പുതുവര്‍ഷം ആഘോഷിക്കാന്‍ എത്തിയവര്‍ വിനോദസഞ്ചാര കേന്ദ്രം തീയിട്ടു

വെമ്പായം. പുതുവര്‍ഷം ആഘോഷിക്കാന്‍ എത്തിയവര്‍ വെള്ളാണിക്കല്‍ പാറമുകള്‍ വിനോദസഞ്ചാര കേന്ദ്രം അഗ്നിക്കിരയാക്കിയെന്ന് പരാതി. വെള്ളാണിക്കല്‍ ക്ഷേത്രത്തിനു ചുറ്റുമുള്ള പച്ചപ്പുകള്‍ അടക്കം കത്തിയമര്‍ന്നു. പുതുവര്‍ഷ ദിനത്തില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ജില്ലയിലെ അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് മാണിക്കല്‍ പാറമുകള്‍.

പോത്തന്‍കോട്, മുദാക്കല്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണിത്. പടക്കം പൊട്ടിച്ചും, പന്തം കൊളുത്തി എറിഞ്ഞുമാണ് സംഘം പ്രദേശത്തെ അഗ്നിക്കിരയാക്കിയതെന്നു നാട്ടുകാര്‍ പറയുന്നു. രാത്രി 12 ന് ആണ് ചെറിയ തോതില്‍തീ പടര്‍ന്നു പിടിക്കുന്നത് പ്രദേശ വാസികള്‍ കാണുന്നത്. അഗ്നിശമന സേന എത്തിയെങ്കിലും വാഹനം സ്ഥലത്തേക്ക് എത്തിക്കാനായില്ല.

Loading...

തുടര്‍ന്ന് സേനാംഗങ്ങള്‍ മരച്ചില്ല വെട്ടിയും ചെടികള്‍ പിഴുതെടുത്ത് നിലത്തടിച്ചും കെടുത്താന്‍ ശ്രമിച്ചു. ലഹരി വില്‍പന സംഘങ്ങള്‍ പാറമുകളില്‍ സജീവമാണെന്നും ഇവിടെ വന്‍തോതില്‍ ലഹരി വില്‍പനയും സംഘര്‍ഷവും നടക്കുന്നുവെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പുരാതനമായ ഒരു ക്ഷേത്രം കൂടി നിലനില്‍ക്കുന്ന, 23 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന വെള്ളാണിക്കല്‍ പാറകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടിയൊന്നുമില്ല. പാറമുകളിലേക്കു വിനോദ സഞ്ചാരികളുടെ പ്രവേശന സമയം രാത്രി എട്ടുവരെയായി പരിമിതപ്പെടുത്തണമെന്നും ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കണമെന്നും നാട്ടുകാര്‍ പറയുന്നു.