പുറത്തുവിട്ടിരിക്കുന്നത്. ഒന്നാമത്തെ കേസിൽ കടലിൽ മുങ്ങി മരിച്ച ഒരാളുടെ മൃതദേഹം 30 ദിവസത്തിലേറെ പഴക്കമുള്ള നിലയിൽ കണ്ടെത്തി. കടലിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹം പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ കൊവിഡ് പോസിറ്റീവായിരുന്നു.

മറ്റൊരു കേസിൽ 17 ദിവസങ്ങളായി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹത്തിലും കൊവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ദുബൈ പൊലീസ് വ്യക്തമാക്കുന്നു. തങ്ങളുടെ പരിശോധനാ ഫലങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും സ്‌പെഷ്യലൈസ്ഡ് ജേണലുകളിൽ ഈ വിവരങ്ങൾ പ്രസിദ്ധീകരിക്കാനൊരുങ്ങുകയാണെന്നും ദുബൈ പൊലീസിന്റെ ക്രിമിനൽ എവിഡൻസ് ആൻഡ് ക്രിമിനോളജി ജനറൽ വിഭാഗത്തിലെ ഫോറൻസിക് മെഡിസിൻ വിഭാഗം ഡയറക്ടർ മേജർ ഡോ.അഹ്മദ് അൽ ഹാഷെമി ‘അൽ ബയാൻ’ ദിനപ്പത്രത്തോട് വ്യക്തമാക്കി. നിലവിലെ ഗവേഷണങ്ങൾ അനുസരിച്ച് ഭൂരിഭാഗം വൈറസുകളും മനുഷ്യൻ മരിക്കുന്നതോടെ നശിക്കും. അതിനാൽ തന്നെ ഈ കണ്ടെത്തൽ വേറിട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Loading...