ഒമര്‍ അബ്ദുള്ളയ്ക്കും മെഹ്ബൂബ മുഫ്തിക്കുമെതിരെ കേസെടുത്ത സംഭവം ഞെട്ടിപ്പിക്കുന്നു;ചിദംബരം

ദില്ലി; ജമ്മുകാശ്മീരിലെ അവസ്ഥ വളരെയധികം മോശമാണെന്ന് കാണിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്ന ഒമര്‍ അബ്ദുള്ളയുടെ ഫോട്ടോ. ആളെ കണ്ടാല്‍ പോലും തിരിച്ചറിയാത്ത അവസ്ഥയിലായെന്ന് മമതാ ബാനര്‍ജിയും സീതാറാം യെച്ചൂരിയും അടക്കമുള്ള നേതാക്കള്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.ഇപ്പോഴിതാ ജമ്മു കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയെയും മെഹബൂബ മുഫ്തിയെയും പൊതുസുരക്ഷ നിയമ പ്രകാരം വീട്ടുതടങ്കലിലാക്കിയ സംഭവം ഞെട്ടലുളവാക്കിയതായി മുന്‍ ധനകാര്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം പ്രതികരിച്ചിരിക്കുന്നു.

കുറ്റം ചെയ്യാത്തവരെ തടങ്കലില്‍ വെക്കുന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തിന് യോജിച്ച രീതിയല്ല. അന്യായമായ നിയമങ്ങള്‍ പാസാക്കുമ്പോഴോ അന്യായമായ നിയമങ്ങള്‍ നടപ്പാക്കുമ്പോഴോ സമാധാനപരമായി പ്രതിഷേധിക്കുകയല്ലാതെ മറ്റെന്ത് മാര്‍ഗമാണ് ജനങ്ങള്‍ക്ക് മുന്‍പിലുള്ളതെന്ന് ചോദിച്ച ചിദംബരം സമാധാനപരമായ ചെറുത്തു നില്‍പ്പിനും നിസ്സഹകരണത്തിനും ആഹ്വാനം ചെയ്തു. ട്വിറ്ററിലാണ് ചിദംബരത്തിന്റെ പ്രതികരണം.

Loading...

കശ്മീരിലെ മറ്റൊരു മുഖ്യമന്ത്രിയും ഒമര്‍ അബ്ദുല്ലയുടെ പിതാവുമായ ഫാറൂഖ് അബ്ദുല്ലയും മാസങ്ങളായി പൊതുസുരക്ഷ നിയമ പ്രകാരം തടങ്കലിലാണ്. 82 വയസ്സാണ് അദ്ദേഹത്തിന്. ഒമര്‍, മെഹ്ബൂബ മുഫ്തി എന്നിവരെ കൂടാതെ മറ്റ് മൂന്ന് പേര്‍ക്കെതിരെയും വ്യാഴാഴ്ച പിഎസ്എ പ്രകാരം കേസെടുത്തിട്ടുണ്ട്. അതേസമയം വ്യക്തികളെ ദീര്‍ഘകാലം തടങ്കലില്‍ വെക്കുന്നതിനെ എതിര്‍ക്കുന്നുവെന്നും എന്നാല്‍ സമാധാനത്തിനും സാധാരണ നില പുനസ്ഥാപിക്കാനും ഇത് കാരണമാകുമെങ്കില്‍ അതിനെ പിന്തുണയ്ക്കാന്‍ മടിക്കുന്നില്ലെന്നും ബിജെപി അറിയിച്ചു.

വ്യക്തികളെ വിചാരണ പോലും കൂടാതെ രണ്ട് വര്‍ഷം വരെ തടങ്കലില്‍ വെക്കാവുന്ന പൊതുസുരക്ഷാ നിയമം 1978ലാണ് ജമ്മു കശ്മീരില്‍ പ്രാബല്യത്തില്‍ വന്നത്. ക്രൂരമായ നിയമമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ആഗസ്റ്റ് അഞ്ചാം തിയതി മുതല്‍ 49കാരനായ ഒമര്‍ അബ്ദുല്ലയെയും 60കാരിയായ മെഹബൂബ മുഫ്തിയെയും സെക്ഷന്‍ 107 പ്രകാരം വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. ഈ തടങ്കല്‍ ഇന്നലെ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ പൊതുസുരക്ഷാ നിയമപ്രകാരം കേസെടുത്തിരിക്കുകയാണ് മോദി സര്‍ക്കാര്‍. ചിദംബരം പറയുന്നു.