ഷൂസ് ഇട്ട് ഓടി ശീലമില്ല ; വാങ്ങാൻ പണമില്ലാഞ്ഞിട്ടല്ല, വാർത്തകളെ തള്ളി പ്രിയ മേരി ഏബ്രഹാം

പത്തനംതിട്ട ; ജില്ലാ കായിക മേളയ്‌ക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു പെൺകുട്ടിയുണ്ട് പ്രിയ മേരി ഏബ്രഹാം. മല്ലപ്പള്ളി സിഎംഎസ് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥിനി .ജില്ലാ കായിക മേളയ്‌ക്കിടയിൽ കാൽപാദത്തിലെ തൊലി പൊള്ളി അടർന്ന പെൺകുട്ടിയാണ് പ്രിയ . കൊടുമൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനു പിന്നാലെ സ്പൈക്സ് വാങ്ങാൻപോലും പണമില്ലാതെ കുട്ടികൾ ദുരിതത്തിലാണെന്ന് വാർത്തകൾ വന്നിരുന്നു .

എന്നാൽ തനിക്ക് ഷൂസ് വാങ്ങാൻ പണമില്ലാഞ്ഞിട്ടല്ലെന്നും ഷൂസ് ഇട്ട് ഓടി ശീലമില്ലാഞ്ഞിട്ടാണെന്നും പ്രിയ പറയുന്നു. താൻ നാട്ടിലെ മൈതാനങ്ങളിലാണ് ഞാൻ ഓടി ശീലിച്ചത്. അവിടെ സിന്തറ്റിക് ട്രാക്ക് ഇല്ല. അതിനാൽ സിന്തറ്റിക് ട്രാക്കിൽ ഓടുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം എന്ന് വ്യക്തമായ ധാരണ ഇല്ലായിരുന്നു. സിന്തറ്റിക് ട്രാക്കിൽ ഷൂസ് ഉപയോഗിച്ച് ഓടുന്നതു തന്നെയാണ് നല്ലതെന്ന് അധ്യാപകരും നിർദേശിച്ചിരുന്നു.

Loading...

ഇത്രയും കാലം ഷൂസ് ഇല്ലാതെ ഓടി ശീലിച്ച എനിക്ക് അത് ബുദ്ധിമുട്ടായിരുന്നു.അങ്ങനെ ഓടേണ്ടിവന്നാൽ മത്സരത്തിൽ മികച്ച സമയം കണ്ടെത്താൻ പ്രയാസമായിരിക്കുമെന്നും തോന്നിയിരുന്നു. എന്നാൽ കൊടുമൺ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ എത്തിയപ്പോൾ അവിടെ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. 3 കിലോ മീറ്റർ നടത്തം, 800 മീറ്റർ ഓട്ടം, 4×400 മീറ്റർ റിലേ എന്നിങ്ങനെ 3 ഇനങ്ങളിൽ പങ്കെടുക്കേണ്ടിയിരുന്ന എന്റെ ആദ്യം ഇനം 800 മീറ്റർ ആയിരുന്നു.

ഹീറ്റ്സിനായി ട്രാക്കിൽ ഇറങ്ങിയപ്പോൾ തന്നെ കാലിന് ചൂട് അനുഭവപ്പെടുന്നുണ്ടായിരുന്നു. എന്നാൽ 400 മീറ്റർ ട്രാക്കിൽ 2 റൗണ്ടും പൂർത്തിയാക്കി ഹീറ്റ്സിൽ ഒന്നാം സ്ഥാനം നേടി പുറത്തെത്തിയപ്പോഴാണ് കാൽപാദം പൊള്ളിയതായി മനസ്സിലായത്. പിന്നീട് അവിടത്തെ തൊലി ഇളകുകയും ചെയ്തു. എന്റെ എതിർപ്പ് ലംഘിച്ച് പകർത്തിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതെന്നും പ്രിയ മേരി പറഞ്ഞു.