ഐസൊലേഷന്‍ വാര്‍ഡിനെ ഭയക്കേണ്ടതില്ല; ഇത്രയേയുള്ളൂ ഇവിടം;വാര്‍ഡില്‍ നിന്നും ലൈവുമായി ഷാക്കില്‍

കണ്ണൂര്‍; കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതയാണ് കേരളത്തിന് ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്നത്. ആശങ്ക ഒഴിഞ്ഞെന്ന് കരുതിയ സാഹചര്യത്തിലാണ് വീണ്ടും കൊറോണ വൈറസ് വ്യാപകമായി പടര്‍ന്നത്. പലപ്പോഴും വിദേശത്ത് നിന്ന് എത്തിയവര്‍ റിപ്പോര്‍ട്ട് ചെയ്യാതെ ഒളിച്ചു പോകുന്നതാണ് കൂടുതല്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്നത്. ഐസൊലേഷന്‍ വാര്‍ഡില്‍ കിടക്കേണ്ടി വരുന്നതാണ് പലരെയും ആശയക്കുഴപ്പത്തിലാക്കുന്നത്. എന്നാല്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പേടിക്കണ്ടതായി യാതൊന്നും ഇല്ലെന്ന് ലൈവ് ഇട്ടുകൊണ്ട് തെളിയിച്ചിരിക്കുകയാണ് സഞ്ചാരിയായ ഷാക്കിര്‍. വിമാനത്താവളത്തില്‍നിന്നാണ് ഷാക്കിര്‍ നേരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് പോയത്. മൂന്ന് ദിവസമാണ് ഇയാള്‍ ആശുപത്രിയില്‍ കഴിഞ്ഞത് പിന്നീട് ഫലം വന്നപ്പോള്‍ ഇയാള്‍ക്ക് കൊറോണ നെഗറ്റീവായിരുന്നു. കേരള ആരോഗ്യ വകുപ്പിന്റെ കരുതലിന്റെ നേര്‍ച്ചിത്രം കൂടിയാണ് ഈ വീഡിയോ.

കൊറോണ സംശയിക്കുന്ന രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർ ആരോഗ്യവകുപ്പുമായി എങ്ങനെ സഹകരിക്കണമെന്നും ഷാക്കിറിന്റെ വാക്കുകളിൽ വ്യക്തം. ലോകം മുഴുവൻ മോട്ടർ സൈക്കിളിൽ ഒറ്റയ്ക്കു സഞ്ചരിക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ ഒക്ടോബറിലാണു സാക്കിർ യാത്ര തുടങ്ങിയത്. ഇറാൻ കടന്ന് അസർബൈജാൻ വഴിയുള്ള യാത്രയ്ക്കിടെ ജോർജിയ അതിർത്തിയിൽ ഷാക്കിറിനെ അധികൃതർ തടഞ്ഞു. കൊറോണ ബാധിതർ ഏറെയുള്ള ഇറാൻ വഴി യാത്ര ചെയ്തതായിരുന്നു കാരണം. തുടർന്നു ദുബായ് വഴി കണ്ണൂരിലേക്കു മടങ്ങി. കണ്ണൂർ വിമാനത്താവളത്തിൽ ആരോഗ്യവകുപ്പ് ഒരുക്കിയ ഹെൽത്ത് ഡസ്ക്കിലെത്തി യാത്രയുടെ വിശദാംശങ്ങൾ അറിയിച്ചു.

Loading...

ഇതുകേട്ട മെഡിക്കൽ ടീം പ്രാഥമിക പരിശോധനയ്ക്കു ശേഷം ഐസലേഷൻ വാർഡിലേക്കു മാറാൻ നിർദേശിച്ചു.ടെർമിനൽ കെട്ടിടത്തിൽ നിന്നു പുറത്തേക്കു നടക്കുമ്പോൾ മറ്റു യാത്രക്കാരെ മീറ്ററുകൾ അകലേക്കു മാറ്റി ആരോഗ്യപ്രവർത്തകർ വഴിയൊരുക്കി. ആംബുലൻസ് തയാറായി നിൽക്കുന്നുണ്ടായിരുന്നു. നേരെ ജില്ലാ ആശുപത്രിയിലെ ഐസലേഷൻ വാർഡിലേക്ക്. തൊണ്ടയിലെ സ്രവം ശേഖരിച്ച് അന്നുതന്നെ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.വിശാലമായ വാർഡിലെ ജീവിതം വിഷമിപ്പിക്കുന്ന ഒന്നേ ആയിരുന്നില്ല ഷാക്കിറിന്. മികച്ച വാർഡ്, വൃത്തിയുള്ള ശുചിമുറി, സൗമ്യമായി പെരുമാറുന്ന ഡോക്ടർമാരും നഴ്സുമാരും… പേര് ഐസലേഷൻ വാർഡ് എന്നാണെങ്കിലും ഒറ്റപ്പെട്ടുവെന്ന തോന്നലേ ഉണ്ടായില്ല. മാസ്കും ഗ്ലൗസും മാത്രമല്ല, വിലകൂടിയ മെഡിക്കൽ ഉപകരണങ്ങൾ വരെ മാറിമാറി ഉപയോഗിക്കാതെ ശ്രദ്ധിക്കുന്നു.മൊബൈൽ ഫോണും ലാപ്ടോപ്പും ഉപയോഗിക്കാൻ തടസ്സമില്ലാത്തതിനാൽ വാർഡിലെ സൗകര്യങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിതാന്ത ജാഗ്രതയും ഷാക്കിർ ചിത്രീകരിച്ചു. ഇന്നലെ പരിശോധനാ ഫലം വന്നു. നെഗറ്റീവ്. ആശ്വാസത്തോടെ പുറത്തേക്ക്.