അടച്ചിട്ട പാക് വ്യോമപാത തുറന്നു …ആശ്വാസത്തോടെ ഇന്ത്യൻ വിമാനങ്ങൾ

ന്യൂഡൽഹി: ബാലാകോട്ട് വ്യോമാക്രമണത്തെ തുടർന്ന് ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ട് അട്ടച്ചിട്ട വ്യോമപാത പാകിസ്താൻ തുറന്നു നൽകിയതായി റിപ്പോർട്ട്. പാത അടച്ചിട്ടതിനെത്തുടർന്ന് വിവിധ അന്താരാഷ്ട്ര വിമാന സർവീസുകൾ വഴി മാറ്റേണ്ടി വന്നതിനെ തുടർന്ന് എയർ ഇന്ത്യക്ക് അഞ്ഞൂറോളം കോടിയുടെ സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നിരുന്നു.

പാക് വ്യോമപാത തുറന്നതോടെ പൊതുമേഖലാ കമ്പനിയായ എയർ ഇന്ത്യക്ക് വലിയ ആശ്വാസമാണ് നൽകുക. ഇന്ന് പുലർച്ച 12.41 ഓടെയാണ് എല്ലാ വിമാനകമ്പനികൾക്കും പാക് വ്യോമ പാതയിലൂടെ പറക്കാൻ അനുമതി നൽകിയിരിക്കുന്നത്.

Loading...

എല്ലാതരം സൈനികേതര വിമാനങ്ങൾക്കും പാതയിലൂടെ സഞ്ചരിക്കാൻ അനുമതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഫെബ്രുവരി 26-ന് നടന്ന വ്യോമാക്രമണത്തെ തുടർന്ന് പാകിസ്താൻ തങ്ങളുടെ 11 വ്യോമപാതകളിൽ തെക്കൻ മേഖലയിലെ രണ്ടെണ്ണമൊഴികെ ബാക്കിയെല്ലാം അടച്ചിട്ടിരുന്നു. ചില പാതകൾ പിന്നീട് തുറന്ന് നൽകുകയും ചെയ്തെങ്കിലും ഇന്ത്യൻ വിമാനങ്ങൾക്കുള്ള വിലക്ക് തുടർന്നു.

വഴി മാറി പോകേണ്ടി വരുന്നതിനാലുള്ള കടുത്ത സാമ്പത്തിക നഷ്ടത്തെ തുടർന്ന് എയർ ഇന്ത്യക്ക് അമേരിക്കൻ, യൂറോപ്യൻ സർവീസുകളിൽ ചിലത് താത്കാലികമായി നിർത്തിവെക്കേണ്ടി വരികയും മറ്റു ചിലത് വെട്ടിക്കുറക്കുയും വേണ്ടി വന്നിരുന്നു.