വൃദ്ധ മാതാവിനെ ക്രൂരമായി മർദിച്ച് വാരിയെല്ല് ചവിട്ടിയൊടിച്ചു; മകൻ അറസ്റ്റിൽ

തൃശ്ശൂർ : എഴുപത് വയസ്സ് പ്രായമുള്ള വൃദ്ധ മാതാവിനെ ക്രൂരമായി മർദിച്ച് വാരിയെല്ല് ചവിട്ടിയൊടിച്ച മകനെ അറസ്റ്റ് ചെയ്തു. മുളങ്കുന്നത്തുകാവ് അരിങ്ങഴിക്കുളത്ത് കോരംകുന്നത്ത് അക്കന്റെ ഭാര്യ തങ്കയെ (70) മർദിച്ച കേസിലാണ് അറസ്റ്റ്. മകൻ ബൈജുവിനെയാണ് മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്.ക്രിസ്തുമസ് തലേന്നാണ് ദാരുണ സംഭവം നടന്നത് . കുറച്ച് നാളുകളായി കരുമത്രയിൽ താമസിക്കുന്ന ബൈജു മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നതും അമ്മയും സഹോദരങ്ങളും താമസിക്കുന്ന വീട്ടിൽ വന്ന് അടിയുണ്ടാക്കുന്നതും പതിവായിരുന്നു. ഇത് സംബന്ധിച്ച് തങ്ക മൂന്നുതവണ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ബൈജുവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയും താക്കീത് നൽകി വിട്ടയക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബൈജു അമ്മയെ ക്രൂരമായി മർദ്ദിച്ച് വാരിയെല്ല് ചവിട്ടിയൊടിച്ചത്.