ഉന്നതൻ പാർട്ടിക്ക് നൽകിയ പണം മുക്കിയത് ആര്; ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്ററുടെ കുറിപ്പ് ചർച്ചയാകുന്നു

ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്ററും ജനശക്തി മാസികയുടെ എഡിറ്ററുമായ ജി. ശക്തിധരൻ ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പാണ് പാർട്ടിയിലും നേതാക്കൾക്കിടയിലും ഇപ്പോൾ ചർച്ചയാകുന്നത്. സിപിഎം നേതാവായിരുന്ന പി. ഗോവിന്ദപ്പിള്ളയെ സാമ്പത്തിക ക്രമക്കേട് കുറ്റം ആരോപിച്ച് പുറത്താക്കിയ സംഭവം അനുസ്മരിച്ചുള്ള കുറിപ്പിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഒരു സർക്കാർ ഉദ്യോഗസ്ഥന് ഇന്ന് ഒരു ദിവസം ലഭിക്കാവുന്ന ശമ്പളത്തിന്റെ വലുപ്പം മാത്രമുള്ള സംഖ്യയുടെ പേരിലാണ് കേരളത്തിലെ സഞ്ചരിക്കുന്ന വിജ്ഞാനകോശം എന്നറിയപ്പെട്ടിരുന്ന വടവൃക്ഷത്തെ വീഴ്ത്തിയതെന്നതാണ് ജി ശക്തിധരന്റെ കുറിപ്പിൽ പറയുന്നത്. ​ഗോവിന്ദപ്പിള്ളയ്ക്കെതിരെ ഇത്തരത്തിലുള്ള നടപടിയ്ക്ക് കാരണക്കാർ ആരാണെന്ന് വെളിപ്പെടുത്തിയില്ലെങ്കിലും നൽകുന്ന ചില സൂചനകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഫേസ്ബുക്ക് കുറിപ്പിലെ ആ പ്രസക്ത ഭാ​ഗം ഇങ്ങനെയാണ്

പിജിക്കെതിരെ അന്ന് നടപടി എടുക്കുന്നതിൽ പങ്ക് വഹിച്ചവരുടെ നിഴലുകൾ ഇപ്പോളും ഈ പാർട്ടിയിൽ ഉന്നത പദവികളിലുണ്ടല്ലോ. അവരോടാണ് എനിക്ക് ഒരു ചോദ്യമുള്ളത്. പാർട്ടിയോട് കടുത്ത ആരാധനയും കൂറുമുള്ള ഒരു ഉന്നത വ്യക്തി പതിവായി പാർട്ടിയുടെ ഉയർന്ന നേതൃത്വത്തിലുള്ള ഒരാളുടെ പേരിൽ (അദ്ദേഹം ഇപ്പോൾ മന്ത്രിയുമാണ് ) സംഭാവന എന്ന നിലയിൽ വിശ്വാസപൂർവം അയച്ചുകൊണ്ടിരുന്ന ചെക്കുകൾ ബാങ്കിൽ മാറിയിട്ടുണ്ടെങ്കിലും അത് പാർട്ടിയുടെ അക്കൗണ്ടിൽ വന്നില്ല. എന്തുകൊണ്ട്? എന്തിനാണ് അത് ആ വ്യക്തിയുടെ പേരിൽ അയച്ചതെന്ന് ചോദിക്കാം. പക്ഷെ അദ്ദേഹം മന്ത്രിയാകുന്നതിന് മുമ്പ് അങ്ങിനെ ഒരു പദവിയിൽ ആയിരുന്നു. ഇത്തരത്തിൽ പാർട്ടി നേതൃത്വത്തിൽ പണാപഹരണം നടക്കുന്നതായി അദ്ദേഹം നൽകിയ ചെക്കുകളുടെ ഫോട്ടോസ്റ്റാറ്റും വിശദവിവരങ്ങളും അടങ്ങിയ നിരവധി പരാതി അദ്ദേഹത്തിൻറെ അടുപ്പക്കാരനായ പിബി അംഗത്തിനും സംസ്ഥാന സെക്രട്ടറിയ്ക്കും അദ്ദേഹം അയച്ചു.

Loading...

ഒരു അന്വേഷണവും നടന്നില്ല. എന്തുകൊണ്ട്? ഇപ്പോഴും ഇതൊന്നും പുറത്തുവരരുതെന്നു അദ്ദേഹം ആഗ്രഹിക്കുന്നത് പാർട്ടിയോടുള്ള അമിതമായ സ്നേഹവായ്പ്പ് കൊണ്ടുമാത്രം. ഈ പാർട്ടിയോടുള്ള കൂറുകൊണ്ട് മാത്രം ഇത് മനസ്സിൽ അടക്കിപ്പിടിച്ച് കഴിയുന്നു.പിജിക്ക്‌ പാർട്ടിയിൽ അധികാരമില്ലായിരുന്നു. ചെക്കുകൾ വീഴുങ്ങുന്ന ആളിന്റെ കയ്യിൽ സമസ്ത അധികാരങ്ങളും ഉണ്ട്. ഇതാണ് മുഖം നോക്കി “തെമ്മാടിക്കുഴി” വിധിക്കുന്നതിന്റെ പൊരുൾ നാളെ കേരളം പിജിയെക്കുറിച്ചുള്ള ഓർമ്മകൾ പുതുക്കുമ്പോൾ കമ്മ്യുണിസത്തിനും ചില തിരുത്തലുകൾ വേണ്ടേ എന്ന് ചോദിയ്ക്കാൻ തോന്നുന്നു.