തുറന്നുപറഞ്ഞാൽ കേരളത്തിലേ ഹൈന്ദവ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തിനെതിരായ ഒരു വൻ ഗൂഡാലോചന അണിയറയിൽ രൂപപ്പെട്ടിരിക്കുന്നു. ആർ.എസ്.എസ് തയ്യാറാക്കിയ ഹിറ്റ് ലിസ്റ്റിൽ ക്രിസ്ത്യാനിയോ, മുസ്ലീമോ, പള്ളിയോ ഒന്നുമല്ല. ഉന്നം ഹിന്ദുക്കൾ തന്നെയാണ്‌. കോടികൾ കുമിയുന്ന കേരളത്തിലെ ഹൈന്ദവ ആദ്ധ്യാത്മിക കേന്ദ്രങ്ങളിലേക്ക് ആർ.എസ്.എസ്. നടത്തുന്ന നീക്കവും തയ്യാറാക്കിയ പദ്ധതിയും പ്രവാസി ശബ്ദത്തിലൂടെ ആദ്യമായി പുറത്തുവിടുന്നു. ആർ എസ്.എസ് നടത്താൻ പോകുന്ന ഈ പടയോട്ടത്തിനു നല്കിയ പേരാണ്‌ ആചാര്യ 1111. ആയിരത്തി പതിനൊന്നു ദിവസം കൊണ്ട് പൂർത്തിയാക്കുന്ന ഓപ്പറേഷൻ.

കേരളത്തിലെ മുഴുവൻ ഹൈന്ദവ ആശ്രമങ്ങളും മഠങ്ങളും വരുതിയിലാക്കാൻ ആർ എസ് എസിന്‍റെ രഹസ്യ കർമ്മ പദ്ധതി. പേര് “ആചാര്യ 1111” കഴിഞ്ഞ കുറേ മാസങ്ങളായി ആർ എസ് എസ്സിൻറെ നേതൃത്വത്തിൽ  വിവിധ തലങ്ങളിൽ നടന്ന ചർച്ചകളിലൂടെ ഉരിത്തിരിഞ്ഞ അഭിപ്രായങ്ങൾക്ക് അന്തിമ രൂപമായി. ഡിസംബർ 27 ഞായറാഴ്ച കൊച്ചയിൽ ചേർന്ന  പരിവാർ ബൈഠക്കിലാണ് “ആചാര്യ 1111” ന് അവസാന രൂപമായത്. തുടർന്ന്  കേരളത്തിലെത്തിയ സംഘം സർ സംഘചാലക് മോഹൻ ഭാഗവതിന് മുന്നിൽ പദ്ധതി വിശദമായി അവതരിപ്പിച്ചു. ഡിസംബർ 29 ചൊവ്വാഴ്ച, ആലുവ വെളിയത്തുനാട് തന്ത്ര വിദ്യാപീഠത്തിൽ നടന്ന പരിപാടികൾക്ക് ശേഷം രാത്രി വൈകിയാണ് മോഹൻ ഭാഗവത് “ആചാര്യ 1111” ൻറെ ഉന്നതതല ചർച്ചകളിൽ പങ്കാളി ആയതും മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയതും. ആർ എസ് എസിൻറെ മൂന്ന് മേഖലാ തലവൻമാരും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും മൂന്ന് മേഖലകളിൽ നിന്നുളള സംഘം പ്രതിനിധികളായ ബി ജെ പി ജനറൽ സെക്രട്ടറിമാരും മൂന്ന് പ്രമുഖ മഠം പ്രതിനിധികളും ഉൾപ്പെട്ട പത്തംഗ നിരീക്ഷണ സമിതിയാവും “ആചാര്യ 1111” ൻറെ പ്രവർത്തനങ്ങൾ വിലയിരുത്തുക.

Loading...

“ആചാര്യ 1111” ഉദയം പലതിന്റേയും അസ്തമയത്തിലേക്കും വിസ്മൃതിയിലേക്കും നീങ്ങുമോ?..

ആയിരത്തി ഒരുന്നൂറ്റി പതിനൊന്ന് ദിവസം, അതായത് മൂന്ന് വർഷം കൊണ്ട് സംസ്ഥാനത്തെ മുഴുവൻ ആശ്രമങ്ങളും മഠങ്ങളും ആർ എസ് എസ്സിൻറെ അധീനതയിൽ കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യം. അത് വഴി എല്ലാ  ഹൈന്ദവ വിഭാഗങ്ങളിലും സംഘത്തിൻറെ സ്വാധീനം വർദ്ധിപ്പിക്കാനാകുമെന്നാണ് വിലയിരുത്തൽ. നിലവിലെ മഠങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്തി വിപുലീകരിക്കുന്നതിനും പുതിയവ ആരംഭിക്കുന്നതിനും പ്രത്യേക ഫണ്ട് സംഘം അനുവദിക്കും. സംസ്ഥാനത്തെ ഓരോ പഞ്ചായത്തിലും ഒരു ക്ഷേത്രവും അതിന് അനുബന്ധമായി ഒരു മഠമോ ആശ്രമമോ ശക്തമായി പ്രവർത്തിക്കണം എന്നാണ് “ആചാര്യ 1111”  ൻറെ ഭാഗമായുളള ആർ എസ് എസ്സ് നയം. പ്രസ്തുത പഞ്ചായത്തിലെ പ്രധാന ഹൈന്ദവ തീർത്ഥാടന കേന്ദ്രമായി ഇത്തരം ക്ഷേത്രവും മഠവും പ്രവർത്തിക്കണം. അങ്ങനെ വന്നാൽ ദേവസ്വം ബോർഡുകളുടെ കീഴിലുളള ക്ഷേത്രങ്ങൾ തളരുമെന്നും വരുമാന മികവുളള ക്ഷേത്രങ്ങളായി “ആചാര്യ1111”  കീഴിലുളള ക്ഷേത്രങ്ങൾ മാറുമെന്നും സംഘം കണക്ക് കൂട്ടുന്നു. ഇത്തരം പ്രധാന ക്ഷേത്രത്തേയും ആശ്രമം / മഠത്തേയും പിൻപറ്റി പഞ്ചായത്തിലെ മറ്റ് സ്ഥലങ്ങളിൽ ഉപക്ഷേത്രങ്ങളുടേയും ആശ്രമം / മഠങ്ങളുടേയും ശാഖകളുടെ പ്രവർത്തനം ശക്തിപ്പെടുത്തണമെന്നും പുതിയ പദ്ധതി നിഷ്കർഷിക്കുന്നു.

Rss-acharya-1111-kerala

ആദ്യഘട്ടത്തിൽ ഓരോ പഞ്ചായത്തിലും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ക്ഷേത്രങ്ങളേയും ആശ്രമം / മഠങ്ങളേയും “ആചാര്യ1111” ൻറെ ഭാഗമാക്കാനാണ് ആർ എസ് എസ്സ് ലക്ഷ്യം. ഇതിനായി അവയുടെ ഭരണസാരഥികളുമായി ചർച്ച നടത്തും. നിലവിലുളള അംഗങ്ങളെ വിശ്വാസത്തിലെടുത്ത് കൊണ്ട് പുതിയ ഭരണസമിതി രൂപീകരിക്കുകയും അതിൽ ആർ എസ് എസ്സ് പ്രചാരകന്മാർ അംഗങ്ങളായി നേതൃത്വപരമായ പങ്ക് വഹിക്കും. അത്തരത്തിൽ കാലക്രമേണ ആശ്രമങ്ങളും മഠങ്ങളും വരുതിയിലാകുമെന്നും സംഘം കണക്കുകൂട്ടുന്നു. പുതിയ ആശ്രമങ്ങൾ വേണ്ട പഞ്ചായത്തുകളിൽ പ്രമുഖ ആശ്രമം / മഠങ്ങളുടെ ഉപകേന്ദ്രങ്ങൾ തുടങ്ങാൻ സംഘം ആളും അർത്ഥവും നൽകി സഹായിക്കും. ഉപാധി ഒന്നു മാത്രം ഭരണ, സാമ്പത്തിക കാര്യങ്ങൾ സംഘം നിശ്ചയിക്കും. സംഘം നിലപാട് അംഗീകരിക്കുന്ന എല്ലാ ആശ്രമങ്ങളേയും മഠങ്ങളേയും “ആചാര്യ1111” ഭാഗമാക്കാനാണ് നിലവിലെ തീരുമാനം

ആർ എസ് എസ്സ് ലക്ഷ്യത്തിന് വഴങ്ങാത്ത ആശ്രമങ്ങളിലും മഠങ്ങളിലും, ഉളളിലുളള സംഘം ആഭിമുഖ്യമുളള ആശ്രമവാസികളെ കൂട്ടിയോജിപ്പിച്ച് പ്രത്യേക സാമൂഹ്യ പദ്ധതികളില്‍ പങ്കെടുപ്പിച്ച് അത് വ‍ഴി ആശ്രമങ്ങളുടെ പ്രവർത്തനത്തിൽ ഇടപെടും.ഇതു വ‍ഴി ആശ്രമത്തിലും / മഠത്തിലുംസ്വാധീനം ചെലുത്താന്‍ ക‍ഴിയും എന്നതിന് പുറമേ സാമൂഹിക വിഷയങ്ങളിലും സജീവമായി ഇടപെടാന്‍ സാധിക്കുമെന്നും വിലയിരുത്തുന്നു. സാധിച്ചാല്‍ ഇത്തരത്തില്‍ ആഭിമുഖ്യം കാണിക്കുന്ന രണ്ടാം നിര സന്യാസി സമൂഹത്തെ കൂട്ടി പിടിച്ച് അതത് പ്രദേശത്ത് ഋഷിവര്യന്‍മാരുടെ പേരില്‍ സംഘത്തിന്‍റെ സാമ്പത്തിക സംഘടിത പിന്‍ബലത്തില്‍ പുതിയ ആശ്രമങ്ങള്‍ പടുത്തുയര്‍ത്താനും “ആചാര്യ1111” ലക്ഷ്യമിടുന്നു. ഇതിന് ആധികാരികത വരുത്തുന്നതിന് ഹൈന്ദവസംസ്കൃതിയെ ആണ് ആര്‍ എസ് എസ് കൂട്ടുപിടിക്കുന്നത്. ഹൈന്ദവ സംസ്കാര ചരിത്രത്തില്‍ ഒരു പ്രദേശത്ത് ഒരു അമ്പലവും അതിന് അനുബന്ധമായി ഒരു മഠമോ ആശ്രമമോ ഉണ്ടാവുകയും അവിടെ ഒരു ആചാര്യന്‍ സജീവമായി ഇടപെട്ടിരുന്നുവെന്നും ആര്‍ എസ് എസ് നേതൃത്വം ചൂണ്ടികാട്ടുന്നു.  നിലവില്‍ ക്രൈസ്തവ മുസ്ലീം  പള്ളികള്‍ ഇത്തരത്തില്‍ ഏകീകൃത രൂപത്തില്‍ പ്രവര്‍ത്തിക്കുന്നെന്നും അതത് വിഭാഗത്തില്‍ പള്ളികള്‍ക്കും മോസ്കുകള്‍ക്കും ഉള്ള സ്വാധീനം വലുതെന്നും സംഘം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ആയിരക്കണക്കിന് മഠങ്ങളും ആശ്രമങ്ങളും ഉണ്ടായിട്ടും അവയ്ക്ക് കേന്ദ്രീകൃത രൂപമില്ലാതെ ചിന്നിച്ചിതറി കിടക്കുന്നുവെന്നും  ആര്‍ എസ് എസ് വിലയിരുത്തുന്നു.

എതിര്‍ക്കുന്ന ആശ്രമങ്ങളെ / മഠങ്ങളെ വരുതിയിലാക്കാന്‍ അടുത്തയിടെ ശിവഗിരിയില്‍ നടപ്പാക്കിയ അജണ്ടയാണ് ഉദാഹരണമായി ആര്‍ എസ് എസ് നേതൃത്വം “ആചാര്യ1111” ചര്‍ച്ചയില്‍ ഉയര്‍ത്തിക്കാട്ടിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശിവഗിരി സന്ദര്‍ശനം മഠം എതിര്‍ത്തപ്പോള്‍ അവിടുത്തെ ഒരു വിഭാഗം സന്യാസിമാരെ ഉപയോഗിച്ച് മോദിക്ക് അനുകൂലമായി വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തതും കൂടാതെ അവരെ ഉപയോഗിച്ച് ആര്‍ എസ് എസ്സിന് എങ്ങനെയാണോ പ്രധാനമന്ത്രിയുടെ ചടങ്ങ് സംഘടിപ്പിക്കാന്‍ ഉദ്ദേശിച്ചത് അത്തരത്തില്‍ ചടങ്ങ് സംഘടിപ്പിച്ച് വിജയിപ്പിച്ചതും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.അവസാനം എതിര്‍ത്തവര്‍ക്ക് കൂടി മോദി സ്വീകരണ പരിപാടിയോട് യോജിക്കേണ്ടി വന്നതും ചൂണ്ടിക്കാട്ടപ്പെട്ടു.

Pradeep-profile

“ആചാര്യ1111” നെ കുറിച്ച് ഏതാനും മഠാധിപതികളോട് സംസാരിച്ചപ്പോള്‍  ആര്‍ എസ് എസ്സിന്‍റെ ഹൈജാക്കിംഗ് പദ്ധതിക്കെതിരെ അതിശക്തമായാണ് പ്രതികരിച്ചത്. പദ്ധതി സത്യമാണെങ്കില്‍ ഹൈന്ദവ സാംസ്കാരിക ഭൂമികയില്‍ ആര്‍ എസ് എസ്സിന്‍റെ “ആചാര്യ 1111” ദൂരവ്യാപക പ്രത്യാഘാതം  ഉണ്ടാക്കുമെന്നും മഠങ്ങളേയും ആശ്രമങ്ങളേയും രാഷ്ട്രീയധാരയുമായി കൂട്ടിക്കെട്ടാനുള്ള നീക്കം അപലപനീയമെന്നും മഠാധിപതികള്‍ നിലപാട് വ്യക്തമാക്കി. “ആചാര്യ 1111” ഏതൊക്കെ രീതിയില്‍ എങ്ങനെ എപ്പോള്‍ അവതരിക്കുമെന്നാണ് ഇനി കാത്തിരിക്കേണ്ടത്.