തീരാനോവായി മിന്‍സ; മൃതദേഹം നാട്ടിലേക്ക്, ഖത്തറിലെ സ്‌കൂള്‍ അടച്ചുപൂട്ടി

ഖത്തറില്‍ സ്‌കൂള്‍ ബസ്സിനുള്ളില്‍ കുടുങ്ങി മലയാളി വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ നടപടി. അല്‍ വക്രയിലെ സ്പ്രിങ്ഫീല്‍ഡ് കിന്‍ഡര്‍ ഗാര്‍ട്ടന്‍ അടച്ചുപൂട്ടാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. സ്‌കൂള്‍ ജീവനക്കാര്‍ക്ക് വീഴ്ച ഉണ്ടായതായി അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. സ്‌കൂള്‍ ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. മിന്‍സയുടെ മരണത്തില്‍ ആഭ്യന്തര വിദ്യാഭ്യാസ ആരോഗ്യ വകുപ്പുകളുടെ സംയുക്ത അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തെന്നാണ് സൂചന.

ഇതിനിടെ മിന്‍സയുടെ മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം സ്വദേശമായ കോട്ടയം ചിങ്ങവനത്തേക്ക് കൊണ്ട് പോകും. അല്‍ വക്രയിലെ എമര്‍ജന്‍സി ആശുപത്രി മോര്‍ച്ചറിക്ക് മുന്നില്‍ വന്‍ ജനാവലിയാണ് മിന്‍സയെ അവസാനമായി ഒന്ന് കാണാന്‍ എത്തിയത്. കേസന്വേഷണം നടക്കുന്നതിനാല്‍ രണ്ട് ദിവസം നീണ്ട വിശദമായ ഫോറന്‍സിക് മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷമാണ് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയത്.

Loading...

സ്‌കൂള്‍ ബസിനുള്ളില്‍ കുടുങ്ങി മലയാളി വിദ്യാര്‍ഥിനി മരിച്ചത് വിശ്വസിക്കാനാവാതെ ഖത്തറിലെ പ്രവാസികള്‍. നാലാം പിറന്നാള്‍ ദിനമാണ് കോട്ടയം ചിങ്ങവനം സ്വദേശി അഭിലാഷ് ചാക്കോയുടെയും സൗമ്യയുടെയും ഇളയ മകളായ മിന്‍സ മറിയം മരിച്ചത്. മിന്‍സ ബസിനുള്ളില്‍ കിടന്നുറങ്ങുന്നത് ശ്രദ്ധിക്കാതെ ബസ് ജീവനക്കാര്‍ ഡോര്‍ പൂട്ടി പോവുകയായിരുന്നു. തുറസ്സായ സ്ഥലത്ത് പാര്‍ക്ക് ചെയ്ത ബസിനുള്ളിലെ കടുത്ത ചൂട് താങ്ങാനാകാതെ കുട്ടി ബോധരഹിതയാകുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം 11.30ഓടെ തിരികെ ഡ്യൂട്ടിക്ക് എത്തിയപ്പോഴാണ് ജീവനക്കാര്‍ സംഭവം അറിയുന്നത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഖത്തറിലെ അല്‍ വക്റ സ്പ്രിങ് ഫീല്‍ഡ് കിന്റര്‍ഗാര്‍ട്ടനിലെ കെജി വണ്‍ വിദ്യാര്‍ഥിനിയായിരുന്ന മിന്‍സ. സംഭവം അറിഞ്ഞയുടന്‍ അഭിലാഷിനെ ജോലിസ്ഥലത്ത് നിന്ന് സ്‌കൂളിലേക്ക് അധികൃതര്‍ വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ അപ്പോഴേക്കും കുട്ടിയെ ആംബുലന്‍സില്‍ കയറ്റിയതിനാല്‍ നേരിട്ട് ആശുപത്രിയിലേക്ക് പോയി. പക്ഷേ മരണം സ്ഥിരീകരിക്കുകയായിരുന്നു. ബസ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയുണ്ടെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. സംഭവത്തില്‍ വിവിധ വകുപ്പുകള്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്നും ഖത്തര്‍ വിദ്യാഭ്യാസ – ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ സ്‌കൂളുകളിലെത്തുന്ന കുട്ടികളുടെ സുരക്ഷാ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.