പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാമില്‍, കൊലപാതകം ആസൂത്രിതം; ഒരു മാസം മുമ്പ്‌ മാനസയുടെ താമസസ്ഥലത്തിന് സമീപം മുറിയെടുത്തു

കോതമംഗലം നെല്ലിക്കുഴിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ വെടിവെച്ച്‌ കൊലപ്പെടുത്തി കാമുകന്‍ രാഖില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. രണ്ടു വര്‍ഷം മുന്‍പ് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് വിവരം. പിന്നീട് യുവാവ് നിരന്തരമായി ശല്യം ചെയ്യാന്‍ തുടങ്ങി. ഇതോടെ മാനസയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. കണ്ണൂര്‍ ഡിവൈ എസ് പിയുടെ സാന്നിധ്യത്തില്‍ പിന്നീട് പ്രശ്നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ശല്യപ്പെടുത്തുകയില്ലെന്ന് രഖില്‍ ഉറപ്പു നല്‍കിയതിനാലാണ് പൊലീസ് കേസെടുക്കാതെ ഒത്തുതീര്‍പ്പാക്കിയത്. എന്നാല്‍ പക വളര്‍ന്നതാണ് മാനസയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് സൂചന.

ഒരു മാസത്തോളം മാനസയെ പിന്തുടര്‍ന്ന് മാനസയുടെ നീക്കങ്ങള്‍ പഠിച്ച ശേഷമാണ് രാഖില്‍ കൃത്യം നടപ്പാക്കിയതെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവരുന്നത്. ജൂലൈ നാലിന് മാനസ താമസിക്കുന്ന കെട്ടിടത്തിന് 50 മീറ്റര്‍ അകലെ മറ്റൊരു മുറിയെടുത്താണ് പ്രതി പദ്ധതികള്‍ തയ്യാറാക്കിയത്. പ്ലൈവുഡ് വ്യാപാരിയെന്ന വ്യാജേനയാണ് ഇയാള്‍ ഇവിടെ മുറിയെടുത്തതെന്നും എന്നാല്‍ സംശയാസ്പദമായി ഒന്നും തോന്നിയിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.

Loading...

കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടു തന്നെയാണ് രാഹില്‍ കോതമംഗലത്ത് എത്തിയതെന്നു പൊലീസ് പറയുന്നു. രാഹിലിനെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പൊലീസ് പരിശോധിക്കുന്നു. രഖിലിന് തോക്ക് എവിടെനിന്നു ലഭിച്ചു എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങളും വ്യക്തമാകാനുണ്ട്.

വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് അരുംകൊല നടന്നത്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സില്‍ ഹൗസ് സര്‍ജനായിരുന്ന കണ്ണൂര്‍ നാറാത്ത് സ്വദേശിയായ മാനസ, കോളേജിനടുത്തുള്ള ഒരു കെട്ടിടത്തില്‍ പേയിംഗ് ഗസ്റ്റായി താമസിച്ചുവരികയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് രാഖില്‍ ഇവിടേക്ക് പെട്ടെന്ന് കയറിവന്നു. ഈ സമയം മാനസയുടെ മൂന്ന് സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു.

രാഖിലിനെ കണ്ടയുടന്‍ മാനസ ക്ഷുഭിതയായെന്ന് സുഹൃത്തുക്കള്‍ പറയുന്നു. നീ എന്തിനാണ് ഇപ്പോള്‍ ഇങ്ങോട്ട് വന്നത് എന്ന് ചോദിച്ച മാനസയെ പ്രതി മുറിയിലേക്ക് പിടിച്ചുവലിച്ച്‌ കൊണ്ടുപോയി. ഇതുകണ്ട് ഭയന്ന സുഹൃത്തുക്കള്‍ കെട്ടിട ഉടമയെ വിവരമറിയിക്കാനായി പോയപ്പോഴാണ് കൊലപാതകം നടന്നത്. ഈ സമയം മുറിയില്‍ നിന്ന് പടക്കം പൊട്ടുന്നത് പോലുള്ള ശബ്ദം കേട്ടെന്ന് സുഹൃത്തുക്കള്‍ പറയുന്നു. പിന്നീട് സമീപത്തുണ്ടായിരുന്ന ആളുകള്‍ എത്തി മുറി ചവിട്ടിത്തുറന്നപ്പോള്‍ രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന മാനസയേയും രാഖിലിനെയുമാണ് കണ്ടത്്. ഇരുവരെയും ഓട്ടോവിളിച്ച്‌ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മാനസയുടെ നെഞ്ചിലും നെറ്റിയിലുമാണ് വെടിയേറ്റത്. രാഖില്‍ തലക്ക് സ്വയ്ം വെടിവെച്ച്‌ മരിച്ച നിലയിലായിരുന്നു. പിസ്റ്റല്‍ ഉപയോഗിച്ചാണ് വെടിവെച്ചതെന്ന് പോലീസ് സംഘം അറിയിച്ചു. കൂടുതല്‍ പരിശോധനകള്‍ക്കായി ബാലിസ്റ്റിക് വിദഗ്ധര്‍ എത്തുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന റൂറല്‍ എസ് പി കെ കാര്‍ത്തിക് അറിയിച്ചു. രാഖില്‍ എങ്ങനെ കോതമംഗലത്ത് എത്തി, എവിടെനിന്ന് തോക്ക് സംഘടിപ്പിച്ചു തുടങ്ങിയ കാര്യങ്ങളിലും പോലീസ് അന്വേഷണം തുടരുകയാണ്.