ഹനുമാന്‍ ശ്ലോകം ജപിച്ചാല്‍ മതി കൊവിഡ് വരില്ല, പ്രഗ്യ സിങ് താക്കൂര്‍ എം.പി

ന്യൂഡല്‍ഹി: ലോകത്തെ മുഴുവന്‍ വിറപ്പിച്ച കൊവിഡിനെ പിടിച്ചു കെട്ടാനുള്ള വ്യഗ്രതയിലാണ് ജനങ്ങള്‍ മുഴുവന്‍. ഓരോ മനുഷ്യരും എന്നും ഉണരുന്നത് തന്നെ കൊവിഡ് മരണങ്ങളും കേസുകളും വര്‍ദ്ധിക്കുന്ന വാര്‍ത്തകള്‍ കേട്ടുകൊണ്ടാണ്. വാക്‌സിന്‍ പരീക്ഷണങ്ങള്‍ പോലും നടത്തിക്കൊണ്ടിരിക്കുന്ന ഈ നിര്‍ണായക ദിവസങ്ങളിലൂടെയാണ് നാം ഇപ്പോള്‍ കടന്ന് പോകുന്നത്. ഇതിനിടയിലാണ് ഉത്തരവാദപ്പെട്ടവരുടെ ഭാഗത്ത് നിന്ന് തന്നെ ചില പൊള്ളയായ വാദങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ആഗസ്റ്റ് 5 വരെ അഞ്ചു നേരം ഹനുമാന്‍ ചാലിസ ജപിച്ചാല്‍ മതിയെന്നും കൊറോണയെ തടയാമെന്നുമാണ് പ്രഗ്യ സിങ് ഠാക്കൂര്‍ എം.പി പറയുന്നത്. മാത്രമല്ല ആളുകള്‍ക്ക് നല്ല ആരോഗ്യം നേരുന്നതിനും കൊറോണ വൈറസ് പകര്‍ച്ചവ്യാധി അവസാനിപ്പിക്കുന്നതിനും നമുക്ക് എല്ലാവര്‍ക്കും ഒരുമിച്ച് ആത്മീയശ്രമം നടത്താമെന്നും അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനുള്ള ഭൂമി പൂജ നടക്കുന്നതുവരെ ഹനുമാന്‍ ശ്ലോകം ചൊല്ലണമെന്നും ആവശ്യപ്പെട്ടു. ട്വിറ്ററില്‍ പോസ്റ്റഅ ചെയ്ത വീഡിയോയിലാണ് പ്രഗ്യാ സിംഗ് താക്കൂര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.രാജ്യത്തെ ഹിന്ദുക്കളെല്ലാം ഒറ്റ ശബ്ദത്തില്‍ ഹനുമാന്‍ ശ്ലോകം ചൊല്ലുമ്പോള്‍ അതിന് ഫലമുണ്ടാകുമെന്നും തീര്‍ച്ചയായും നാം കൊറോണയില്‍ നിന്ന് മുക്തരാകുമെന്നും പ്രഗ്യ സിങ് താക്കൂര്‍ കൂട്ടിച്ചേര്‍ത്തു.

Loading...