കൊച്ചി: ബിജു രാധാകൃഷ്ണന്റെ പക്കലുള്ള സിഡി പിടിച്ചെടുക്കുമെന്നു സോളാര്‍ കമ്മിഷന്‍. സിഡി കണ്ടുകിട്ടുന്നതുവരെ ബിജുവിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും, അതുവരെ ബിജു കമ്മിഷന്റെ കസ്റ്റഡിയിലായിരിക്കുമെന്നും റിപ്പോര്‍ട്ട്. കേരളത്തിനു പുറത്താണെങ്കിലും സിഡി പിടിച്ചെടുക്കാന്‍ അധികാരമുണ്ടെന്നു കമ്മിഷന്‍ പറഞ്ഞു. ആരോപണം ഇങ്ങനെ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നും കമ്മിഷന്‍ പറഞ്ഞു.

മുഖ്യമന്ത്രിയ്‌ക്കെതിരായ ലൈംഗീകാരോപണം തെളിയിക്കുന്ന സിഡി കയ്യിലുണ്ടെന്നും പത്തു മണിക്കൂര്‍ സമയം കൂടി അനുവദിച്ചാല്‍ ഹാജരാക്കാമെന്നും സോളാര്‍ തട്ടിപ്പുകേസ് പ്രതി ബിജു രാധാകൃഷ്ണന്‍ കമ്മിഷനില്‍ മൊഴി നല്‍കി. കേരളത്തിന് പുറത്താണ് സിഡി സൂക്ഷിച്ചിരിക്കുന്നതെന്നും കാറില്‍ പോകാന്‍ അനുവദിച്ചാല്‍ പത്തു മണിക്കൂറിനുള്ളില്‍ സിഡി ഹാജരാക്കാമെന്നും ബിജു സോളാര്‍ കമ്മിഷനെ അറിയിച്ചു.

Loading...

ഒരു സെറ്റ് വിഡികള്‍ വിദേശത്തുണ്ടെന്നും ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷില്‍ മൊഴി നല്‍കി. വിദേശത്തുളള സിഡികള്‍ ഹാജരാക്കാന്‍ രണ്ട് മാസത്തെ സമയം വേണമെന്ന് ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.

തെളിവുകള്‍ ഹാജരാക്കാന്‍ ഫെബ്രുവരി 15 വരെ സമയം നല്‍കണം. മൂന്ന് സെറ്റ് സിഡികളാണ് ആകെയുളളത്. ഇതില്‍ ഒരു സെറ്റ് സിഡിയാണ് രാജ്യത്തിന് പുറത്തുളളത്. അവശേഷിക്കുന്ന കോപ്പി എറണാകുളത്ത് നിന്ന് ആറു മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്താവുന്ന ദൂരത്തിലാണെന്നും ബിജു പറഞ്ഞു. മറ്റൊരു സെറ്റ് കോയമ്പത്തൂരില്‍ വച്ച് പൊലീസ് പിടിച്ചെടുത്തുവെന്ന് ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.

രണ്ടര വര്‍ഷം മുന്‍പു വരെ സിഡി തന്റെ കയ്യില്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍, ഇപ്പോള്‍ അത് മറ്റൊരാളുടെ കയ്യിലാണെന്നും അയാളില്‍ നിന്നും കമ്മിഷന്‍ സിഡി പിടിച്ചെടുക്കണമെന്നും ബിജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പൊതുജനത്തിന് മുന്നില്‍ തന്നെ ഭ്രാന്തനാക്കി കാണിക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നതായി ഇന്ന് രാവിലെ സോളാര്‍ കമ്മിഷനില്‍ മൊഴി നല്‍കാനെത്തിയ ബിജു രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയ്ക്കും പ്രമുഖന്മാര്‍ക്കും ഉന്നയിച്ച നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും സരിത എസ്.നായരുമായി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സിഡി തന്റെ കൈവശമുണ്ടെന്നും ബിജു ആവര്‍ത്തിച്ചിരുന്നു. ഇന്ന് രാവിലെ പത്തു മണിയോടെ കനത്ത പോലീസ് സുരക്ഷയിലാണ് ബിജുവിനെ സോളാര്‍ കമ്മിഷനില്‍ മൊഴി നല്‍കാനെത്തിച്ചത്.