പി.സി ജോര്‍ജ് കേരള കോണ്‍ഗ്രസ് സെക്കുലറിനു നവജീവന്‍ നല്‍കുന്നു

തിരുവനന്തപുരം: തന്നെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും പുറത്താക്കുന്ന നടപടിയില്‍ പ്രതിക്ഷേധിച്ചും ഉമ്മന്‍ ചാണ്ടിയെയും, കെ.എം മാണിയെയും യു.ഡി.എഫിനെ തന്നെയും സമ്മര്‍ദത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയും പി.സി.ജോര്‍ജ് കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ പാര്‍ട്ടിക്ക് നവ ജീവന്‍ നല്‍കാന്‍ ശ്രമിക്കുന്നു. അതിനെത്തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ്സി (എം) ലെ പഴയ സെക്കുലര്‍ വിഭാഗം നേതാക്കളുടെ യോഗം ചൊവ്വാഴ്ച അദ്ദേഹം വിളിച്ചുചേര്‍ക്കും കൂടാതെ തിങ്കളാഴ്ച അദ്ദേഹത്തിന്റെ മണ്ഡലമായ പൂഞ്ഞാറിലെ മണ്ഡലം പ്രസിഡന്റുമാരുമായി ഭാവികാര്യങ്ങള്‍ സംസാരിക്കും.

സെക്കുലര്‍ വിഭാഗത്തിന്റെ മുന്‍ ചെയര്‍മാനായിരുന്ന ടി.എസ്. ജോണിന്റെ അധ്യക്ഷതയിലാണ് യോഗം. സെക്കുലര്‍ വിഭാഗത്തില്‍നിന്ന് മാണി ഗ്രൂപ്പിലെത്തിയ എം.ടി. ജോസഫ്, എസ്. ഭാസ്‌കരപിള്ള, ഇ.കെ. ഹസ്സന്‍കുട്ടി, തോമസ് കണ്ണന്തറ, ജോസ് കോലടി, മാലേത്ത് പ്രതാപചന്ദ്രന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

Loading...

തുടര്‍നടപടികള്‍ ആലോചിക്കാനാണ് യോഗം എന്നാണ് വിശദീകരണമെങ്കിലും യു.ഡി.എഫില്‍നിന്ന് പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കുകയാണ് ഈ യോഗത്തിന്റെ പ്രധാന ലക്ഷ്യമെന്ന് പി.സി ജോര്‍ജ് അറിയിച്ചു. എന്നാല്‍ കേരള കോണ്‍ഗ്രസ് സെക്കുലറിനെ യുഡിഎഫിനെക്കൊണ്ട് അംഗീകരിപ്പിച്ച് യുഡിഎഫില്‍ തുടരാനാണ് ജോര്‍ജിന്റെ പദ്ധതി.

മുഖ്യമന്ത്രിയുമായും മറ്റും സംസാരിച്ചപ്പോള്‍ ജോര്‍ജ് മുന്നോട്ടുെവച്ച നിര്‍ദേശം ഇതാണ് : ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പുറത്താക്കേണ്ട, അത് താന്‍ തന്നെ രാജിവെയ്ക്കാം. എന്നാല്‍ തന്നെ കേരളാ കോണ്‍ഗ്രസ്സി (എം) ല്‍ നിന്ന് പുറത്താക്കാന്‍ കെ.എം. മാണിയോട് നിര്‍ദേശിക്കണം. താന്‍ കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ പുനര്‍ജ്ജീവിപ്പിക്കാം. ഈ പാര്‍ട്ടിയെ യു.ഡി.എഫില്‍ ഘടകകക്ഷിയാക്കണം.

കെ.എം. മാണി നിര്‍ബന്ധം പിടിക്കുന്നതിനാല്‍ ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത്‌നിന്ന് നീക്കാന്‍ ഏതാണ്ട് ധാരണയായിട്ടുണ്ട്. ചീഫ് വിപ്പായതിനാല്‍ എല്ലാ കക്ഷികളുമായി ആലോചിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. വ്യാഴാഴ്ച അദ്ദേഹം വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന മുറയ്ക്ക് ഇത് സംബന്ധിച്ച തീരുമാനമുണ്ടായേക്കും.

എന്നാല്‍ തന്റെ പാര്‍ട്ടിയില്‍നിന്ന് പുറത്താകുന്ന ആളെ മറ്റൊരു പാര്‍ട്ടി രൂപവത്കരിച്ച് മുന്നണിയില്‍ നില്‍ക്കാന്‍ അനുമതി നല്‍കാനാകില്ലെന്നാണ് മാണിയുടെ നിലപാട്. യു. ഡി.എഫ്. അംഗത്വമുണ്ടെങ്കില്‍ കേരളാ കോണ്‍ഗ്രസ്സില്‍നിന്ന് അസംതൃപ്തരെ പിടിക്കാന്‍ ജോര്‍ജിന് കഴിയും. പ്രത്യേകിച്ചും പഞ്ചായത്ത് തിരഞ്ഞെടുപ്പും മറ്റും വരുമ്പോള്‍ അസംതൃപ്തര്‍ ഉണ്ടാകുക സ്വാഭാവികം.

ആര്‍. ബാലകൃഷ്ണപിള്ളയുടെ കാര്യവും മാണിവിഭാഗം ചൂണ്ടിക്കാണിക്കുന്നു. മുന്നണിയിലെ മറ്റ് കക്ഷികള്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിനാണ് അദ്ദേഹത്തെ യു. ഡി.എഫില്‍നിന്ന് പുറത്താക്കിയത്. ഒരു പാര്‍ട്ടിയെ മുന്നണിയില്‍ എടുക്കുന്നതിന് മറ്റ് കക്ഷികളുടെയെല്ലാം സമ്മതം വേണമെന്ന കീഴ്‌വഴക്കവും മാണി ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു.

2016 മെയിലാണ് ഈ സര്‍ക്കാരിന്റെ കാലാവധി കഴിയുക. ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയുണ്ടെങ്കില്‍ ഒഴിവുവരുന്ന മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും. രണ്ട് മാസം കൂടി കഴിഞ്ഞാല്‍ ഉപതിരഞ്ഞെടുപ്പ് നടക്കില്ലെന്ന് സാരം.

കേരളാ കോണ്‍ഗ്രസ് സെക്കുലറിന്റെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തേക്ക് ജോര്‍ജ് തത്കാലം വരില്ല. നിലവില്‍ അദ്ദേഹം കേരളാ കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാനാണ്. പുതിയ പാര്‍ട്ടിയില്‍ അംഗമായാല്‍ അദ്ദേഹം കൂറുമാറ്റ നിരോധനനിയമത്തിന്റെ പരിധിയില്‍ വരും. എം.എല്‍.എ. സ്ഥാനം നഷ്ടമായാല്‍ പൂഞ്ഞാറില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും. ഏതെങ്കിലും ഒരു മുന്നണിയില്‍ അല്ലാതെ ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നത് ബുദ്ധിപരമല്ലെന്ന് ജോര്‍ജിനറിയാം. ഉടനടി ഇടതുമുന്നണിയുടെ ഭാഗമാകുകയെന്നതും എളുപ്പമല്ല.